വാർഷികം: ‘ഗോ’യ്ക്കും ‘ഗോ പ്ലസി’നും പ്രത്യേക പതിപ്പ്

ഇന്ത്യയിലെ അരങ്ങേറ്റത്തിന്റെ മൂന്നാം വാർഷികാഘോഷം പ്രമാണിച്ചു  ഡാറ്റ്സൻ ‘ഗോ’യുടെയും ‘ഗോ പ്ലസി’ന്റെയും പ്രത്യേക പതിപ്പുകൾ പുറത്തിറക്കി. ‘ഡാറ്റ്സൻ ഗോ’യുടെ പരിമിതകാല പതിപ്പിന് 4.19 ലക്ഷം രൂപയും ‘ഗോ പ്ലസി’ന്റെ പ്രത്യേക പതിപ്പിന് 4.90 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിൽ വില.

കാറുകളുടെ കാബിനിൽ ഉപയോക്താവിന്റെ താൽപര്യാനുസരണം ക്രമീകരിക്കാവുന്ന മൂഡ് ലൈറ്റിങ്ങിനായി മൊബൈൽ ഫോൺ വഴി നിയന്ത്രിക്കാവുന്ന ആംബിയന്റ് ലൈറ്റിങ് ആപ്ലിക്കേഷനാണു ‘ഗോ’യുടെയും ‘ഗോ പ്ലസി’ന്റെയും പ്രത്യേക പതിപ്പുകളുടെ പ്രധാന സവിശേഷത. ഈ വിഭാഗം കാറുകളിൽ ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം. സെന്റർ കൺസോളിലെ നീല ട്രിമ്മുമായി യോജിക്കുംവിധത്തിൽ പാസഞ്ചർ സീറ്റിൽ വിവിഡ് ബ്ലൂ ഇൻലേയും ഇടംപിടിക്കുന്നുണ്ട്. ആനിവേഴ്സറി ഫ്ളോർ മാറ്റ്, ആർട് ലതർ സീറ്റ്, കീരഹിത എൻട്രി സംവിധാനം, ബ്ലൂ ടൂത്ത് കണക്ടിവിറ്റി, റിയർ പാർക്കിങ് സെൻസർ, റേഡിയോ — യു എസ് ബി കണക്ഷൻ എന്നിവയും കാറിലുണ്ട്. 

‘ആനിവേഴ്സറി എഡീഷൻ’ ബാഡ്ജ്, സ്പോർടി ബ്ലാക്ക് റിയർ സ്പോയ്ലർ എന്നിവയാണ കാറുകളുടെ ബാഹ്യഭാഗത്തെ പുതുമ.  ഫോളോ മീ ഹോം ഹെഡ്ലാംപ്, സ്പീഡ് സെൻസിറ്റീവ് ഇലക്ട്രിക് പവർ സ്റ്റീയറിങ്, കരുത്തുറ്റ എയർ കണ്ടീഷനിങ്, മുന്നിൽ പവർ വിൻഡോ, യൂണിവേഴ്സൽ മൊബൈൽ ഫോൺ ഹോൾഡർ, ഓക്സിലറി ഇൻ — യു എസ് ബി ചാർജർ പോർട്ട്, സെൻട്രൽ ലോക്കിങ്, ഫുൾ വീൽ കവർ തുടങ്ങിയവയും കാറിലുണ്ട്. 

ആദായകരമായ സഞ്ചാര മാർഗങ്ങൾ തേടുന്ന കൂടുതൽ കൂടുതൽ ഉപയോക്താക്കളെ ഡാറ്റ്സൻ ആകർഷിക്കുന്നുണ്ടെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അഭിപ്രായപ്പെട്ടു. നിസ്സാന്റെ ബജറ്റ് ബാൻഡെന്ന നിലയിൽ ഡാറ്റ്സന്റെ തിരിച്ചുവരവിന്റെ മൂന്നാം വാർഷികം ആഘോഷിക്കാനാണു ‘ഗോ’യുടെയും ‘ഗോ പ്ലസി’ന്റെയും പ്രത്യേക പതിപ്പുകൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിലെ മൂന്നാം വാർഷികാഘോഷത്തിന് ഒരുങ്ങുകയാണു ഡാറ്റ്സനെന്നു ഡാറ്റ്സൻ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ് ജെറോം സൈഗോട്ട് അറിയിച്ചു.