ആരോഗ്യം നിലനിർത്താൻ വേണം നല്ല സൗഹൃദം

നല്ല കുടുംബബന്ധങ്ങളാണോ സൗഹൃദങ്ങളാണോ ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ രഹസ്യം?  വാഷിങ്ടണിലെ ഗവേഷകർ പറയുന്നത് നല്ല സൗഹൃങ്ങളുള്ളവർക്കാണത്രേ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യം ഉണ്ടായിരിക്കുകയെന്നാണ്. നല്ല കുടുംബബന്ധങ്ങൾ ഉണ്ടാക്കിയാൽ മാത്രം പോര, നല്ല സുഹൃത്തുക്കളെയും സമ്പാദിക്കണം. 

അമേരിക്കയിൽ മൂന്നുലക്ഷം പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് ഈ കണ്ടെത്തൽ. പ്രത്യേകിച്ചും പ്രായം കൂടുന്തോറും സൗഹൃങ്ങൾക്ക് ആരോഗ്യത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമത്രേ. ഏറ്റവും നല്ല സൗഹൃങ്ങൾ സൂക്ഷിക്കാൻ കഴിയുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മാനസികസമ്മർദം കുറവുള്ളതായി കണ്ടെത്തി. നാലോ അഞ്ചോ സുഹൃത്തുക്കളോട് ഒരുമിച്ചിരുന്നു മനസ്സുതുറന്നു സംസാരിച്ചാൽ തീരുന്നതേയുണ്ടായിരുന്നുള്ളു മിക്കവരുടെയും പ്രശ്നങ്ങൾ. 

സുഹൃത്തുക്കളെ കൂടെക്കൂടെ സന്ദർശിക്കുന്നതും മാനസിക ഉല്ലാസം നൽകുന്നു. സമീപപ്രദേശങ്ങളില്‍നിന്നു തന്നെയാണ് സുഹൃത്തുക്കളെങ്കിൽ വ്യായാമത്തിനും മറ്റും അവരെ ഒപ്പം കൂട്ടുകയുമാവാം. ഇതു വ്യായാമം ചെയ്യുന്നതിനുള്ള മടുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. സമപ്രായക്കാരായ സുഹൃത്തുക്കൾ മാത്രം പോര, പ്രായത്തിൽ ചെറുപ്പമുള്ള സുഹൃത്തുക്കളും വേണം കൂടെ. അതു നിങ്ങളുടെ മനസ്സിനെ കൂടുതൽ ചെറുപ്പമാക്കി നിലനിർത്തുന്നു. 

എതിർലിംഗത്തിൽ പെട്ട സുഹൃത്തുക്കളും അത്യാവശ്യമാണ്. എങ്കിൽ മാത്രമേ കൂടുതൽ വിശാലമനസ്സോടെ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ സാധിക്കുകയുള്ളൂ. എതിർലിംഗത്തിൽപെട്ട നല്ല സുഹൃത്തുക്കൾ ഉള്ളവർക്ക് ജീവിതപങ്കാളിയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സാധിക്കുന്നതായും പഠനത്തിൽനിന്നു വ്യക്തമായി. 

ഇനി മരുന്നിനും ഭക്ഷണത്തിനും വ്യായാമത്തിനും സമയം കണ്ടെത്തുന്ന പോലെ നല്ല സുഹൃത്തുക്കളെ സമ്പാദിക്കാനും വൈകിക്കേണ്ട. അവരായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് പോസിറ്റീവ് ഊർജം നൽകുന്നത്.

Read more: Health and Fitness