ജാസിനും ഡീസൽ

New Honda Jazz

ഹോണ്ട ജാസ് എന്ന് ഇൻറർനെറ്റിൽ തിരഞ്ഞാൽ ആദ്യം വരുന്നത് കാറല്ല. ഒരു 50 സി സി സ്കൂട്ടറാണ്. തെല്ലൊന്നു മാറ്റിപ്പിടിച്ച് ഹോണ്ട ഫിറ്റ് എന്ന് ഗൂഗിൾ ചെയ്താൽ ജാസ് വരും. ഇവിടെയെങ്ങും ആരും കണ്ടിട്ടില്ലാത്ത ഒരു മനോഹരമായ കാർ. തെറ്റിപ്പോയോ എന്നു സംശയിച്ചു താഴേക്കു വായിച്ചു പോയാൽ മനസ്സിലാകും ഇതു തന്നെ ജാസ്. പുതിയ മോഡലാണ്. ലോകത്തു പലേടത്തും ഇറങ്ങി. ഇന്ത്യയിൽ ഇറങ്ങാൻ ഇനി ദിവസങ്ങൾ ശേഷിക്കുന്നു.

ഹോണ്ട ഇന്ത്യയിൽ ആദ്യം ഇറക്കിയ മോഡലുകളിലൊന്നാണ് ജാസ്. സിവിക്കും അക്കോർഡും പോലെ രാജ്യാന്തര നിരയിൽപ്പെട്ട വാഹനം. യൂറോപ്പും അമേരിക്കയുമടക്കം ഏതാണ്ടെല്ലാ ലോകവിപണികളിലും ഇറങ്ങുന്ന കാറായതിനാലാണ് രാജ്യാന്തര കാർ എന്ന വിശേഷണം. ഇന്ത്യയിലിറങ്ങുന്ന പല കാറുകളും രാജ്യാന്തര മോഡലുകളല്ല.

2001 മുതൽ ഇന്നു വരെ 75 രാജ്യങ്ങളിലായി 55 ലക്ഷം ജാസുകൾ വിറ്റിട്ടുണ്ട്. അധികം കാറുകൾക്ക് ഉണ്ടാക്കാനാവത്ത നേട്ടം. 2007 ൽ ഇറങ്ങിയ രണ്ടാം തലമുറ ജാസ് തൊട്ടാണ് നാം ജാസ് കണ്ടറിഞ്ഞത്. അന്നൊക്കെ സൂപ്പർ പ്രീമിയം കാറുകളിൽ മാത്രം കണ്ടിട്ടുള്ള സുഖസൗകര്യങ്ങളുണ്ടായിരുന്നിട്ടും അധികം കാറുകളൊന്നും വിറ്റില്ല. കാരണം കനത്ത വില തന്നെ. പെട്രോൾ മോഡൽ മാത്രമായി ഒതുങ്ങിയതും വിൽപനക്കുറവിനൊരു കാരണമായി. ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം കുറിക്കുമെന്ന പ്രതീക്ഷയുമായി ജാസ് വീണ്ടും. പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തിലേക്കുള്ള ഹോണ്ടയുടെ തിരിച്ചുവരവു കൂടിയാണ് ജാസ്.

ടെസ്റ്റ് റിപ്പോർട്ട്:

∙ രൂപകൽപന: ഒന്നും രണ്ടും തലമുറ ജാസുകളുടെ എല്ലാ മികവുകളും നിലനിർത്തിയാണ് മൂന്നാം തലമുറയും പിറക്കുന്നത്. പുതിയ പ്ലാറ്റ്ഫോമിൽ പുതിയ രൂപത്തിൽ അവതരിക്കുമ്പോൾ ഏറ്റവും പ്രകടം രൂപമാറ്റം. പഴയ ജാസ് ഒതുക്കമായിരുന്നെങ്കിൽ പുതിയ മോഡൽ സ്പോർട്ടിയാണ്. ഒറ്റനോട്ടത്തിൽ പഴയ ജാസുമായി തെല്ലുമില്ല സാദൃശ്യം. പുതിയ എച്ച് ഡിസൈൻ രീതിയാണ് രൂപകൽപന. പുതിയ തരം ഗ്രില്ലും ഹെഡ്ലാംപും. എല്ലാ ഹോണ്ടയിലും കാണുന്ന ക്രോമിയത്തിൻറെ അധികപ്രസരം ജാസിലില്ല. കറുപ്പാണ് മുഖ്യ തീം. മറ്റു ഹോണ്ടകളിലെ ക്രോമിയം ബാർ ഇവിടെ പിയാനോ കറുപ്പ് ഫിനിഷിലെത്തി. വശങ്ങളിലേക്ക് ചുറ്റിപ്പോകുന്ന ഹെഡ്ലാംപുകളും മനോഹരമായ അലോയ് വീലുകളും. ക്രോമിയം ഇല്ലാതായെന്നോർത്ത് ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ അത് പിന്നിൽക്കാണാം. വലിയൊരു ക്രോമിയം സ്ട്രിപ്. ത്രി ഡി ഇഫക്ട് ടെയ്ൽ ലാംപുകൾ.

