ഡോക്ടർമാരേ ആത്മഹത്യ ചെയ്യല്ലേ, എങ്ങനെ ചെയ്യാതിരിക്കുമെന്ന് ഡോക്ടർമാർ

കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി  ഊഷ്മൾ കോളജ് കെട്ടിടത്തില്‍നിന്നു ചാടി മരിച്ചെന്ന വാർത്ത കേട്ടപ്പോൾ പലരും പറഞ്ഞുകാണും ഈ കൊച്ചിന് എന്തിന്റെ കേടായിരുന്നെന്ന്. പഠിക്കുന്നത് എംബിബിഎസിന്. പഠിച്ചിറങ്ങുമ്പോൾ കഴുത്തിൽ സ്റ്റെതസ്കോപ്പും തൂക്കിനടന്ന് ഡോക്ടർ പദവി അലങ്കരിക്കാമായിരുന്നു. പുറമേ നിന്നു നോക്കുന്ന പലരുടെയും വിചാരം ഇതെന്തോ ചുമ്മാതിരുന്ന് പണം വാങ്ങാൻ പറ്റുന്ന ഒരു ഉദ്യോഗം ആണെന്നാ. എന്നാൽ യഥാർഥത്തിൽ ഡോക്ടർമാരുടെ മാനസിക സമ്മർദങ്ങൾ പുറത്ത് ആരും മനസ്സിലാക്കുന്നില്ലെന്നതാണ് വാസ്തവം. എംബിബിഎസുകാർ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെയും സമ്മർദങ്ങളെയും കുറിച്ച് ഡോ. നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് വായിക്കാം.

ആത്മഹത്യ ചെയ്യുന്ന ഡോക്ടർമാരെക്കുറിച്ച് ഡോക്ടറാകുന്നതിനു മുൻപും കേട്ടിട്ടുണ്ട്. കേട്ടപ്പൊഴൊക്കെ ഇവർക്ക് എന്തിന്റെ കേടാണെന്ന് വിചാരിച്ചിട്ടുമുണ്ട്. നല്ല ഗ്ലാമറുള്ള ജോലി. ഭാവി സേഫാണ്. സമൂഹത്തിൽ ആവശ്യത്തിൽ കൂടുതൽ നിലയും വിലയും. എം.ബി.ബി.എസ് പാസാകുമ്പൊ സർട്ടിഫിക്കറ്റിന്റെ കൂടെ കിട്ടുന്ന പണം കായ്ക്കുന്ന മരത്തിന്റെ തൈ. ഇതൊക്കെയുള്ളവർ എന്തിന് ആത്മഹത്യ ചെയ്യണം?

2006 കഴിഞ്ഞ് ആത്മഹത്യയെക്കുറിച്ച് പല അവസരങ്ങളിൽ പല തവണ ചിന്തിച്ചുകഴിഞ്ഞപ്പോൾ ആ സംശയം അങ്ങ് തീർന്നുകിട്ടി. അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ എന്നല്ലേ പറയുന്നത്.മെഡിക്കൽ കോളജിൽ കയറിക്കഴിഞ്ഞാണ് സംഗതികളുടെ കിടപ്പിനെപ്പറ്റി ഒരു ഏകദേശ രൂപം കിട്ടുന്നത്.

 

പഠിക്കാൻ മിടുക്കരും ക്ലാസിൽ ഒന്നാം സ്ഥാനം അലങ്കരിച്ചവരുമൊക്കെ ആയിരുന്ന കൊച്ചു ഡോക്ടർമാരിൽ പലരും ജീവിതത്തിൽ ആദ്യമായിട്ട് തോൽക്കുന്നത് എം.ബി.ബി.എസ് ഒന്നാം വർഷത്തെ ആദ്യ പരീക്ഷയിലായിരിക്കും. തോറ്റാൽ അഡീഷണൽ ബാച്ചെന്ന പേരിൽ ആറ് മാസത്തെ വ്യത്യാസത്തിൽ മറ്റ് കൂട്ടുകാരിൽ നിന്ന് വേറിട്ട് പഠിക്കേണ്ടിവരുമെന്ന ഭീഷണി ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മുകളിൽ തൂങ്ങുന്നത് ഒട്ടുമിക്കപ്പൊഴും താങ്ങാൻ കഴിയാറില്ല.അതുപോലെ അവസാന വർഷ പരീക്ഷയും.

