റെഡിഗൊ സ്പോർട്സ് എത്തി

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യ ‘റെഡിഗൊ’യുടെ പരിമിതകാല പതിപ്പായ ‘സ്പോർട് എഡീഷൻ’ പുറത്തിറക്കി. ഈ ഉത്സവകാലത്തു മാത്രം വിൽപ്പനയ്ക്കുള്ള കാറിന് 3.49 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില. റിയോ ഒളിംപിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ച സാക്ഷി മാലിക്കാണ് ‘റെഡിഗൊ സ്പോർട്’ കാറിന്റെ ആദ്യ ഉടമ. മാലിക്കിന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര താക്കോൽ കൈമാറി.

ചുവപ്പ് അക്സന്റുള്ള പുത്തൻ ഗ്രിൽ, കറുപ്പ് വീൽ, പുതു ഡാഷ്ബോഡ്, റൂഫ് സ്പോയ്ലർ, ബോഡി ഗ്രാഫിക്സ്, പാർക്കിങ് സെൻസർ, ചുവപ്പ് തയ്യലുള്ള കറുപ്പ് അകത്തളം, റിമോട്ട് കീ രഹിത എൻട്രി, ബ്ലൂ ടൂത്ത് ഓഡിയോ സംവിധാനം എന്നിങ്ങനെ ഒൻപതു പരിഷ്കാരങ്ങളോടെയാണ് ‘റെഡിഗൊ സ്പോർട്ടി’ന്റെ വരവ്. വെള്ള, ഗ്രേ, റൂബി നിറങ്ങളിലാണു കാർ വിൽപ്പനയ്ക്കുള്ളത്.
അതേസമയം സാധാരണ പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും ‘റെഡിഗൊ സ്പോർട്ടി’ന്റെയും വരവ്.

799 സി സി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണു കാറിനു കരുത്തേകുന്നത്; പരമാവധി 53 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ‘റെഡിഗൊ’യുടെ അടിസ്ഥാന മോഡലിൽ തന്നെ രണ്ട് ഡേടൈം റണ്ണിങ് ലാംപ്, ഓക്സിലറി, യു എസ് ബി കണക്ടിവിറ്റിയോടെ ടു ഡിൻ ഓഡിയോ സംവിധാനം, ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് എന്നിവയൊക്കെ ഡാറ്റ്സൻ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ജൂണിൽ അരങ്ങേറ്റം കുറിച്ച ‘റെഡിഗൊ’ വിൽപ്പനയിലും സ്ഥിരത കൈവരിക്കുന്നുണ്ടെന്നാണു ഡാറ്റ്സന്റെ നിഗമനം. ആദ്യമാസം 2,925 യൂണിറ്റ് വിറ്റത് ജൂലൈയിൽ 3,940 യൂണിറ്റും ഓഗസ്റ്റിൽ 3,205 യൂണിറ്റുമായി.