മൂത്രത്തില്‍ അണുബാധയ്ക്ക് വീട്ടിൽ ചെയ്യാവുന്ന ചികിത്സകൾ

ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും പിടികൂടാവുന്ന രോഗമാണ് മൂത്രത്തില്‍ അണുബാധ അല്ലെങ്കില്‍ യുറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്‌. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ്‌ സ്‌ത്രീകളില്‍ മൂത്രാശയ അണുബാധയ്‌ക്കു കാരണമാകുന്നത്‌. 

മൂത്രവ്യവസ്‌ഥയുടെ ഏതെങ്കിലും ഭാഗത്ത്‌ ഉണ്ടാകുന്ന അണുബാധയാണ്‌ രോഗമായിത്തീരുന്നത്‌.

 മൂത്രം ഒഴിക്കുന്നതിനുമുമ്പോ ശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും, അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, രക്‌തത്തിന്റെ അംശം മൂത്രത്തില്‍ കാണുക എന്നിങ്ങനെ ലക്ഷണങ്ങള്‍ ഇതിനു മുന്നോടിയായി ഉണ്ടാകാം. ഇത് ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഡോക്ടറെ 

ഉടനടി സമീപിക്കണം എന്നത് നിര്‍ബന്ധമാണ്‌. എങ്കില്‍പ്പോലും വീടുകളില്‍ തന്നെ ഇതു പ്രതിരോധിക്കാന്‍ ചില പൊടിക്കൈകളുണ്ട്. അതെന്തൊക്കെയെന്നു നോക്കാം.

വെള്ളം 

ദിവസം ചുരുങ്ങിയത് എട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും ഒരാള്‍ കുടിക്കണം. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഇതിന്റെ അളവു കൂട്ടണം. ശരീരത്തില്‍ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ വെള്ളത്തിനോളം കഴിവ് മറ്റൊന്നിനുമില്ല. പഴച്ചാറുകള്‍ കുടിക്കുന്നതും നല്ലതാണ്. എന്നാല്‍ മദ്യം, കാര്‍ബോനേറ്റഡ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കാം. 

ചെറുചൂടു വെള്ളത്തിലെ കുളി 

നല്ല ഇളം ചൂടു വെള്ളത്തിലെ കുളി മുത്രാശയരോഗക്കാര്‍ക്കു നല്ലതാണ്. ചൂടെന്നു പറയുമ്പോള്‍ വെട്ടിത്തിളച്ച വെള്ളമല്ല ചെറുചൂടിലാകണം. മുത്രാശയരോഗത്തെ തുടര്‍ന്നുള്ള അടിവയര്‍ വേദനയ്ക്ക് ഇത് നല്ലതാണ്.

അടിക്കടി മൂത്രമൊഴിക്കാം

മൂത്രം ഒഴിക്കണമെന്നു തോന്നിയാല്‍ പിടിച്ചു വയ്‌ക്കാതെ ഉടന്‍ മൂത്രം ഒഴിക്കുക. ഇത് വളരെ പ്രധാനമാണ്. കൂടുതല്‍ നേരം മൂത്രം പിടിച്ചു നിര്‍ത്തുന്നത് അണുക്കളെ കൂടുതല്‍ ശക്തരാക്കുകയേയുള്ളൂ.

വെള്ളരിക്ക

ധാരാളം ജലാംശം അടങ്ങിയ സാധനമാണ് വെള്ളരിക്ക. മൂത്രത്തില്‍ അണുബാധയുള്ളവര്‍ക്ക് പറ്റിയ പഴവർഗമാണിത്. വെള്ളം കുടിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളരിക്ക കഴിക്കുന്നത്‌ നല്ലതാണ്. വെള്ളരിക്ക മാത്രമാക്കേണ്ട എല്ലാ പഴവര്‍ഗങ്ങളും കഴിച്ചോളൂ.

ക്രാന്‍ബെറി ജ്യൂസ്‌

മൂത്രാശയരോഗത്തെ അകറ്റാന്‍ പ്രകൃതിയില്‍ നിന്നുള്ളൊരു ഔഷധമാണ് ക്രാന്‍ബെറി. മിക്കവരും അണുബാധ ഉണ്ടായ ശേഷമാണ് ഇതിനെ ആശ്രയിക്കുന്നത്. എന്നാല്‍ ക്രാന്‍ബെറി ജ്യൂസ്‌ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മൂത്രാശയരോഗം ഏഴയലത്തുപോലും വരില്ല. ഇതൊരു മികച്ച ആന്റി ഒക്സിടന്റ്റ്‌ കൂടിയാണ്. 

Read More : ആരോഗ്യവാർത്തകൾ