ജി ടി എസ് എന്നൊരു മെർക്ക് അനുഭവം...

Mercedes Benz AMG GTS

ഫോർമുല വൺ റാലികളിൽ മുകളിൽ മിന്നുന്ന വിളക്കുമായി പാഞ്ഞുപോകുന്ന സേഫ്റ്റി കാറുകൾ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലാത്തവർക്ക് ഇനി ഈ കാറുകൾ കേരളത്തി ലും കാണാം. മെഴ്സെഡിസ് എ എം ജി — ജി ടി എസ്.

അപകടകരമായ അവസ്ഥകളിൽ ഫോർമുല വൺ റാലിയുടെ സുരക്ഷയും തുടർച്ചയും ഉറപ്പാക്കുന്ന സേഫ്റ്റി കാറുകളാണ് താരം. റാലി ഡ്രൈവർമാർക്കൊപ്പം പരിചയവും മിടുക്കുമുള്ളവരാണ് ഈ കാറുകളുടെയും സാരഥികൾ. കാറുകളാകട്ടെ ഫോർമുല വൺ മോഡലുകളോടു പിടിച്ചു നിൽക്കാൻ കെൽപ്പുള്ളവ. ട്രാക്കുകളിൽ പാഞ്ഞെത്തി റാലിയുടെ ഗതി നിയന്ത്രിച്ചു പിറ്റിലേക്ക് മടങ്ങിപ്പോകുന്ന സേഫ്റ്റി കാറുകൾ കുറെക്കാലമായി മെഴ്സെഡിസിൻറെ കുത്തകയാണ്. 2015 മുതൽ ഫോർമുല വൺ റാലിയിൽ സേഫ്റ്റി കാറിൻറെ വേഷമണിയുന്നത് കൊച്ചിയിൽ കഴിഞ്ഞ ദിവസമെത്തിയ അതേ ജി ടി എസ് മോഡൽ തന്നെ.

Mercedes Benz AMG GTS

കേരളത്തിലെ പുതിയ മെഴ്സെഡിസ് ഡീലർമാരായ ബ്രിഡ്ജ് വേ മോട്ടോഴ്സാണ് കഴിഞ്ഞ വാരം കൊച്ചിയിൽ ജി ടി എസ് ഓടിച്ചറിയാനൊരു അവസരമൊരുക്കിയത്. ഏതാണ്ടെല്ലാ ജില്ലകളിൽ നിന്നുമെത്തിയ നൂറോളം കാർ പ്രേമികളും ജി ടി എസ് സ്വന്തമാക്കാനാഗ്രഹിക്കുന്നവരും ശരിയായ ജി ടി എസ് കരുത്ത് അനുഭവിച്ചു നിർവൃതിയടഞ്ഞു. മെഴ്സെഡിസ് എ എം ജി — ജി ടി എസിനെപ്പറ്റി:

∙ ശക്തിയുടെ പര്യായം: എട്ടു സിലണ്ടർ ബൈ ടർബോ വി എട്ട് പെട്രോൾ എൻജിന് ശക്തി 510 ബി എച്ച് പി. ടോർക്ക് 650 എൻ എം. പൂജ്യത്തിൽ നിന്നു നൂറിലെത്താൻ 3.8 സെക്കൻഡ്. സ്റ്റാർട്ടാക്കി നിർത്തിയാൽ ഏതോ വന്യമൃഗത്തിൻറെ ഗാംഭീര്യമുള്ള മുരൾച്ച. കാലൊന്നു കൊടുത്താൻ മുഴക്കമുള്ള അലർച്ച. ജി ടി എസ് കോക്പിറ്റിൽ കടന്ന് സ്റ്റീയറിങ്ങിനു പിന്നിലിരുന്നാൽ കാറിലല്ല, യുദ്ധ വിമാനത്തിലാണെന്നു തോന്നിയാൽ തികച്ചും സ്വാഭാവികം.

