മൂത്രാശയത്തിലെ കല്ല് ഗുരുതരമാകുന്നത് എങ്ങനെ?

kidney-stones
SHARE

എല്ലാവരെയും ബാധിക്കുന്നതും ചിലരെ ഗുരുതരാവസ്ഥയിലെത്തിക്കുന്നതുമായ രോഗമാണ് മൂത്രാശയത്തിലെ കല്ല്. എല്ലാ വ്യക്തികളിലും 3% മൂത്രാശയ കല്ല്‌ ഉണ്ട്. അമേരിക്കയിൽ വെളുത്ത ചർമമുള്ള പുരുഷന്മാരിൽ ഇത് ഏറ്റവും കൂടുതൽ കണ്ടു വരുന്നു. ഇന്ത്യയിൽ കുറച്ചു വർഷങ്ങളായി അത്ഭുതകരമായ വിധത്തിൽ വർധിച്ചു വരുന്ന രോഗമാണ് മൂത്രാശയത്തിലെ കല്ല്. പുതിയ കല്ലുകൾ രൂപപ്പെടാതെ ചികിത്സിച്ചില്ലെങ്കിൽ വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നതാണ് ചെറിയ കല്ലുകൾ. 

വൃക്കയിലെ കല്ല്‌ ഉണ്ടാകുന്നത് 
മൂത്രത്തിൽ കാത്സ്യം, ഓക്സലേറ്റ്, ഫോസ്ഫറസ്, യൂറിക് ആസിഡ് എന്നിവപോലുള്ള ഘടകങ്ങൾ അധികതോതിൽ വന്നുകൂടുമ്പോഴാണ് വൃക്കയിൽ കല്ലുകളുണ്ടാവുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ആവശ്യമായവ ഉപയോഗിച്ച ശേഷം അവശേഷിക്കുന്ന മലിന ഉൽപ്പന്നങ്ങൾ  രക്തത്തിലൂടെ വൃക്കയിലെത്തിപ്പെടുകയും മൂത്രമായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ചെറിയ ചതുരാകൃതിയിലുള്ള കട്ടകളായി നിക്ഷേപിക്കപ്പെട്ടേക്കും. ജലപാനം കുറയുന്നതിലൂടെ ഇത് കഴുകിക്കളയപ്പെടാതെ വരും. ജീനുകൾ, പരിസ്ഥിതി, ശരീരഭാരം, ദ്രവരൂപത്തിലുള്ള സാധനങ്ങൾ കഴിക്കുന്നതിന്റെ കുറവ് എന്നിവയും കല്ലുകൾ രൂപപ്പെടുന്നതിന് കാരണങ്ങളാണ്. 

വിവിധ തരത്തിലുള്ള വൃക്ക കല്ലുകൾ
പ്രധാനമായും നാലുതരത്തിലുള്ള കല്ലുകൾ വൃക്കയിൽ രൂപപ്പെടുന്നു. അതിൽ കാത്സ്യം കല്ലുകളാണ് സാധാരണയായി കാണുന്നത്.  സ്ട്രൂവൈറ്റ് കല്ലുകൾ വൃക്കകൾക്കുണ്ടാകുന്ന ചെറിയ കേടുപാടുകൾ മൂലം ഉണ്ടാകുന്നതാണ്.  സിസ്റ്റീൻ കല്ലുകൾ ജനിതക വൈകല്യങ്ങളിലൂടെ ഉണ്ടാകുന്നു.  സാന്തീൻ പോലുള്ള വളരെ കുറഞ്ഞ അളവിൽ കാണുന്ന കല്ലുകളും മരുന്നു സംബന്ധമായി ഉണ്ടാകുന്ന മറ്റു കല്ലുകളുമുണ്ട്.

ലക്ഷണങ്ങൾ
മൂത്രനാളിയുടെ വശങ്ങളിൽ നിന്ന് തുടങ്ങി നാഭിയിലേക്കും വൃഷണ സഞ്ചിയിലേക്കും പടരുന്ന വേദന, നാഭിയുടെ അടിഭാഗത്തുണ്ടാകുന്ന വേദന, മൂത്രമൊഴിക്കുന്നതിനുള്ള തിടുക്കം, വേഗത, പുകച്ചിൽ,  മൂത്രത്തിലൂടെ രക്തം പുറത്തുവരിക, വയറിന് അസുഖം, ഛർദ്ദി. 

