2012ൽ മാനന്തവാടിയിൽ രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്ഐവി ബാധ റിപ്പോർട്ട് ചെയ്തപ്പോഴെങ്കിലും നാം ശ്രദ്ധിച്ചിരുന്നെങ്കിൽ.... ഇപ്പോൾ ആലപ്പുഴയിലെ ആ പെൺകുട്ടിയുടെ കണ്ണീര് കാണേണ്ടിവരില്ലായിരുന്നു. രക്തദാനം മഹാദാനം– അതു പൂർണ സുരക്ഷിതമാകേണ്ടതു ജീവരക്ഷയ്ക്ക് അനിവാര്യം. ഇല്ലെങ്കിൽ ദാനം ചെയ്യുന്നത് മാരകരോഗമാകാം. പരമ്പര ഇന്നുമുതൽ  

അന്ന്, അവൾക്ക് എച്ച്ഐവി ബാധിച്ചപ്പോൾ കേരളം ഞെട്ടി; ഞെട്ടുക മാത്രമേ ചെയ്തുള്ളൂ !

മാനന്തവാടി സ്വദേശിയായ എട്ടുവയസ്സുകാരി തലസീമിയ രോഗത്തിനു ചികിൽസ തേടിയാണു മാനന്തവാടി ജില്ലാ ആശുപത്രിയിലും പിന്നീടു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിയത്. പാരമ്പര്യമായുണ്ടാകുന്ന ഈ രക്തരോഗത്തിനു കൃത്യമായ ഇടവേളകളിൽ രക്തം മാറ്റണം. 44 തവണ രക്തം കയറ്റിയ കുട്ടിയുടെ ശരീരത്തിൽ 2012 ജൂലൈയിൽ എച്ച്ഐവി ബാധ കണ്ടെത്തി.

ഡോ.കെ.പി. അരവിന്ദനെ അധ്യക്ഷനാക്കി സംസ്ഥാന സർക്കാർ അന്വേഷണ കമ്മിഷനെ നിയോഗിച്ചു; എച്ച്ഐവി പിടിപെട്ടത്, ശരീരത്തിൽ കയറ്റിയ രക്തത്തിൽനിന്നാണെന്നു കണ്ടെത്തി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ എലിസ പരിശോധന ഉപകരണം കേടായിരുന്നെന്നും അതിനു പകരമായി റാപ്പിഡ് ടെസ്റ്റ് നടത്തി രക്തം കുട്ടിക്കു നൽകിയതായും വ്യക്തമായി. യന്ത്രം തകരാറിൽ ആയിരുന്ന സമയത്തെടുത്ത രക്തമാകാം കുട്ടിയിൽ കയറ്റിയതെന്ന സംശയവും ഉണ്ട്. അല്ലെങ്കിൽ റാപ്പിഡ് ടെസ്റ്റിലെ പിഴവുമാകാം. കാരണം എന്തായാലും ആ കുഞ്ഞിനെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിട്ടു. സർക്കാർ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. തലസീമിയ ചികിൽസ തുടരുകയാണ് ഇപ്പോൾ 13 വയസ്സുള്ള കുട്ടി.

കേരളത്തിൽ ന്യൂക്ലിക് ആസിഡ് പരിശോധന (NAT) സൗകര്യം മൂന്നിടത്തു മാത്രം: ഇതു മതിയോ ?

രക്തദാനം സുരക്ഷിതമാക്കാൻ ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള പരിശോധനയായ എൻഎടി കേരളത്തിൽ എറണാകുളം ഐഎംഎ രക്തബാങ്കിലും അമൃത, ആസ്റ്റർ ആശുപത്രികളിലും മാത്രം. ഇന്ത്യയിൽ ആകെ 32 എൻഎടി പരിശോധനാ കേന്ദ്രങ്ങൾ. ഒരു സാംപിൾ പരിശോധനയ്ക്കു കേരളത്തിൽ ഈടാക്കുന്നത് 800–1000 രൂപ. മറ്റു സംസ്ഥാനങ്ങളിൽ 2500–4000 രൂപ.