Mercedes Benz AMG GTS

∙ രൂപം: രണ്ടു ഡോർ ഗ്രാൻ ടുറിസ്മൊ മോഡൽ ആദ്യമിറങ്ങുന്നത് കഴിഞ്ഞ കൊല്ലം. മുൻഗാമിയായ എസ് എൽ എസിനോടു രൂപസാദൃശ്യമുണ്ട്. പ്രത്യേകിച്ച് നീണ്ട മൂക്കും പരന്നുള്ള കിടപ്പും മനോഹരമായ മെഴ്സെഡിസ് ലോഗോയണിഞ്ഞ മുൻഭാഗവുമൊക്കെ കാർപ്രേമികളെ ത്രസിപ്പിക്കും. വലിയ വീൽ ആർച്ചുകളടക്കം രൂപഭംഗി എസ് എൽ എസിൽ നിന്നു കാര്യമായി കടം കൊണ്ടിട്ടുണ്ടെങ്കിലും മുകളിലേക്കുയരുന്ന ഡോറുകൾ സാധാരണ ഡോറുകൾക്കു വഴിമാറി. അഞ്ചു സ്പോക്ക് അലോയ് വീലുകൾ. മൂന്നിൽ 19 ഇഞ്ച്, പിന്നിൽ 20 ഇഞ്ച്. കാരണം, പ്രത്യേക രൂപകൽപന.

Mercedes Benz AMG GTS

∙ രൂപകൽപന: ഫ്രണ്ട് മിഡ് എൻജിൻ രൂപകൽപനാ രീതിയിലാണ് നിർമാണം. എൻജിൻ ഏതാണ്ടു കാറിൻറെ മധ്യഭാഗത്തായി വരും. അലൂമിനിയം അലോയ് കൊണ്ടു നിർമിച്ച സ്പേസ് ഫ്രേം ഷാസി. ബോഡി കൂടുതലും അലൂമിനിയം അലോയ് തന്നെ. ബൂട്ട് ലിഡ് ഉരുക്കാണെങ്കിൽ ബോണറ്റ് മഗ്നീഷ്യത്തിലാണ്. പിൻ വീൽ ഡ്രൈവ് രീതി. വാഹനത്തിൻറെ ഭാരം 47:53 എന്ന നിലയിൽ പോകുന്നതിനാൽ കൂടിയാണ് പിന്നിലും മുന്നിലും രണ്ടു സൈസുള്ള അലോയ് വീലുകൾ.

Mercedes Benz AMG GTS

∙ ഡ്രൈവ്: കാലു കൊടുത്താൽ കുതിക്കും എന്നു പറഞ്ഞാൽ കുറച്ചിലാണ്. പറക്കും എന്നതാണ് കുറെയെങ്കിലും ശരി. പിന്നിൽ നിന്നു തള്ളി വിടുന്നതുപോലെയൊരു പോക്ക്. കൂട്ടിന് മുരൾച്ചയും പൊട്ടലുമൊക്കെയുള്ള ഫോർമുല വൺ ശബ്ദം. ആകെയൊരു ത്രസിപ്പ്. സിരകളിൽ അഡ്രീനാലിൻ കുതിച്ചുയരും. ജി എടി എസ് അത് റോഡിലെ കുതിപ്പാക്കി വിവർത്തനം ചെയ്യും. ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗീയർ. പാഡിൽ ഷിഫ്റ്റുമുണ്ട്. സൂപ്പർ സ്പോർട്ടിയടക്കം അഞ്ചു ഡ്രൈവ് മോഡുകൾ.

Mercedes Benz AMG GTS

∙ സൗകര്യങ്ങൾ: യുദ്ധവിമാന ശൈലിയാണ് കോക് പിറ്റിനെങ്കിലും കടന്നിരുന്നാൽ അതീവ സുഖകരമായ ലെതർ ഫിനിഷ്. ബുർമെസ്റ്റർ സറൗണ്ട് ഓഡിയോ അടക്കം ആഡംബരങ്ങൾ. രണ്ടരക്കോടി കൊടുത്താൽ അതിലുള്ള ഒരോ രൂപയ്ക്കും മൂല്യം തരുന്ന കാർ. കാണാനും ഓടിക്കാനും (അതോ അനുഭവിക്കാനോ).

Mercedes Benz AMG GTS

∙ ടെസ്റ്റ്ഡ്രൈവ്: ബ്രിഡ്ജ് വേ മോട്ടോഴ്സ്: 8139000104