ചികിൽസ
മൂത്രനാളിക്ക് 5-6 മില്ലിമീറ്റർ വ്യാസം മാത്രമാണുള്ളത്. 6 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള കല്ലുകൾ മരുന്നുകൾകൊണ്ട് പുറത്തുകളയുവാൻ ശ്രമിക്കാം. മരുന്നുകൾ മൂത്രനാളിയെ വികസിപ്പിച്ച് കല്ലുകൾ പുറന്തള്ളുന്നതിന് സഹായിക്കുന്നു. പൊട്ടാസ്യം മഗ്നീഷ്യം സിട്രേറ്റ്, സോഡാ ബൈകാർബണേറ്റ് എന്നിവ പ്രയോജനം ചെയ്യും. 

ശസ്ത്രക്രിയ 
മുൻഭാഗത്തെ പ്രകൃതിദത്തമായ ദ്വാരത്തിലൂടെ മൂത്രനാളിയിലേയ്ക്ക് കടത്തിയശേഷം ലേസർ ഉപയോഗിച്ച് കല്ലുകൾ പൊട്ടിച്ച് പൊടി രൂപത്തിലാക്കുന്നു. എന്നിട്ട് അത് പൂർണമായും നീക്കം ചെയ്യും.  3 ആഴ്ചത്തേക്ക് ഒരു സ്റ്റെൻറ്(ട്യൂബ്) ഘടിപ്പിക്കുന്നു. ഇത് അനസ്തേഷ്യ കൊടുത്തശേഷം ചെയ്യുന്ന ഒരു ദിവസത്തെ ഒരു പ്രക്രിയയാണ്‌. 2 സെന്റീമീറ്ററിൽ കൂടുതൽ വലിപ്പമുള്ള കല്ലുകൾ ലാപ്രോസ്കൊപിക് (താക്കോൽ ദ്വാരം) രീതി ഉപയോഗിച്ചാണ്‌ നീക്കം ചെയ്യുന്നത്.  6 എംഎം വലുപ്പമുള്ള ചെറിയ കല്ലുകൾ മുതൽ 1.5 സെന്റീമീറ്റർ വരെയുള്ളവ ലിതോട്രിപ്സി എന്ന സംവിധാനം ഉപയോഗിച്ച് പൊട്ടിച്ചു കളയാൻ സാധിക്കും.

∙ RIRS – വൃക്കയിലെ കല്ലുകൾ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും നവീന രീതി. യഥേഷ്ടം ചുരുങ്ങുകയും വലുതാവുകയും ചെയ്യുന്ന ഒരു നിരീക്ഷണ സംവിധാനം മുൻഭാഗത്തെ സ്വാഭാവിക ദ്വാരത്തിലൂടെ വൃക്കയിൽ സ്ഥാപിച്ചശേഷം ലേസറിന്റെ സഹായത്തോടെ 3 സെന്റീമീറ്റർ വരെ വലിപ്പമുള്ള  ഏതു കല്ലുകളും നീക്കാം. 

∙ PCNL: ഇത് വലിയ കല്ലുകൾ നീക്കം ചെയ്യുന്നതിനാണ്. ഈ രീതിയനുസരിച്ച് നാഭിയുടെ വശത്തായി ഒരു സെന്റീമീറ്റർ വലിപ്പമുള്ള ദ്വാരമുണ്ടാക്കി എക്സ്റെയുടെ സഹായത്തോടുകൂടി ഉപകരണങ്ങൾ വൃക്കയിലെ കല്ലുകളുടെ അടുത്ത് സ്ഥാപിച്ച് നീക്കം ചെയ്യുന്നു. 

∙ 3D ലാപ്രോസ്കോപി(താക്കോൽ ദ്വാരം):  വലിയ കല്ലുകൾ നീക്കം ചെയ്യുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയ.

വൃക്കയിലെ കല്ലുകൾക്ക് ചികിത്സ നടത്തിയ രോഗികൾക്ക്  വീണ്ടും ഇതു വരുന്നതിന്‌ 50% സാധ്യതയുണ്ട്. കൃത്യമായ മരുന്നുകളും ചിട്ടയായ ഭക്ഷണവും കൊണ്ടു മാത്രമേ ഈ പ്രശ്നത്തെ ഒഴിവാക്കി നിർത്താൻ സാധിക്കൂ. 

ഡോ.ഡാട്സൻ പി.ജോർജ്, കൺസൽറ്റന്റ് യൂറോളജിസ്റ്റ്,
വിപിഎസ്.ലേക്‌ഷോർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA