ഒരു ലീറ്റർ എൻജിനോടെ ‘റെഡി ഗൊ’; വില 3.57 ലക്ഷം

RediGo

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ‘റെഡി ഗൊ’ ശ്രേണി വിപുലീകരിച്ചു. ശേഷിയേറിയ ഒരു ലീറ്റർ എൻജിനുള്ള ‘റെഡി ഗൊ’ ഹാച്ച്ബാക്കിന് 3.57 ലക്ഷം രൂപയാണു ഷോറൂം വില.  ഡാറ്റ്സൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര വിപണിയിൽ ചലനം സൃഷ്ടിക്കാൻ സഹായിച്ച മോഡലാണു ‘റെഡി ഗൊ’; 2016 ജൂണിൽ വിപണിയിലെത്തിയ കാറിന്റെ പ്രതിമാസ ശരാശരി വിൽപ്പന 1,600 യൂണിറ്റാണ്. ‘റെഡി ഗൊ’യിൽ ഡാറ്റ്സൻ നടപ്പാക്കുന്ന ആദ്യ പരിഷ്കാരമാണ് ഒരു ലീറ്റർ എൻജിൻ ഘടിപ്പിക്കൽ.

കാഴ്ചയിൽ കാര്യമായ മാറ്റമില്ലാതെയാണ് ‘റെഡി ഗൊ 1.0 ലീറ്ററി’ന്റെ വരവ്; ‘റെഡി ഗൊ’യിലെ ടോൾ ബോയ് രൂപവും 185 എം എം ഗ്രൗണ്ട് ക്ലിയറൻസുമൊക്കെ പുതിയ മോഡലിലും നിലനിർത്തിയിട്ടുണ്ട്. ഇന്റലിജന്റ് സ്പാർക്ക് ഓട്ടമേറ്റഡ് ടെക്നോളജി(ഐ സാറ്റ്)യുടെ പിൻബലമുള്ള ഒരു ലീറ്റർ എൻജിന് 5500 ആർ പി എമ്മിൽ 68 പി എസ് വരെ കരുത്ത് സൃഷ്ടിക്കാനാവും. ഇന്ധനക്ഷമതയേറിയ ഈ മൂന്നു സിലിണ്ടർ എൻജിനു കൂട്ടാവുന്നത് അഞ്ചു സ്പീഡ് ഗീയർബോക്സാണ്.

അതേസമയം അകത്തളത്തിൽ പ്രീമിയം പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ഡാറ്റ്സൻ നടത്തിയിട്ടുണ്ട്. ഇരുനിര സീറ്റിലും ആവശ്യത്തിന് ലെഗ്, ഷോൾഡർ, ഹെഡ് റൂം ഡാറ്റ്സൻ ഉറപ്പാക്കുന്നു. എ സി വെന്റിനും സ്റ്റീയറിങ് വീലിനും സിൽവർ ഫിനിഷ്, കറുപ്പ് അപ്ഹോൾസ്ട്രി, സുലഭമായ ബൂട്ട് സ്പേസ് തുടങ്ങിയവയും കാറിന്റെ സവിശേഷതകളാണ്. പുതിയ എൻജിന്റെ വരവോടെ റെനോ ‘ക്വിഡ്’, ഹ്യുണ്ടേയ് ‘ഇയോൺ’, മാരുതി സുസുക്കി ‘ഓൾട്ടോ’ തുടങ്ങിയവയോടാവും ‘റെഡി ഗൊ’യുടെ പോരാട്ടം.