എക്സ് എസ് വരുന്നേ, മാറിക്കോ

MG XS

എം ജി മോട്ടോഴ്സ് ഇന്ത്യക്കായി ആദ്യം അണിയിച്ചൊരുക്കുന്നത് എക്സ് എസ്. മിനി എസ് യു വി നിരയിൽ ഹ്യുണ്ടേയ് ക്രേറ്റ, മാരുതി എസ് ക്രോസ്, റെനോ ഡസ്റ്റർ തുടങ്ങിയ നിരത്തിലെ തമ്പുരാക്കന്മാർക്ക് കടുത്ത ഭീഷണിയാകും. കൊതിപ്പിക്കുന്ന രൂപം, അമ്പരപ്പിക്കുന്ന ഉൾവശം, ആവശ്യത്തിലുമധികം സൗകര്യങ്ങൾ, കുറഞ്ഞ വില. ഇത്രയുമായാൽ എക്സ് എസ് ആയി.

∙ തലതിരിഞ്ഞു: വിജയദശമി നാളിൽ ജി എം, എം ജിയായി മാറി. വലിയൊരു ഏറ്റെടുക്കൽ. ചൈനീസ് നിർമാതാക്കളായ സായ്കിന്റെ ഉപസ്ഥാപനമായ എം ജി മോട്ടോറിെൻറ ആദ്യ കാർ നിർമാണശാലയാണു ഗുജറാത്തിലെ ഹാലോളിൽ പ്രവർത്തനം തുടങ്ങിയത്. യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സിൽ നിന്ന് വാങ്ങിയ ശാല ഇനി മോറിസ് ഗാരിജിസ് അഥവാ എം ജി ആയി അറിയപ്പെടും. 

∙ വൻ നിക്ഷേപം: ഹാലോളിൽ ആദ്യ ഘട്ടത്തിൽ 2000 കോടിയുടെ നിക്ഷേപമാണ് സായ്ക് നടത്തുന്നത്. വർഷം 80,000 യൂണിറ്റ് ഉൽപാദനശേഷി. എം ജി മോട്ടോർ ഇന്ത്യയുടെ ആദ്യ മോഡൽ 2019 ൽ പുറത്തെത്തും. 170 ഏക്കറിൽ പരന്നു കിടക്കുന്ന ഹാലോൾ ശാല വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഉപയോഗപ്പെടുത്താം. അത്രയ്ക്ക് ആധുനികവും നന്നായി പരിപാലിക്കുന്നതുമാണ് ഈ ശാല.

∙ എളിയ തുടക്കം: ആദ്യ ഘട്ടത്തിൽ ഏഴുപതോളം ജീവനക്കാരെയാണ് എം ജി മോട്ടോർ ഇന്ത്യ ഹാലോളിൽ നിയോഗിച്ചിരിക്കുന്നത്. ക്രമേണ പ്രത്യക്ഷമായും പരോക്ഷമായും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. എം ജി ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ആദ്യ നിർമാണശാലയുടെ ഉദ്ഘാടനം നിർണായക നിമിഷമാണെന്ന് പ്രസിഡന്റ് രാജീവ് ഛാബയും എക്സിക്യൂട്ടിവ് ഡയറക്ടർ പി ബലേന്ദ്രനും പ്രതികരിച്ചു. 

∙ ആവേശത്തിൽ: ഒൻപതു പതിറ്റാണ്ടിലേറെ നീളുന്ന പാരമ്പര്യമുള്ള എം ജി ബ്രാൻഡിലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഇപ്പോൾത്തന്നെ ഇന്ത്യയിലുണ്ട്. അഞ്ഞൂറോളം പേർ ക്ലാസിക് എം ജി കാറുകൾ തുടച്ചുമിനുക്കി നിധിപോലെ കാത്തു സൂക്ഷിക്കുന്നു. എം ജി എന്ന ബ്രിട്ടീഷ് റേസിങ് പാരമ്പര്യം ഇന്ത്യൻ നിരത്തുകളിൽ ഇരമ്പാനൊരുങ്ങുന്നത് ഇവർക്ക് ആഘോഷമാണ്. മോറിസ് ഗാരിജിസ് എന്ന എം ജി 1924 ൽ സ്ഥാപിതമായി. 2008 ൽ ചൈനീസ് വമ്പന്മാരായ ഷാങ്ഹായ് മോട്ടോർ കോർപറേഷൻ എന്ന സായ്ക് സ്വന്തമാക്കി. 

∙ വർഷം 61 ലക്ഷം: സായ്ക് ശരിക്കും വമ്പൻമാരാണ്. വർഷം 61 ലക്ഷം കാറുകൾ െെചനയിൽത്തന്നെ വിൽക്കും. ഇന്ത്യയിലെ കാറുകളുടെ മൊത്ത വിൽപന അതിെൻറ പാതി വരില്ല. വാഹനവ്യവസായ രംഗത്തെ പുതുമുഖങ്ങളാണ് സായ്ക്. 1974 ൽ തുടക്കം. ഫോക്സ് വാഗനും ജനറൽ മോട്ടോഴ്സുമൊക്കെയായിരുന്നു ആദ്യകാല സഹകരണം. പിന്നീട് ഈ രണ്ടു കമ്പനികളുടെയും ഉടസ്ഥതയിൽ പങ്കാളികളായി. നിർണായക ഘട്ടത്തിൽ ജി എമ്മിന് സാമ്പത്തിക സഹായം നൽകി നിലനിർത്തിയത് സായ്ക് ആണ്.

∙ എക്സ്‌ എസ്: എം ജിയുടെ വലിയ എസ്‌യുവിയായ ജിഎക്സിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന മിനി എസ്‌ യു വി. ഇക്കഴിഞ്ഞ ലണ്ടൻ മോട്ടോർ ഷോയിൽ ആദ്യമായി പ്രദർശിപ്പിച്ചു. ബ്രിട്ടീഷ് വിപണിയിൽ സാങ്‌യോങ് ടിവോളി, നിസാൻ ജൂക് എന്നിവയുടെ ബദ്ധ ശത്രു. നിലവിൽ 123 ബി എച്ച് പി  1.0 ലീറ്റർ‌ ടർബോചാർജ്ഡ് പെട്രോൾ എൻജിനും 118 ബി എച്ച് പി 1.5 ലീറ്റർ പെട്രോൾ എൻജിനുമാണ്. ഇന്ത്യയിലെത്തുമ്പോൾ ‍ഡീസൽ എൻജിനുമുണ്ടാകും. 

∙ വിലക്കുറവ്: രൂപകൽപനയിലും സാങ്കേതികതയിലും ആധുനികമെങ്കിലും വില എതിരാളികൾക്ക് പേടി സ്വപ്നമാകും. മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്നതാണ് വിലക്കുറവിനു പിന്നിൽ. പിന്നാലെ സെഡാൻ എം ജി 5, ഹാച്ച്ബാക്ക് എം ജി 3 എന്നിവയും ഒരു ഇലക്ട്രിക് കാർ, സായ്ക് ശ്രേണിയിലുള്ള മാക്സസ് നിരയിൽ നിന്ന് ഒരു മൾട്ടി പർപസ് വാഹനം എന്നിവയും വരും.