രക്തമൂല കോശ ദാനത്തിലൂടെ ശ്രദ്ധേയരായി രണ്ടു യുവതികൾ

അശ്വിക കവിരാജൻ, ഡോ. കൺമണി കണ്ണൻ

രണ്ടു കുട്ടികൾ ഈ രാജ്യത്ത് എവിടെയോ ഇരുന്നു പുതിയൊരു ലോകം കാണുന്നുണ്ട്.  ഡോ. കണ്‍മണിയുടേയും അശ്വികയുടേയും മനസ്സാണ് ആ കുട്ടികൾക്കു പുതുജന്മം നൽകിയത്. രക്തത്തിലെ ചുവന്ന രക്താണുക്കൾ കുറയുന്നതു മൂലം വരുന്ന തലാസീമിയ മേജർ എന്ന അസുഖം ബാധിച്ച രണ്ടു കുട്ടികൾക്കു മ‍‍ജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി മൂല കോശം ദാനം ചെയ്താണു ഡോ. കൺമണി കണ്ണനും അശ്വിക കവിരാജനും നന്മയുടെ പുതു രൂപമായത്. 

ദാത്രി ബ്ലഡ്സ്റ്റെം സെൽ ഡോണർ റജിസ്ട്രി വഴിയായിരുന്നു ഇരുവരുടേയും മൂലകോശ ദാനം. കേരളത്തിൽ റജിസ്റ്റർ ചെയ്തതിൽ ആദ്യമായാണു രണ്ടു പെൺകുട്ടികൾ രക്തമൂല കോശ ദാനം നടത്തുന്നത്. 

ഹൗസ് സർജൻസിക്കു ശേഷം പിജി പ്രവേശന പരീക്ഷയ്ക്കു തയാറെടക്കുകയാണു ഡോ.കൺമണി ഇപ്പോൾ. തിരുച്ചിറപ്പള്ളിക്കടുത്ത് പച്ചപ്പെരുമാൾപട്ടി എന്ന ചെറിയ ഗ്രാമത്തിൽ നിന്നു വരുന്ന ഡോ.കൺമണി ആറു വർഷമായി കേരളത്തിലുണ്ട്. ഇപ്പോൾ തൃശൂരിലാണു താമസിക്കുന്നത്. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്ന കാലത്താണു രക്തമൂല കോശദാനത്തിനു പേരു റജിസ്റ്റർ ചെയ്യുന്നത്. ആറു വയസ്സുള്ള ഒരു പെൺകുട്ടിക്കാണു ഡോ.കൺമണി മൂലകോശം ദാനം ചെയ്തത്. 

ഗുജറാത്തിലെ ഗാന്ധിനഗറിൽ ജനിച്ചു വളർന്ന മലയാളിയായ അശ്വിക കവിരാജന്‍ കൊച്ചി ഇൻഫോപാർക്കിൽ ടിസിഎസിലെ സിസ്റ്റം എൻജിനീയറാണ്. ഇപ്പോൾ ആലുവയിൽ സ്ഥിരതാമസമാക്കിയ അശ്വിക 10 വയസ്സുള്ള പെൺകുട്ടിക്കാണു മൂല കോശം ദാനം ചെയ്തത്. കേരളത്തിൽ നിന്നു രക്തമൂല കോശം ദാനം ചെയ്ത ആദ്യത്തെ വനിത ആയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഏതോ ഒരു കുടുംബത്തിന്റെ സന്തോഷത്തിൽ എന്റെ പേരുമുണ്ടെന്നതിൽ എന്തെന്നില്ലാത്ത സന്തോഷമുണ്ടെന്നു അശ്വിക പറയുന്നു. ഡോക്ടർ എന്ന നിലയിൽ മൂല കോശ ദാനത്തിന്റെ പ്രാധാന്യം മറ്റുള്ളവരിലെത്തിക്കാൻ ശ്രമിക്കുമെന്നാണു ഡോ.കൺമണി പറയുന്നത്. 

ദാത്രി വഴി ഇതു വരെ കേരളത്തിൽ നിന്നു 39 രക്തമൂല കോശ ദാനങ്ങൾ നടന്നു കഴിഞ്ഞു. 56,383 പേരാണ് ഇപ്പോൾ കേരളത്തിൽ നിന്നു മൂലകോശ ദാനത്തിനായി പേരു റജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കേരളത്തിന്റെ ജനസംഖ്യയുടെ അനുപാതത്തിൽ ഇതു വളരെ കുറവാണെന്നും കൂടുതൽ ബോധവൽക്കരണം ഈ മേഖലയിൽ വേണമെന്നും ദാത്രി സിഇഒ രഘു രാജഗോപാൽ പറഞ്ഞു. 

Read More : Health News