Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാനം പോലെ സുരക്ഷിതം രക്തമൂലകോശദാനം

113477252

ശാരീരിക വൈകല്യങ്ങൾ ബാധിച്ച ഹതഭാഗ്യർക്കു വേണ്ടിയുള്ള ദിനമാണ് ഡിസംബർ 4. ചില വൈകല്യങ്ങളെങ്കിലും പരസഹായം കൊണ്ടോ, മറ്റുള്ളവരുടെ മഹാമനസുകൊണ്ടോ പരിഹരിക്കപ്പെടാം. അറ്റുപോയ കൈകൾ തുന്നിച്ചേർക്കുന്നതും മറ്റും ഇത്തരത്തിലുള്ളതാണ്. എന്നാൽ ഭാവിയിൽ ഏറ്റവും മഹത്തായ ദാനം രക്മൂലകോശത്തിന്റേതായിരിക്കും. രക്താർബുദം പോലെ നൂറിലധികം മാരക രക്തജന്യ രോഗങ്ങൾക്ക് ചിലപ്പോൾ നിർദേശിക്കപ്പെടുന്ന അവസാന ചികിത്സയാണു രക്തമൂലകോശം മാറ്റിവയ്ക്കൽ. അതിനായി ജനിതക സാമ്യമുള്ള (എച്ച്എൽഎ മാച്ച്) ഒരു ദാതാവ് വേണം. ഭാവിയുടെ ആരോഗ്യരംഗം കരുണയുടെ കണ്ണുകൾ കൊണ്ട് കാണുന്നത് ഈ മൂലകോശ ദാതാക്കളെയായിരിക്കും. 

രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് രക്തമൂലകോശദാനവും. രക്തദാനത്തിനു രക്ത ഗ്രൂപ്പ് സാമ്യം വേണ്ടത് പോലെ രക്തമൂലകോശദാനത്തിനു ജനിതക സാമ്യം വേണം. കുടുംബത്തിൽ നിന്നോ സഹോദരങ്ങളിൽ നിന്നോ ജനിതക സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്താനുള്ള സാധ്യത 25% മാത്രമാണ്. മിക്കവർക്കും കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു. പുറമെ നിന്ന് കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് കുടുംബക്കാരിൽ നിന്ന് ഒരു സാമ്യം കിട്ടിയില്ലെങ്കിൽ, ഒരു ജനിതക സാമ്യത്തിനായി ലോകം മുഴുവൻ അന്വേഷിക്കേണ്ടതായി വരും. ഇന്ത്യയിലുള്ള ഒരാൾക്ക് ഇവിടെ നിന്നു മാത്രമേ ജനിതക സാമ്യം കിട്ടാനിടയുള്ളൂ. ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഒരു ദാതാവിനെ കണ്ടെത്തുവാൻ രോഗിയുടെ ഡോക്ടർക്കു സഹായകരമാകുന്നത് ബ്ലഡ് സ്റ്റെം സെൽ ഡോണർ റജിസ്ട്രികൾ ആണ്. 

18 മുതൽ 50 വയസ്സ് വരെയുള്ളവർക്കു രക്തമൂലകോശദാതാവായി അതത് രാജ്യത്തെ ഡോണർ റജിസ്റ്ററിയിൽ പേര് റജിസ്റ്റർ ചെയ്യാം. രക്തമൂലകോശ ദാനപ്രക്രിയയെ പറ്റി മനസ്സിലാക്കി, പേരും മേൽവിലാസവും നൽകുക. ഒരു ചീക്ക് (കവിൾ) സ്വാബ് സാംപിൾ നൽകുക -എച്ച്എൽഎ നിർണയിക്കുന്നതിനായി , അണുനശീകരിച്ച പഞ്ഞി ഉൾകവിളിൽ ഉരസി കോശങ്ങളുടെ സാംപിൾ എടുക്കുന്നു. പരിശോധന നടത്തി വിവരങ്ങൾ റജിസ്റ്ററിയിൽ സൂക്ഷിക്കും. രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്ന രോഗിക്കു ദാതാവിന്റെ എച്ച്എൽഎ യോജിച്ചാൽ, അറിയിക്കുകയും ദാതാവാകാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ മാത്രം ദാന പ്രക്രിയയിലേക്ക് പോകുകയും ചെയ്യാം. 

ആരോഗ്യ പരിശോധന നടത്തി ദാതാവിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയത്തിനു ശേഷം തുടർച്ചയായി 5 ദിവസം ഓരോ ജിസിഎസ്എഫ് ഇഞ്ചക്ഷൻ എടുത്തു രക്തമൂലകോശങ്ങളെ രക്തത്തിലേക്ക് കൊണ്ടുവരുന്നു. അഞ്ചാം ദിവസം മൂന്നു നാലു മണിക്കൂർ പ്രക്രിയയിലൂടെ കോശങ്ങളെ രക്തത്തിലൂടെ വേർതിരിച്ചു ദാനം ചെയ്യാം. തുടർന്ന് ദാനം ചെയ്ത കോശങ്ങൾ ഡോണർ റജിസ്റ്ററി രോഗിക്ക് എത്തിച്ചു കൊടുക്കുന്നു. 

ലോകമെമ്പാടുമായി എഴുപതോളം ഡോണർ റജിസ്റ്ററികൾ ഉണ്ട്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (‍‍ഡബ്ള്യു എച്ച് ഒ) അംഗീകാരത്തോടെ  വേൾഡ് മാരോ ഡോണർ അസോസിയേഷനു കീഴിൽ ആണ് റജിസ്റ്ററികൾ പ്രവർത്തിക്കുന്നത്. ലോകത്ത് 35 ദശലക്ഷത്തിലധികം അധികം ആളുകൾ സന്നദ്ധ ദാതാക്കൾ ആയി റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്ങിലും അതിൽ ഇന്ത്യയിൽ നിന്നുള്ളവർ അധികം ഇല്ല. അതിനാൽ രാജ്യത്ത് നിന്നുള്ളവർക്കു സാമ്യം ലഭിക്കാൻ എളുപ്പമല്ല. ആളുകൾക്ക് രക്തമൂലകോശദാനത്തെപ്പറ്റിയും റജിസ്റ്ററികളുടെ പ്രവർത്തനങ്ങളെപ്പറ്റിയുമുള്ള അറിവില്ലായ്മ കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. 

മറ്റു രാജ്യങ്ങളിൽ സർക്കാർ സഹായത്തോടെ റജിസ്റ്ററികൾ പ്രവർത്തിക്കുമ്പോൾ ഇന്ത്യയിൽ ഇനിയും റജിസ്റ്ററികളുടെ നിലനിൽപ് ചോദ്യം ചെയ്യപ്പെടുകയാണ്.

ഓരോ എച് എൽ എ ടെസ്റ്റിനും പതിനായിരത്തിലധികം ചിലവ് വരുന്നുണ്ട്. ഇത് റജിസ്ട്രികൾ സ്വയം കണ്ടെത്തേണ്ടി വരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റജിസ്റ്ററികളിൽ ഒന്നാണ് ദാത്രി (www.datri.org). 2009 ൽ സ്ഥാപിതമായ ദാത്രിയിൽ ഇപ്പോൾ 3.5 ലക്ഷത്തോളം സന്നദ്ധ ദാതാക്കൾ ഉണ്ട്. നാനൂറോളം രക്തമൂലകോശ ദാനങ്ങൾ രാജ്യത്ത് നടത്തിക്കഴിഞ്ഞു. കേരളത്തിൽ 65000 ഓളം സന്നദ്ധ ദാതാക്കൾ ദാത്രിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൂടുതൽ ആളുകൾ മൂലകോശ ദാതാക്കളായി മുന്നോട്ടു വരികയും കൂടെ ഉള്ളവരെ റജിസ്റ്റർ ചെയ്യിപ്പിക്കുകയും ചെയ്താൽ അവശ്യ സമയത്തു സാമ്യം കണ്ടെത്താൻ വരുന്ന കാലതാമസം ഒഴിവാക്കാം. കോളജുകൾ, ഓഫിസുകൾ, വിവിധ ക്ലബുകൾ വഴിയെല്ലാം ഡോണർ റജിസ്ട്രേഷൻ ക്യാംപുകൾ നടത്താം. 

ഡോ.ദീപക്ക് ചാൾസ്
സീനിയർ സ്പെഷ്യലിസ്റ്റ്, 
ഹെമറ്റോ ഓങ്കോളജിസ്റ്റ്
ആസ്റ്റർ മെഡ്സിറ്റി.