എൻഎടി അത്യാവശ്യമാണോ എന്നു ചോദിക്കും മുൻപ് ഇതുകൂടി കേൾക്കൂ:

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ എറണാകുളം ശാഖയിലെ രക്തബാങ്കിൽ 2012 ലാണ്, ആധുനിക രക്തപരിശോധനാ സംവിധാനമായ എൻഎടി ഏർപ്പെടുത്തിയത്. എലിസ ടെസ്റ്റിൽ കുഴപ്പമൊന്നുമില്ലെന്നു കണ്ടെത്തിയ 60,000 രക്തസാംപിളുകളിലെ 15 എണ്ണത്തിൽ പിന്നീട് എൻഎടി ടെസ്റ്റിൽ അണുബാധ കണ്ടെത്തിയെന്നു മെഡിക്കൽ ഓഫിസർ ഡോ. ഏബ്രഹാം വർഗീസ് അറിയിച്ചു. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച 12 സാംപിളുകളും ഹെപ്പറ്റൈറ്റിസ് സി ഉള്ള രണ്ടു സാംപിളുകളും എച്ച്ഐവി ബാധിച്ച ഒരു സാംപിളുമാണു കണ്ടെത്തിയത്. അറുപതിനായിരത്തിൽ 15 എന്നതു ചെറിയ സംഖ്യയാണെങ്കിലും ഒരു ദാതാവിൽനിന്നുള്ള രക്തം മൂന്നു പേർക്കെങ്കിലും ഉപയോഗിക്കുന്നു എന്നു വരുമ്പോൾ ഈ സംഖ്യ 45 ആയി മാറും.

ടെസ്റ്റിലെ തട്ടിപ്പ്

പല ലാബുകളും എലിസ ടെസ്റ്റ് നടത്തി എന്ന് അവകാശപ്പെടുന്നതുപോലും തട്ടിപ്പാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എലിസ പരിശോധനയ്ക്കു ചുരുങ്ങിയതു 30 സാംപിളുകളെങ്കിലും വേണം. അതിനായി അഞ്ചു മണിക്കൂറെങ്കിലും ചെലവഴിക്കേണ്ടിയും വരും. പല ലാബുകളിലും പകരം ചെയ്യുന്നതു റാപ്പിഡ് ടെസ്റ്റുകളാണ്. മൂത്രം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്നതുപോലെ ചെറിയ കിറ്റുകൾ ഉപയോഗിച്ചുള്ള ഈ ടെസ്റ്റ് ആളുകളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നു രക്തബാങ്ക് വിദഗ്ധർതന്നെ പറയുന്നു.

പൊടിയന്റെ സംഘം

തിരുവനന്തപുരം രക്തബാങ്കിനു മുന്നിൽ ഇടയ്ക്കു പൊടിയൻ പ്രത്യക്ഷപ്പെടും. ഒപ്പം വലിയ സംഘവും. രക്തം ദാനം ചെയ്യാനായി ഇയാൾ സംഘടിപ്പിച്ചെടുക്കുന്നതാണ് ഈ പാവപ്പെട്ടവരെ. അതിന്റെപേരിൽ നല്ലൊരു തുകയും അടിച്ചുമാറ്റും. കള്ളി വെളിച്ചത്തായപ്പോൾ പ്രവർത്തനമേഖല കൊല്ലത്തേക്കും കോഴിക്കോട്ടേക്കും മാറ്റിയെന്നാണു വിവരം.

സംസ്ഥാനത്തെ ആശുപത്രികളിൽ ഒരുവർഷം വേണ്ടതു നാലര ലക്ഷം യൂണിറ്റ് രക്തം. ഇതിൽ സന്നദ്ധ രക്തദാതാക്കളിൽനിന്നു ലഭിക്കുന്നത് 80% മാത്രം. ശേഷിക്കുന്ന രക്തം നൽകുന്നതു രോഗിയുടെ ബന്ധുക്കളും സുഹൃത്തുക്കളും രക്തം വിൽക്കുന്നവരും.

അപകടം, അപ്രതീക്ഷിതമായി രോഗം മൂർച്ഛിക്കുക എന്നീ ഘട്ടങ്ങളിൽ അടിയന്തരമായി രക്തം വേണ്ടിവരും. ഈ സമയങ്ങളിൽ രക്തബാങ്കുകളിൽ ആവശ്യത്തിനു രക്തം ഉണ്ടാകണമെന്നില്ല. അപ്പോൾ ‘പ്രഫഷനൽ ബ്ലഡ് ഡോണേഴ്സ്’ രംഗത്തെത്തും. ഏതുതരക്കാരാണെന്നോ ജീവിതസാഹചര്യം എന്തെന്നോ അറിയാത്ത അവർക്കു പണം കൊടുത്തു രക്തം വാങ്ങേണ്ടിവരുന്നു.

തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ (ആർസിസി) കേന്ദ്രീകരിച്ചും പ്രഫഷനൽ ബ്ലഡ് ഡോണേഴ്സ് പ്രവർത്തിക്കുന്നുണ്ട്. ദൂരെനിന്നു വരുന്നവർക്കു തിരുവനന്തപുരത്തു പരിചയം ഉണ്ടാകില്ല. നാട്ടിൽനിന്നു രക്തദാതാവിനെ എത്തിക്കുന്നതും പ്രയാസമാകും. അവരെയാണ് ഈ സംഘം ഉന്നമിടുക. പണത്തിനുവേണ്ടി രക്തം വിൽക്കുന്നവരെ കരുതലോടെ വേണം സമീപിക്കാനെന്നു ഡോക്ടർമാർതന്നെ പറയുന്നു. രക്തബാങ്കുകളെ അലട്ടുന്ന മറ്റൊരു പ്രശ്നവുമുണ്ട് ഇപ്പോൾ. ചിലരെങ്കിലും രക്തം ദാനം ചെയ്യാനെന്ന മട്ടിൽ എത്തുന്നത് എച്ച്ഐവി ഉൾപ്പെടെയുള്ള അണുബാധയുണ്ടോ എന്ന് പരിശോധിച്ചറിയാനാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജിനോടു ചേർന്നുള്ള രക്തബാങ്കിലെത്തിയ പത്തൊൻപതുകാരിയോടു വിളർച്ച തോന്നുന്നതിനാൽ രക്തം സ്വീകരിക്കില്ലെന്നറിയിച്ചിട്ടും പിൻവാങ്ങിയില്ല. ബഹളമുണ്ടാക്കി രക്തമെടുപ്പിച്ചു, പരിശോധിച്ചപ്പോൾ എച്ച്ഐവി പോസിറ്റീവ്. ഇതോടെ യുവതിയും കൂടെവന്നയാളും മുങ്ങി. സ്വകാര്യ ലാബിൽ പോയി എലിസ ടെസ്റ്റ് നടത്തിയാൽ, ഫലം പരസ്യമാകാനും മറ്റുള്ളവർ അറിയാനും ഇടയുള്ളതിനാൽ സംശയം തീർക്കാനെത്തിയതായിരുന്നത്രേ.

വാക്ക് വിശ്വസിക്കുക മാത്രം വഴി

വിൻഡോ പീരിയഡിലുള്ള ഒരാളുടെ രക്തം ദാനം ചെയ്യുമ്പോൾ എച്ച്‌ഐവി രോഗം ഉണ്ടോയെന്നു കണ്ടെത്തുന്നതിനു സർക്കാർ ആശുപത്രികളിലൊന്നും മാർഗമില്ല. പലയിടത്തും വിദഗ്ധരായ കൗൺസിലർമാർ ഓരോ രക്തദാതാവിനും കൗൺസലിങ് നടത്തുകയും എച്ച്ഐവി രോഗം ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ഉറപ്പുള്ളവർക്കു മാത്രം രക്തദാന അനുമതി നൽകുകയുമാണു ചെയ്യുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്തബാങ്കിൽ കഴിഞ്ഞവർഷം ശേഖരിച്ച 35,000 രക്ത സാംപിളുകളിൽ ആറെണ്ണത്തിൽ എച്ച്ഐവി ബാധ കണ്ടെത്തി. ഇവർ രോഗം ബാധിച്ചത് അറിയാതെ വന്നു രക്തദാനം നടത്തിയവരാണ്. വിശദമായ കൗൺസലിങ് നടത്തിയെങ്കിലും ചില കാര്യങ്ങൾ മറച്ചുവച്ചു രക്തം നൽകുകയായിരുന്നു. അതിസൂക്ഷ്മ പരിശോധനയിൽ അണുബാധ കണ്ടെത്തിയതോടെ രക്തം ഉപയോഗിച്ചില്ല.

വിൻഡോ പീരിയഡ്

എച്ച്ഐവി അണുക്കൾ രക്തത്തിൽ പ്രവേശിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ശരീരം ആന്റിബോഡികൾക്കു രൂപം നൽകും. ഇതിനു ചുരുങ്ങിയതു 45 മുതൽ 90 ദിവസം വരെയെടുക്കാം. ഇത്തരം ആന്റിബോഡികളെയാണു സാധാരണ പരിശോധനയായ എലിസ ടെസ്റ്റിൽ കണ്ടെത്തുന്നത്. അതിനാൽ തന്നെ, എച്ച്ഐവി ബാധിച്ചാലും 45 മുതൽ 90 ദിവസത്തിനു ശേഷമേ ഇതിലൂടെ അണുബാധ സ്ഥിരീകരിക്കാനാകൂ. ഈ കാലഘട്ടത്തെയാണു വിൻഡോ പീരിയഡ് എന്നു പറയുന്നത്. ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ്ങിൽ (എൻഎടി) രക്തത്തിൽ പ്രവേശിച്ച വൈറസുകളെ നേരിട്ടു തിരിച്ചറിയാം. സാധാരണഗതിയിൽ ആറാമത്തെ ദിവസം മുതൽ ഇതിനു സാധിക്കും.

നാളെ: രക്തം സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്