അപ്രീലിയയുടെ ചെറു സ്കൂട്ടർ പുറത്തിറങ്ങി

Aprilia SR 150

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയയുടെ ചെറു സ്കൂട്ടർ എസ് ആർ 150 പുറത്തിറങ്ങി. 65,000 രൂപയാണ് ബൈക്കിന്റെ പൂനെ എക്സ്ഷോറൂം വില. ബൈക്കിന്റെ സവിശേഷതകളുള്ള സ്കൂട്ടർ എന്ന വിശേഷണം പേറുന്ന ‘എസ് ആർ 150’ മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയൊ ഇന്ത്യ ശാലയിൽ നിന്നാണ് പുറത്തിറങ്ങുന്നത്.

Aprilia SR 150

പ്രീമിയം സ്കൂട്ടർ വിപണിയിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കമ്പനി പിയാജിയോ ഗ്രൂപ്പിനു കീഴിലെ സൂപ്പർബൈക്ക് നിർമ്മാതാക്കളായ അപ്രീലയുടെ 150 സിസി സ്കൂട്ടറുമായി എത്തുന്നത്. പ്രാരംഭ ആനുകൂല്യമെന്ന നിലയിലാണ് 65,000 രൂപയ്ക്ക് അപ്രീലിയ എസ് ആർ 150 വിൽപ്പനയ്ക്കെത്തുന്നത്. അപ്രിലിയയുടെ സ്പോർടി സ്വഭാവവും ആകർഷക രൂപകൽപ്പനയുമൊക്കെ സമന്വയിക്കുന്ന ‘എസ് ആർ 150’ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ പുതിയ വിഭാഗത്തിനു തന്നെ തുടക്കമിടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Aprilia SR 150

മോട്ടോ ജി പി ചാംപ്യൻഷിപ്പുകളിൽ മത്സരിക്കുന്ന ഏപ്രിലിയ റേസിങ് ബൈക്കുകളിൽ കാണുന്നതു പോലുള്ള അഞ്ചു സ്പോക്ക്, 14 ഇഞ്ച് വീലുകളാണ് ‘എസ് ആർ 150’ സ്കൂട്ടറിലെ പ്രധാന സവിശേഷത. 154.4 സി സി, സിംഗിൾ സിലിണ്ടർ, നാലു സ്ട്രോക്ക് എൻജിനാവും സ്കൂട്ടറിനു കരുത്തേകുക. 11.39 ബിഎച്ച്പി കരുത്തും 11.5 എൻഎം ടോർക്കും നൽകും ഈ എൻജിൻ.

പിയാജിയൊ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പി വി പി എൽ 1999ലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. ത്രിചക്ര വാഹന ബ്രാൻഡായ ‘ആപെ’യാണു കമ്പനി ആദ്യം അവതരിപ്പിച്ചത്. തുടർന്നു 2012 ഏപ്രിലോടെ ‘വെസ്പ’ സ്കൂട്ടറും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ശാലയിലാണു പിയാജിയൊ ത്രിചക്ര, നാലു ചക്ര വാണിജ്യ വാഹനങ്ങൾക്കൊപ്പം ‘വെസ്പ’ ശ്രേണിയിലെ സ്കൂട്ടറുകളും ഉൽപ്പാദിപ്പിക്കുന്നത്. ‘അപ്രിലിയ’യ്ക്കു പുറമെ മോട്ടോ ഗുജി ബ്രാൻഡിലെ മോഡലുകളും കമ്പനി വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.