മീസിൽസ് റുബെല്ല വാക്സിൻ എടുക്കേണ്ടത് ആർക്കൊക്കെ? സംശയങ്ങൾ പരിഹരിക്കാം

മീസിൽസ്(അഞ്ചാം പനി) റുബെല്ല(ജർമൻ മീസിൽസ്) വാക്സിനേഷൻ ക്യാംപെയ്ൻ(എംആർ കുത്തിവയ്പ് യജ്ഞം) കോട്ടയം ജില്ലയിൽ മൂന്നിന് ആരംഭിക്കും.

ഒൻപതു മാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് 45 ദിവസം നീളുന്ന ക്യാംപെയ്നിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്നത്. 

അങ്കണവാടികൾ, ആരോഗ്യഉപകേന്ദ്രങ്ങൾ, സർക്കാർ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോളജ്, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ തയാറാക്കിയ പ്രത്യേക കുത്തിവയ്പു കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പിൽ വിപുലമായ തയാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് ഡിഎംഒ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.

കുത്തിവയ്പ് എടുക്കേണ്ടവർ

∙ ഒൻപതിനും 15നും ഇടയിൽ പ്രായപരിധിയിലുള്ള മുഴുവൻ കുട്ടികളും മുൻപ് കുത്തിവയ്പ് എടുത്തിട്ടുണ്ടോ എന്ന പരിഗണന കൂടാതെ പ്രതിരോധ യജ്ഞത്തിന്റെ കുത്തിവയ്പ് എടുക്കണം.

∙ മുൻപ് മീസിൽസ് റുബെല്ലാ രോഗങ്ങൾ ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന പരിഗണന ഇല്ലാതെ തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കണം.

∙ പോഷണക്കുറവുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണനയിൽ കുത്തിവയ്പ് എടുക്കേണ്ടതാണ്. അത്തരം കുട്ടികൾക്ക് അസുഖം വന്നാൽ ഭവിഷ്യത്തുകൾ കൂടുതൽ ഗുരുതരമാണ് എന്നതാണ് കാരണം.

∙ ചെറിയ പനി, വയറിളക്കം, നേരിയ ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയുണ്ടെങ്കിലും പ്രതിരോധ കുത്തിവയ്പിന് വിധേയമാകണം.

കുത്തിവയ്പ് പാടില്ലാത്തവർ

∙ കടുത്ത പനി, ഗുരുതരമായ രോഗങ്ങൾ കാരണം അഡ്മിറ്റ് ആയ കുട്ടികൾ, രോഗപ്രതിരോധശക്തി കുറഞ്ഞ കുട്ടികൾ, സ്റ്റിറോയ്ഡ് മരുന്ന് എടുക്കുന്ന കുട്ടികൾ ഇവർക്കൊക്കെ വാക്സിൻ കൊടുക്കുന്നത് ഒഴിവാക്കുക. പക്ഷേ ഈ തീരുമാനം ഡോക്ടർ കുട്ടിയെ പരിശോധിച്ചശേഷമാകും എടുക്കുന്നത്.

മരണനിരക്ക് കൂടുതൽ

∙ ഒരു വർഷം നാൽപതിനായിരത്തിലധികം കുട്ടികളാണ് അഞ്ചാം പനി വന്ന് ഇന്ത്യയിൽ മരിക്കുന്നത്. ആയിരത്തിലൊരു നവജാത ശിശു റുബെല്ലാ കാരണം മരിക്കുകയോ വൈകല്യങ്ങൾക്കടിപ്പെടുകയോ ചെയ്യുന്നു.

∙ കോട്ടയം ജില്ലയിൽ ലക്ഷ്യമിടുന്നത് 4.12 ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കൽ.

∙ ഒൻപതു മാസത്തിനും12 മാസത്തിനും ഇടയിലുള്ള മീസിൽസ് വാക്സിൻ ഒന്നാം കുത്തിവയ്പ്പിനും 16 മാസത്തിനും 24 മാസത്തിനുമിടയിലുള്ള മീസിൽസ് വാക്സിൻ രണ്ടാം കുത്തിവയ്പ്പിനും പകരമായി മീസിൽസ് റുബെല്ലാ വാക്സിൻ പ്രാബല്യത്തിൽ വരുത്തുകയാണ് ലക്ഷ്യം.