പോക്കറ്റിലൊതുങ്ങുന്ന ആഡംബരം

Mercedes Benz A Class

മെഴ്സെഡിസിൽ നിന്നു ചെറുതായൊന്നും വരില്ല. വന്നാലും അതു തീരെ ചെറുതുമായിരിക്കില്ല. വലുപ്പത്തിലെ ചെറുപ്പം മാത്രമല്ല ചെറുത് എന്നു തെളിയിക്കുകയാണ് പുതിയ മെഴ്സെഡിസ് എ ക്ലാസ്. ഒരു ചെറിയ കാറിൽ എന്തുമാത്രം ആഡംബരം കയറ്റാം എന്നതിനു തെളിവാണ് ഈ പോക്കറ്റ് ലക്ഷുറി ഹാച്ച്ബാക്ക്. കേരളത്തിലെ തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കായി മെഴ്സെഡിസ് ഒരുക്കിയ എ 200 ഡീസൽ മോഡൽ ടെസ്റ്റ്ഡ്രൈവ് റിപ്പോർട്ടിലേക്ക്.

∙ എ ക്ലാസ് ചരിത്രം: ഏറെ വിയോജിപ്പുകൾ നേരിട്ടാണ് മെഴ്സെഡിസ് ഒരു ഹാച്ച് ബാക്ക് ഇറ ക്കിയത്. ചെറിയ കാറുകൾ ഇറക്കി മെർക്ക് തരം താഴരുത് എന്നാണ് വലിയൊരു വിഭാഗം ആരാധകരും കമ്പനിയുടെ തലപ്പത്തുള്ളവരും ആത്മാർത്ഥമായി വിശ്വസിച്ചിരുന്നത്. ചെറിയ കാറിറക്കിയാൽ മെഴ്സെഡിസ് വിട്ടു വേറെ ബ്രാൻഡിലേക്കു പോകുമെന്ന് ആരാധകരും രാജി വച്ചൊഴിയുമെന്ന് ചില ഡയറക്ടർമാരും വാശി പിടിക്കുന്നതിനിടയിലേക്ക് എ ക്ലാസ് ഓടിയെത്തി. 1997 ജനീവ ഓട്ടൊഷോയിൽ കൊച്ചു മെർക്ക് പുതിയ മാനങ്ങൾ തീർത്തു. ചെറു കാറുകൾക്ക് എത്രമാത്രം ആഡംബരമാകാം എന്നതിന് ബെൻസ് ചില നിയമങ്ങൾ കുറിക്കുകയായിരുന്നു.

Mercedes Benz A Class

∙ വളർച്ച: മുൻവീൽ ഡ്രൈവ് ലേ ഒൗട്ടിൽ മെർക്ക് നിലവാരത്തിൽ ചെറിയൊരു നാലു സിലണ്ടർ എൻജിനുമായിറങ്ങിയ എ ക്ലാസ് ധാരാളം പ്രതിസന്ധികൾ നേരിട്ടു. വാഹനത്തിനു സ്ഥിരതയില്ലെന്ന ഒരു ഓട്ടമൊബീൽ മാസികയോടു പ്രതികരിക്കാതിരുന്ന മെർക്ക് പിന്നീട് മൂവായിരത്തോളം കാറുകൾ പിൻവലിച്ച് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം കൂട്ടിച്ചേർത്തു തിരിച്ചു നൽകി. ആരാധകരുടെ എതിർപ്പ് പതിയ സ്നേഹമായി മാറി. പോക്കറ്റ് വലുപ്പത്തിലും പോക്കറ്റിനൊത്ത വിലയിലും വരുന്ന ബെൻസ് സ്വന്തമാക്കാൻ അടിപിടിയായി. എ ക്ലാസ് വലിയൊരു വിജയമായി. പിന്നീടു വന്ന പല ബെൻസുകൾക്കും എ ക്ലാസ് മാതൃകയുമായി. 2004 ൽ രണ്ടാം തലമുറയും 2012 ൽ മൂന്നാം തലമുറയും ഇറങ്ങി. മൂന്നാം തലമുറയാണ് ഇന്ത്യയിൽ.