വലുപ്പത്തിൽ പഴയമോഡലിനെക്കാൾ പ്രകടമായ വ്യത്യാസമില്ലെങ്കിലും ഉള്ളിലെ സ്ഥലസൗകര്യങ്ങൾ കൂടിയിട്ടുണ്ട്. യാത്രാസ്ഥലം 139 ലിറ്റർ ഉയർന്നു. പെട്രോൾ ടാങ്കിൽ വരുത്തിയ പരിഷ്കാരങ്ങൾ മൂൻ, പിൻ സീറ്റുകൾ തമ്മിലുള്ള അകലം ഉയർത്തുന്നു. സീറ്റുകളുടെ വലുപ്പവും ലെഗ്റൂമും ആനുപാതികമായി ഉയർന്നു. പിന്നിലെ ലെഗ് റൂമിന് പഴയ മോഡലിൽ നിന്ന് 115 മി മി വർധനയുണ്ടായി. ഡിക്കിയിൽ 354 ലീറ്റർ സ്ഥലമുണ്ട്. ഹാച്ച് ഡോർ താഴെ നിന്നേ ഉയരുന്നതിനാൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും എളുപ്പമായി.

കറുപ്പ് ഫിനിഷാണ് ഉള്ളിൽ അധികവും. സീറ്റുകളടക്കം കറുപ്പ്. പ്ലാസ്റ്റിക് ഫിനിഷ് മോശമില്ല. സീറ്റുകളും ഒന്നാന്തരം. പിൻസീറ്റിലെ യാത്രാസുഖം പ്രത്യേക പരാമർശമർഹിക്കുന്നു. സീറ്റുകൾ പല രീതിയിൽ ക്രമീകരിക്കാമെന്നതാണ് മറ്റൊരു മികവ്. മുൻ സീറ്റുകളുടെ ഹെഡ്റെസ്റ്റ് നീക്കിയശേഷം പിന്നോട്ട മറിച്ചിട്ടാൽ രണ്ടു പേർക്ക് കിടക്കാം. പണ്ട് വാഗൻ ആറിൽ ഇത്തരമൊരു സൗകര്യമുണ്ടായിരുന്നു. പിന്നെയൊരു വാഹനത്തിലും കണ്ടിട്ടില്ല.

നീല നിറമുള്ള ഡയലുകൾക്ക് ക്രോമിയം റിങ്ങുമുണ്ട്. ഇക്കോ അസിസ്റ്റ് സംവിധാനം ഡ്രൈവിങ് ഇക്കോണമി അനുസരിച്ച് നീലയിൽ നിന്നു പച്ചയായും തിരിച്ചും നിറംമാറും. 5 ഇഞ്ച് എൽ ഇ ഡി സ്ക്രീൻ. പുറമെ എ സിക്കും മറ്റും സിറ്റിയിൽ കാണുന്ന തരം 6.5 ഇഞ്ച് ടച് നിയന്ത്രണങ്ങൾ ഉയർന്ന മോഡലുകളിൽ മാത്രം. സ്ഥലസൗകര്യവും സ്റ്റോറേജും ധാരാളം. കപ് ഹോൾഡറുകൾ തന്നെയുണ്ട് ഒൻപതെണ്ണം.

∙ ഡ്രൈവിങ്: പെട്രോൾ, ഡീസൽ മോഡലുകൾ. പെട്രോളിന് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനു പുറമെ ഓട്ടമാറ്റിക്. ഡീസലിൽ ആറു സ്പീഡ് മാനുവൽ മാത്രം. 1.5 ലീറ്റർ ഡീസൽ എെ ഡി ടെക് എൻജിനാണ് ഡ്രൈവിങ്ങിനു കൂടുതൽ സുഖകരമായി തോന്നിയത്. ഇന്ധനക്ഷമത കൂടി കേൾക്കുമ്പോൾ സുഖം പിന്നെയും കൂടും. ലീറ്ററിന് 27.3 കി മി. സുഖകരമായ ഗിയർ ഷിഫ്റ്റും നിയന്ത്രണങ്ങളും ഈ 100 ബി എച്ച് പി എൻജിൻറെ മികവുകൾ. എ ബി എസും എയർബാഗുമുണ്ട്. 1.2 എെ വി ടെക് പെട്രോൾ എൻജിൻ നന്നായി പരിഷ്കരിക്കപ്പെട്ടു. കൂടുതൽ സ്മൂത്തായി. ഇന്ധന ക്ഷമത കൂടി. 90 ബി എച്ച് പി എൻജിൻ ഓട്ടമാറ്റിക്കിൽ 19 കിലോമീറ്ററും മാനുവലിൽ 18.7 ഉം ഇന്ധനക്ഷമത. വലിയ ആവേശമൊന്നുമില്ലാത സുഖകരമായി ഓടിച്ചു പോകാമെന്നതാണ് പെട്രോൾ മോഡലിൻറെ സവിശേഷത. വില പ്രഖ്യാപനം വരുന്നതേയുള്ളൂ.