 

പരീക്ഷ പാസായി ഹൗസ് സർജൻസിയിലേക്ക് എത്തിക്കഴിഞ്ഞാൽ അത് വരെ പരിചിതമല്ലാത്ത മറ്റൊരു ലോകമാണത്. ഒരു മെഷീനെപ്പോലെ വിശ്രമമില്ലാതെ 24ഉം 48ഉം 60ഉം മണിക്കൂർ പണിയെടുത്താൽ മാത്രം പോര. അതിനു പ്രതിഫലമായി ഒരു നല്ല വാക്ക് പോലും കേട്ടെന്ന് വരില്ല. അത് മാത്രമല്ല മുൻഗാമികൾ ചെയ്ത തെറ്റിന് പഴിയും തെറിയും കേൾക്കേണ്ടിവരുന്നതും - മരുന്ന് മാഫിയ, കൈക്കൂലി കഥകൾ - അത് വരെ പ്രൈവറ്റ് പ്രാക്ടീസിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത ഹൗസ് സർജനായിരിക്കും.

അത് കഴിഞ്ഞ് പോസ്റ്റ് ഗ്രാജ്വേറ്റ് ആയാലോ? പഠനത്തിന്റെ കൂടെ ജോലിഭാരവും. ട്രെയിനിങ്ങ് എന്നതിനെക്കാൾ കുറഞ്ഞ ശമ്പളത്തിൽ പണി ചെയ്യാനുള്ള ആളുകളായി അവരെ കാണാത്ത ഇടങ്ങളെക്കുറിച്ച് ഒരു കണക്കെടുത്താലറിയാം ഫലം. സ്വതന്ത്രമായി കമ്യൂണിക്കേറ്റ് ചെയ്യാൻ പോലും കഴിയാത്തത്ര അന്തരമുള്ള മേലധികാരികളും സിസ്റ്റത്തിന്റെ പിഴവുകൾക്ക് ബലിയാടാകേണ്ടി വരുന്നതുമെല്ലാം പി.ജികളാണ്.

 

കൂടാതെ മിക്ക പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാരും വിവാഹം കഴിഞ്ഞവരുമാണ്. പഠനത്തിന്റെയും ജോലിയുടെയും കൂടെ കുടുംബഭാരവും കൂടിയാകുമ്പൊ പൂർണമായി. ചിലയിടങ്ങളിലെങ്കിലും മേലധികാരികളും , എന്തിന് യൂണിവേഴ്സിറ്റി വരെ ഗർഭിണികളാകുന്ന പോസ്റ്റ് ഗ്രാജ്വേറ്റുകളോട് ചെയ്യുന്ന ക്രൂരതകൾ പുറത്ത് ആരും അറിയുന്നില്ലെന്ന് മാത്രം.

 

ഇതൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയാലോ? സർക്കാർ ജോലി ഇപ്പൊഴത്തെ സാഹചര്യത്തിൽ മറക്കാം. സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് കയറിക്കഴിഞ്ഞാൽ അവിടെയും സ്ട്രെസ്സ് കൂട്ടുന്ന ഒട്ടനവധി കാരണങ്ങളുണ്ട്. മാറിയ സാഹചര്യത്തിൽ രോഗികളുടെ വിശ്വാസം നഷ്ടപ്പെട്ടതും തീ കോരിയിടുന്നത് ഡോക്ടറുടെ തലയ്ക്ക് മുകളിലാണ്. ഒപ്പം ജോലിസാദ്ധ്യതയും സുരക്ഷിതത്വവും കുറയുന്നത് കൂടിയാകുമ്പൊ പൂർത്തിയായി.

 

ജോലിസ്ഥലത്ത് എത്ര ആത്മാർഥത കാണിക്കുന്നോ അത്രത്തോളം മോശമാവും കുടുംബത്തിനോടുള്ള ബന്ധം. ഒരു ഡോക്ടറുടെ ഭാര്യയോ ഭർത്താവോ ആകുന്നത് അത്ര സുഖമോ എളുപ്പമോ ഉള്ള ജോലിയല്ല. വാക്ക് പാലിക്കാൻ കഴിയാതെ വരുന്നതും പറഞ്ഞ സമയത്ത് പറഞ്ഞ കൊച്ചുകൊച്ച് സന്തോഷങ്ങളും പ്രോമിസുകളുമൊക്കെ തെറ്റിക്കേണ്ടിവരുന്നതും ഒന്നുരണ്ട് തവണ സഹിക്കാം.സ്ഥിരമാകുമ്പൊ......അത് മാത്രമല്ല വിവിധ സ്പെഷ്യൽറ്റികൾ അനുസരിച്ച് രാത്രിയിലെ ഉറക്കവും തീരുമാനമായേക്കാം...

