വിഷാദം നിസ്സാരമാക്കാനുള്ളതല്ല, വായിക്കണം ഈ ഡോക്ടറുടെ കുറിപ്പ്

വിഷാദരോഗ ലക്ഷണങ്ങൾ കാണിക്കുന്നവർ നമുക്കു ചുറ്റുമുണ്ട്. എന്നാൽ പലപ്പോഴും ഇത്തരക്കാരെ അവഗണിക്കുകയാണ് സമൂഹം ചെയ്യാറ്. എന്തെങ്കിലും മോശം വാർത്ത കേൾക്കുമ്പോഴാകും നമ്മൾ ചിന്തിക്കുക– ഒരു നിമിഷം അവരുടെ പ്രശ്നങ്ങൾക്ക് ഒന്നു കാതു കൊടുത്തിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നെന്ന്. വിഷാദരോഗം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുകയാണ് ഫൊറൻസിക് സർജൻ ഡോ. ജിനേഷ് പി.എസിന്റെ കുറിപ്പ് വായിക്കാം.

വർഷങ്ങൾ മുമ്പാണ് ആ പോസ്റ്റ്മോർട്ടം പരിശോധന നടന്നത്. ഒരധ്യാപകനാണ് പരിശോധന നടത്തിയത്. വളരെ ഉയർന്ന സാമ്പത്തിക നിലയുള്ള ഒരു കുടുംബത്തിലെ ഒരു മധ്യവയസ്കനാണ് മരിച്ചത്. ഏതോ സ്വാഭാവിക അസുഖം എന്ന രീതിയിലാണ് പോസ്റ്റ് മോർട്ടം പരിശോധനയ്ക്കായി എത്തിയത്.

സൂക്ഷ്മമായ പോസ്റ്റുമോർട്ടം പരിശോധനയിലൂടെ തൂങ്ങിമരണം ആകാനുള്ള സാധ്യതയിലേക്കാണ് എത്തിച്ചേർന്നത്. കഴുത്തിൽ വളരെ അവ്യക്തമായ പ്രഷർ അബ്റേഷൻ ആണുണ്ടായിരുന്നത്. സാധാരണ തൂങ്ങി മരണങ്ങളിൽ കാണുമ്പോഴുണ്ടാകുന്നതിൽനിന്നും തികച്ചും വ്യത്യസ്തം. മസ്തിഷ്കവും മറ്റ് ആന്തരാവയവങ്ങളും പരിശോധനക്കായി മാറ്റിയ ശേഷം പരിശോധിച്ചപ്പോൾ കഴുത്തിലെ പാട് കൂടുതൽ വ്യക്തമായി.

കൂടുതൽ വിശദമായ അന്വേഷണത്തിൽ മരിച്ച മുറിയിലെ കട്ടിലിനടിയിൽ നിന്നും ഒരു തുണിയുടെ ഷോൾ ലഭിക്കുകയുണ്ടായി. സംഭവിച്ചത് മറ്റൊന്നുമല്ല; ആത്മഹത്യയാണെന്ന് പുറത്തറിയുന്നത് കൊണ്ടുള്ള മാനഹാനി. കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ആൾക്ക് കുറച്ചുനാളായി വിഷാദരോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

ഇന്നും നമ്മുടെ സമൂഹം ഇത്തരം മിഥ്യാധാരണകളിൽ കുടുങ്ങിക്കിടക്കുന്നു. സ്വാഭാവിക അസുഖം മൂലമുള്ള മരണം ആത്മഹത്യയേക്കാൾ മാന്യമാണെന്ന ധാരണ, മാനസിക അസുഖം പുറത്തറിഞ്ഞാൽ ജീവിതകാലം മുഴുവൻ സമൂഹത്തിന് മുന്നിൽ മോശക്കാരനാണെന്ന ധാരണ, ഒക്കെ ഇന്നും  നിലനിൽക്കുന്നു. ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് പ്രമേഹം എങ്കിൽ തലച്ചോറിലെ വിവിധ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ വ്യതിയാനമാണ് വിഷാദം അടക്കമുള്ള മാനസിക രോഗങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ മാനസിക ആരോഗ്യ വിഭാഗത്തിൽ ഇതിന് ചികിത്സയും ഉള്ളതാണ്. എന്നാൽ ഇന്നും ലോകത്തിൽ നടക്കുന്ന ബഹുഭൂരിപക്ഷം ആത്മഹത്യകളുടെയും കാരണം വിഷാദം തന്നെയാണ്. വിഷാദരോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനെ തന്നെ ചികിത്സ തേടുക എന്നുള്ളതാണ് ഏറ്റവും അഭികാമ്യം.

പറഞ്ഞു വരുന്നത് മറ്റൊരു വിഷയമാണ്. ബ്ലൂ വെയിൽ ഗെയിമിനെ കുറിച്ചാണ്. കേരളത്തിൽ ഇതുവരെ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി തെളിവുകൾ ലഭിച്ചിട്ടില്ല. വളരെയധികം അബദ്ധധാരണകൾ ഇതിന്റെ പേരിൽ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം നമ്മൾ വിട്ടുപോകുന്നു. വിഷാദം എന്ന അവസ്ഥ തന്നെയാണത്. അങ്ങനെ ഒരു അവസ്ഥ കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക എന്നുള്ള കാര്യം, അത് ഒരിക്കലും മറക്കരുത്.

മാനസികമായി ബുദ്ധിമുട്ടുള്ളവരോട് / മാനസിക അസുഖങ്ങളോട് ഒരു സോഷ്യൽ സ്റ്റിഗ്മ നിലനിൽക്കുന്ന സ്ഥലമാണ് നമ്മുടേത്. അതൊഴിവാക്കി വിഷാദ അവസ്ഥയുള്ള എല്ലാവർക്കും ശരിയായ ചികിത്സ നൽകുന്ന ഒരു തലത്തിലേക്ക് നാം ഉയരേണ്ടതുണ്ട്. വിഷാദാവസ്ഥ ഉണ്ടാവുക എന്നുള്ളത് ആരുടെയും കുറ്റമല്ല, തെറ്റല്ല. അഭ്യസ്തവിദ്യരായ മലയാളി സമൂഹം ഇത് മനസ്സിലാക്കണം.

വിഷാദം അടക്കമുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധം സൃഷ്ടിക്കപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്