വീണ്ടും ബ്രിട്ടീഷ് ആധിപത്യം

MG GS & MG 3

ബ്രിട്ടീഷ് റേസിങ് പാരമ്പര്യം ഇന്ത്യൻ നിരത്തുകളിൽ ഇരമ്പാനൊരുങ്ങുന്നു. ലോകോത്തര ബ്രിട്ടീഷ് ബ്രാൻഡായ എം ജി അടുത്ത കൊല്ലം അവസാനം ഇന്ത്യയിൽ എത്തുകയാണ്. എം ജിയുടെ ഇപ്പോഴത്തെ ഉടമകളായ െെചനീസ് കമ്പനി സായ്ക് മോട്ടോഴ്സാണ് ഇന്ത്യക്കാർക്ക് ഈ സൗഭാഗ്യം സമ്മാനമായി നൽകുന്നത്. രൂപകൽപന ബ്രിട്ടനിലും ഉത്പാദനം പൂർണമായി ഇന്ത്യയിലുമായിരിക്കും.

∙ എല്ലാം വരുന്നു: വലിയ നിരയുമായാണ് എം ജി ഇന്ത്യയിലെത്തുക. എസ് യു വി, എം പി വി, സെഡാൻ, ഹാച്ച്ബാക്ക് എന്നിവയ്ക്കു പുറമെ ഇലക്ട്രിക് കാറുകളും എം ജി കൊണ്ടു വരും. എല്ലാം കിടിലൻ രൂപകൽപനകൾ, തകർപ്പൻ.

MG GS

∙ വമ്പൻമാർ: ഷാങ്ഹായ് ഒാട്ടമൊബിൽ ഇൻഡസ്ട്രീസ് കോർപറേഷൻ എന്ന സായ്ക് ശരിക്കും വമ്പൻമാരാണ്. വർഷം 61 ലക്ഷം കാറുകൾ െെചനയിൽത്തന്നെ വിൽക്കും. ഇന്ത്യയിലെ കാറുകളുടെ മൊത്ത വിൽപന 30 ലക്ഷമേ വരൂ എന്നറിയിമ്പോഴാണ് ഈ വലുപ്പം മനസ്സിലാവുക.

∙ പുതുമുഖം: വാഹനവ്യവസായ രംഗത്തെ പുതുമുഖങ്ങളാണ് സായ്ക്. 1974 ൽ തുടക്കം. ഫോക്സ് വാഗനും ജനറൽ മോട്ടോഴ്സുമൊക്കെയായിരുന്നു ആദ്യകാല സഹകരണം. പിന്നീട് ഈ രണ്ടു കമ്പനികളുടെയും ഉടസ്ഥതയിൽ പങ്കാളികളായി. നിർണായക ഘട്ടത്തിൽ ജി എമ്മിന് സാമ്പത്തിക സഹായം നൽകി നിലനിർത്തിയത് സായ്ക് ആണ്.

MG 3

∙ പാരമ്പര്യം ചെറുതല്ല: പുതുമുഖങ്ങളാണെങ്കിലും ഏറ്റെടുക്കലുകളിലൂടെയും സാങ്കേതിക ബന്ധങ്ങളിലൂടെയും വൻ പാരമ്പര്യമാണ് സായ്ക് സ്വന്തമാക്കിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനം ബ്രിട്ടീഷ് ബ്രാൻഡായ എം ജി ഏറ്റെടുക്കലായിരുന്നു. ടാറ്റ മോട്ടോഴ്സ് ജാഗ്വാർ ലാൻഡ്റോവർ ഏറ്റെടുത്തതു പോലെ എം ജിയെ സ്വന്തനിലയിൽ വളരാൻ സമ്മതിച്ചു എന്നതാണ് സായ്ക് ചെയ്ത വലിയ കാര്യം. അതുകൊണ്ടു തന്നെ എം ജിയുടെ ബ്രിട്ടീഷ് പാരമ്പര്യം തെല്ലും ചോർന്നില്ല.

∙ വിലക്കുറവ്: രൂപകൽപനയിലും സാങ്കേതികതയിലും ആധുനികമെങ്കിലും വില എതിരാളികൾക്ക് പേടി സ്വപ്നമാകും. മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്നതാണ് വിലക്കുറവിനു പിന്നിൽ. എസ് യു വിയായ ജി എസ്, സെഡാൻ എം ജി 5, ഹാച്ച്ബാക്ക് എം ജി 3. ഇവ മൂന്നും തീർച്ചയായും പ്രതീക്ഷിക്കാം. പുറമെ ഒരു ഇലക്ട്രിക് കാർ, സായ്ക് ശ്രേണിയിലുള്ള മാക്സസ് നിരയിൽ നിന്ന് ഒരു മൾട്ടി പർപസ് വാഹനം എന്നിവയും വരും.

∙ കരുത്തൻ ജി എസ്: ആധുനികതയും ആഡംബരവും ജി എസിൽ സമന്വയിക്കുന്നു. 167 ബി എച്ച് പിയുള്ള 1.5 ടർബോ ഡീസൽ എൻജിൻ. ഒാട്ടമാറ്റിക് 7 സ്പീഡ് ഗീയർ ബോക്സ്. കൂടുതൽ ഫൺ വേണ്ടവർക്കായി 2 ലീറ്റർ 218 ബി എച്ച് പി എൻജിനുണ്ട്. പൂജ്യത്തിൽ നിന്നു നൂറിലെത്താൻ 8.2 സെക്കൻഡ്. ഇൻറലിജൻറ് ഒാൾവീൽ െെഡ്രവ്.

MG GS

∙ ഒതുങ്ങി എം ജി 5: കോംപാക്ട് സെഡാൻ വിഭാഗത്തിൽപ്പെടുത്താം. 1.5 ലീറ്റർ ടർബോ എൻജിന് 129, 106 ബി എച്ച് പി മോഡലുകളുണ്ട്. നാലു സ്പീഡ് ഒാട്ടമാറ്റിക്. 7 ഇഞ്ച് ടച്ച് സ്ക്രീനടക്കം ആധുനിക സൗകര്യങ്ങളും നല്ല ഫിനിഷും.

MG 5

∙ സൂപ്പർ മിനി എം ജി 3: കോംപാക്ട് ഹാച്ച് ബാക്ക് എം ജി 3 എതിരാളികളെ വെള്ളം കുടിപ്പിക്കും. മനോഹരമായ രൂപവും വേണ്ടത്ര സൗകര്യങ്ങളും. എം ജി പാരമ്പര്യം നിലനിർത്തുന്ന കാറിന് 5 സ്പീഡ് ഒാട്ടമാറ്റിക് ഗീയറും 106 ബി എച്ച് പി ശക്തിയുമുണ്ട്. ബ്രിട്ടനിൽ ഏറെ ജനപ്രിയമാണ് എം ജി 3. 

MG 3

∙ ഇനിയും? ധാരാളം മോഡലുകൾ വരാനുണ്ട്. ഏതൊക്കെയെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. എതിരാളികളടക്കം കാത്തിരിക്കുന്നത് ഇന്ത്യയുടെ വാഹനനിർമാണ ചരിത്രത്തിലെ നാഴികക്കല്ലായ സായ്ക് പ്രവേശനവും തുടർ ചലനങ്ങളുമാണ്.