 

ഇത്രയൊക്കെ വായിച്ച് കഴിയുമ്പൊഴും നിങ്ങളുടെ ചിലരുടെയെങ്കിലും മനസിൽ തോന്നിയില്ലേ, പിന്നെ എന്തിനാ ഇത് എടുക്കാൻ പോയത്? ആരും നിർബന്ധിച്ചില്ലല്ലോ എന്ന്. അതാണ് അടുത്ത കാര്യം. മറ്റുള്ളവർക്ക് ഒരു ഡോക്ടറെ ഒരുപക്ഷേ ഒരിക്കലും മനസിലാകില്ല

വെറുതെ ഇരുന്ന് എഴുതി സുഖമായി കാശുണ്ടാക്കുന്ന ആൾ എന്ന ചിത്രമാണ് ഒട്ടുമിക്ക പൊതുസമൂഹത്തിലെ ആളുകളുടെയും മനസിൽ ഡോക്ടറുടെ ചിത്രം. അതിനപ്പുറത്തേക്ക് നോക്കാറില്ല. അതിിന്റെ ആവശ്യവുമില്ല. അടുത്ത ബന്ധുക്കൾ പോലും വ്യത്യസ്തരല്ല.

ഒരേ സമയത്ത് ചിന്തിക്കാൻ കഴിയുന്നതിൽ കൂടുതൽ പിരിമുറുക്കം വീട്ടിലും ആശുപത്രിയിലും താങ്ങുന്നവരായിരിക്കും ഓരോ ഡോക്ടറും. ഡോക്ടർ മനുഷ്യനാണ്. മനുഷ്യർക്ക് പിഴവുകളുണ്ടാകും. പക്ഷേ ഡോക്ടർക്ക് പിഴവുകൾ ഉണ്ടാകരുത്. ഈ ഒരു പാരഡോക്സിൽ കിടന്ന് നട്ടം തിരിയേണ്ടിവരുന്നവർ ചുരുക്കമല്ല. പിഴവ് ആരുടേതാണെങ്കിലും - മെഡിക്കൽ ടീമിലെ ആരുടേതാണെങ്കിലും - അവസാനം ഉത്തരവാദിത്വം പറയേണ്ടിവരുന്നതും ഡോക്ടർക്കായിരിക്കും..വീട്ടിലോ സമൂഹത്തിലോ ജോലിസ്ഥലത്തോ മറ്റാരോടും പറയാനാവാതെ നീറുന്ന ഒന്നിലേറെ കനലുകളില്ലാത്തവർ ചുരുക്കമായിരിക്കും. ഡോക്ടർ സമൂഹത്തിൽ അത് അല്പം കൂടുതലാണെന്ന് മാത്രം.

വിഷാദരോഗവും ആത്മഹത്യയും സമൂഹത്തിലേതിനെക്കാൾ മൂന്ന് തൊട്ട് അഞ്ച് മടങ്ങ് വരെ കൂടുതലാണ് ഡോക്ടർ സമൂഹത്തിലെന്നത് ഒരു വസ്തുതയാണ്. ഒട്ടും അമ്പരപ്പിക്കാത്ത വസ്തുത.

 

പൊതുസമൂഹത്തിനു ഡോക്ടർമാരോടുള്ള മനോഭാവം അടുത്തെങ്ങും മാറുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് വീട്ടുകാരെങ്കിലും നിങ്ങളുടെ കുടുംബത്തിലെ ഡോക്ടർമാരെ മനസിലാക്കാൻ ശ്രമിച്ചാൽ നന്ന്. നല്ല ഭാര്യമാരും ഭർത്താക്കന്മാരും ബന്ധുക്കളും ഡോക്ടറുടെ ആയുരാരോഗ്യത്തിലെ അവിഭാജ്യഘടകമാണ്.

Read More : Health News