Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാതലിനൊപ്പം വേണം അൽപം മധുരം

sweets

ഉച്ചയ്ക്ക് നല്ലൊരു ഊണും ഉണ്ട് വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ ഇത്തിരി മധുരം കൂടി കഴിക്കാന്‍ തോന്നാറില്ലേ ? അതെന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തിനു മധുരം വേണമെന്നു തോന്നുന്നതു കൊണ്ടാണ് ചിലപ്പോള്‍ ഇങ്ങനെയൊരു മധുരക്കൊതി ഉണ്ടകുന്നത്. 

പാര്‍ട്ടികളിലൊക്കെ ആഹാരത്തിനു ശേഷം ഐസ്ക്രീമോ ഡസര്‍ട്ടോ നല്‍കുന്നതിനു പിന്നിലും ഇതുതന്നെയാണ്. എന്നാല്‍ ഈ മധുരം ആദ്യം കഴിക്കേണ്ടത്‌ പ്രാതലിനൊപ്പമാണെന്നാണ് ആയുര്‍വേദം പറയുന്നത്. കാരണം ഒരു ദിവസത്തിന്റെ മുഴുവന്‍ ഊര്‍ജവും നമ്മിലേക്ക്‌ എത്തുന്നത് രാവിലത്തെ ആഹാരത്തിലൂടെയാണ്. 

രാവിലെ ഉണരുമ്പോള്‍ ചായയോ കാപ്പിയോ കിട്ടിയില്ലെങ്കിൽ സമാധാനം ലഭിക്കാത്തവര്‍ ആണ് അധികവും. നമ്മുടെ ശരീരം ഊര്‍ജത്തിനായി കഫീന്‍ അടങ്ങിയ ഭക്ഷണത്തിനു ശ്രമിക്കുന്നുണ്ട്. അതാണ്‌ രാവിലെ ചായയോ കാപ്പിയോ ശീലമാക്കിയാല്‍ പിന്നെയതു നിര്‍ത്താന്‍ സാധിക്കാതെ വരുന്നത്. 

രാവിലെ കഴിക്കുന്ന മധുരം ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമീകരിക്കുകയും ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുകയും ചെയ്യുന്നു എന്നാണ് ആയുര്‍വേദം പറയുന്നത്. തലച്ചോറില്‍ നിന്നാണ് ഈ നിര്‍ദേശം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ശരീരത്തിലെ ബ്ലഡ്‌ ഷുഗര്‍ നിലയും നമ്മുടെ മൂഡും തമ്മിലും ബന്ധമുണ്ട്. നാച്ചുറല്‍ ഷുഗര്‍ ആണ് ഈ അവസരത്തില്‍ കഴിക്കാന്‍ നല്ലത് എന്നും ആയുര്‍വേദം പറയുന്നു. 

പ്രാതലില്‍ ഇവ ഉള്‍പ്പെടുത്താം 

അഞ്ചു ബദാം, ഒരു വാള്‍നട്ട് എന്നിവ നിശ്ചയമായും പ്രാതല്‍ വിഭവങ്ങളില്‍ ഉണ്ടാകണം. ദിവസം മുഴുവനുള്ള ഊര്‍ജത്തിന് ഇത് നല്ലതാണ്. കൊളസ്ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും. അതുപോലെ തേങ്ങാവെള്ളം, കരിക്ക്, തേന്‍, ഓട്സ് എന്നിവയും പ്രാതലില്‍ ഉള്‍പ്പെടുത്താം. നന്നായി പ്രാതല്‍ കഴിക്കുക എന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.