Mercedes Benz A Class

∙ രൂപകൽപന: മുൻപിറങ്ങിയ രണ്ടു മോഡലുകളെക്കാളും വലുപ്പവും ആഡംബരവും സൗകര്യങ്ങളും ഈ തലമുറയ്ക്കുണ്ട്. നാലര മീറ്ററോളം നീളവും പല സെഡാനുകളെയും വെല്ലുന്ന വീൽബേസുമുള്ള കാറിന് വില 30 ലക്ഷത്തിനു തെല്ലു മുകളിൽ. വളരെ ചെറിയ ചില മാറ്റങ്ങൾ വന്ന പുതിയ മോഡലിന് ബമ്പറുകൾ രണ്ടും പുതിയതാണ്. കുറച്ചു കൂടി സ്പോർട്ടി രൂപമാകാനുള്ള ശ്രമം. 16 ഇഞ്ച് അലോയ് വീലുകളടക്കം പലേടത്തും കറുപ്പ് ക്രോമിയത്തിനു വഴിമാറി. പനോരമിക് സൺറൂഫ് ഇപ്പോൾ സ്റ്റാൻഡേർഡ് സൗകര്യം. പുതിയ പച്ച നിറം കാഴ്ചക്കാർ രണ്ടാമതൊന്നു കൂടി നോക്കും.

Mercedes Benz A Class

∙ ഉൾവശം: സ്പോർട്സ് കാറിനിണങ്ങുന്ന മിനിമലിസ്റ്റ് ലേ ഒൗട്ട്. കാർബൺ ഫൈബറിനോടു സമാനമായ ഡാഷ്. ആകെയുള്ളത് വൃത്താകൃതിയിലുള്ള എ സി വെൻറുകൾ മാത്രം. പിന്നെ പോപ് അപ് എൽ ഇ ഡി ഡിസ്പ്ലേയും. സീറ്റുകൾക്ക് കറുപ്പു നിറം. സ്റ്റിയറിങ്ങിൽ അലൂമിനിയം ഇൻസേർട്ടുകൾ സ്പോർട്ടി രൂപം കൂട്ടുന്നു. സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ വന്നിട്ടുള്ളത് ഇൻഫോടെയ്ൻമെൻറ് സംവിധാനത്തെ ലളിതമാക്കി.

Mercedes Benz A Class

∙ ഡ്രൈവിങ്, എൻജിൻ: 2.1 ലീറ്റർ എൻജിന് 135 പി എസ്, 300 എൻ എം ടോർക്ക്. ഏഴുസ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ്. ഗീയർ ലിവറിനായി സെൻട്രൽ കൺസോളിൽ തിരയേണ്ട. പാഡിൽ ഷിഫ്റ്റാണ്. സാധാരണ ഇന്ത്യൻ കാറുകളിൽ പൊതുവായി ഇൻഡിക്കേറ്റർ സ്വിച്ച് വരേണ്ടയിടത്താണ് ഗീയർ ലീവർ. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റെത്താൻ 8.8 സെക്കൻഡ് മതി.

Mercedes Benz A Class

ആഡംബരം തെല്ലും ചോരാത്ത ഒരു ഹാച്ച് ബാക്ക് തേടുന്നവർക്ക് ഇപ്പോൾ ഇന്ത്യയിൽ രണ്ട് സാധ്യതകളേയുള്ളൂ. മിനി അല്ലെങ്കിൽ എ ക്ലാസ്. ബി എം ഡബ്ല്യു വൺ സീരീസ് ഹാച്ച് ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്നില്ല.

Mercedes Benz A Class

മെഴ്സെഡിസ് എന്നാൽ ആരോടും ബ്രാൻഡ് മൂല്യം പറഞ്ഞു മനസ്സിലാക്കേണ്ട. ത്രീ പോയിൻറഡ് സ്റ്റാർ എന്താണെന്ന് എല്ലാവർക്കുമറിയാം. മിനി എന്താണെന്ന് അറിയുന്നവർ ചുരുക്കം. ബ്രിഡ്ജ് വേ മോട്ടോഴ്സ് എന്ന രണ്ടാമതു ഡീലർഷിപ്പ് കൂടി വന്നതോടെ ആഡംബര കാറുകളിൽ ഏറ്റവും മികച്ച സർവീസ് സൗകര്യവും മെഴ്സെഡിസിനു തന്നെ.