‌ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എൽസിവി

ബാറ്ററിയിൽ ഓടുന്ന ചെറു വാനായ ‘സുപ്രൊ’ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പുറത്തിറക്കി. വാനിന് 8.45 ലക്ഷം രൂപയും യാത്രാവാഹന വകഭേദത്തിന് 8.75 ലക്ഷം രൂപയുമാണ് ഡൽഹി ഷോറൂമിലെ വില. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക്കൽ വെഹിക്കിൾസ്(ഫെയിം) ഇന്ത്യ പദ്ധതി പ്രകാരവും വിവിധ സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചതുമായ ആനുകൂല്യങ്ങൾ പരിഗണിച്ച ശേഷമുള്ള വിലയാണിത്.

‘ഇ സുപ്രൊ’ കൂടിയെത്തിയതോടെ മഹീന്ദ്രയുടെ വൈദ്യുത വാഹന ശ്രേണിയിൽ മോഡലുകൾ നാലായി ഉയർന്നു. ഹാച്ച്ബാക്കായ ‘ഇ ടു ഒ’, സെഡാനായ ‘ഇ വെരിറ്റൊ’ എന്നിവയ്ക്കൊപ്പമാണ് ‘സുപ്രൊ’യുടെ പാസഞ്ചർ, കാർഗോ രൂപങ്ങളുടെ ഇ പതിപ്പ് എത്തുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ പാസഞ്ചർ ‘ഇ സുപ്രൊ’ 115 കിലോമീറ്റും കാർഗോ പതിപ്പ് 112 കിലോമീറ്ററും ഓടുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം.

ഭാവിയിലെ യാത്രാ സാധ്യതകളാണു കമ്പനി പുറത്തിറക്കുന്നതെന്ന് മഹീന്ദ്ര ഓട്ടമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് പ്രവീൺ ഷാ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ മീഡിയയുടെ വരവോടെ റീട്ടെയ്ൽ വിപണികൾ പുനഃസംഘടിക്കപ്പെട്ടിട്ടുണ്ട്. നഗരത്തിന്റെ മുക്കിലും മൂലയിലുമെത്താൻ ഇത്തരം വാഹനങ്ങൾ ഏറെ സ്വീകാര്യത നേടുമെന്നും ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിൽ ആഭ്യന്തര വിപണിയിൽ മാത്രമാണ് ‘ഇ സുപ്രൊ’ വിൽപ്പനയ്ക്കെത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. സമീപ ഭാവിയിൽ ഇത്തരം വാഹനങ്ങളുടെ കയറ്റുമതി കമ്പനി പരിഗണിക്കുന്നില്ലെന്നും ഷാ വ്യക്തമാക്കി.