ശരീരത്തിനു പുറത്ത് ഹൃദയവുമായി ഒരു അദ്ഭുതശിശു

‘റെക്ക് ഇറ്റ് റാൽഫ്’ എന്ന ഡിസ്നി ചിത്രത്തിലെ ഒരു കഥാപാത്രമാണ് വാനലോപ്പ്. ചിത്രത്തിൽ ഒരു യഥാർത്ഥ പോരാളിയായ വാനലോപ്പ് ഒടുവിൽ രാജകുമാരിയായി മാറുകയാണ്. ഡീൻ വിൻകിൻസും നവോമി ഫിൻഡ്‌ലേയും തങ്ങളുടെ അദ്ഭുത ശിശുവിന് ഇടാൻ തിരഞ്ഞെടുത്ത പേരും വാനലോപ്പ് എന്നുതന്നെ.

ശരീരത്തിനു പുറത്ത് ഹൃദയം ഉണ്ടാകുന്ന എക്റ്റോപിയ കോർഡിസ് എന്ന അപൂർവ അവസ്ഥയാണ് കുഞ്ഞിന് ഉണ്ടായത്. ലക്ഷത്തിൽ ഒരാൾക്കു മാത്രം ഉണ്ടാകുന്ന അപൂർവത. ഈ അവസ്ഥയുണ്ടായാൽ കുട്ടി ഗർഭത്തിൽ തന്നെ മരിക്കുകയാണ് പതിവ്. പത്തുശതമാനം മാത്രമാണ് രക്ഷപെടാനുള്ള സാധ്യത. യു.കെയിലാകട്ടെ ഒരു കുട്ടി പോലും രക്ഷപെട്ട ചരിത്രവുമില്ല.

വാൻലോപ് ഇവിടെയാണ് വ്യത്യസ്തയാകുന്നത്. ലെയ്സെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിൽ ശാസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരുകയാണ് ഇപ്പോൾ കുഞ്ഞുവാനലോപ്പ്.

ഗർഭത്തിന്റെ ഒന്‍പതാം ആഴ്ച ഒരു മുന്തിരിയുടെ വലുപ്പം മാത്രമുള്ളപ്പോഴാണ് വാനലോപ്പിന് ഹൃദയം ശരീരത്തിനു പുറത്താണെന്ന് സ്കാനിങ്ങിലൂടെ അറിയുന്നത്. ഗർഭഛിദ്രത്തിന് ഡോക്ടർമാര്‍ നിർബന്ധിച്ചെങ്കിലും നവോമിയും ഭർത്താവും അതിനു തയാറായില്ലായിരുന്നു.

രക്തപരിശോധനയിൽ കുഞ്ഞിന് ക്രോമസോം തകരാറുകൾ ഒന്നുമില്ലെന്നു കണ്ടു. അതുകൊണ്ട് ഗർഭം തുടരാൻ അവർ തീരുമാനിക്കുകയായിരുന്നു. കുഞ്ഞ് രക്ഷപ്പെടാൻ സാധ്യത ഒട്ടുമില്ലെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും പ്രതീക്ഷ കൈവിട്ടില്ല.

ക്രിസ്മസിനു തലേന്നായിരുന്നു പ്രസവ തീയതി. ഹൃദയത്തിന് അണുബാധയോ മറ്റ് തകരാറുകളോ വരാതിരിക്കാൻ നവംബർ 22 ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് ജനിച്ച് അൻപതു മിനിറ്റിനുള്ളിൽ ഹൃദയം ശരീരത്തിനുള്ളിൽ വയ്ക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.

സ്ത്രീരോഗ വിദഗ്ധർ, ഹൃദയശസ്ത്രക്രിയാ വിദഗ്ധർ, അനസ്തിറ്റുകൾ, നവജാത ശിശുരോഗ വിദഗ്ധർ തുടങ്ങി 50 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്.

മൂന്നു ശസ്ത്രക്രിയ നടത്തി. മൂന്നാമത്തേതിൽ വാനലോപ്പിന്റെ തന്നെ ചർമം അവളുടെ നെഞ്ചിലെ ദ്വാരമടയ്ക്കാൻ ഉപയോഗിച്ചു.

ഭാവിയിൽ വാനലോപ്പിന്റെ ഹൃദയത്തിനു സംരക്ഷണം നൽകാൻ ത്രീഡി പ്രിന്റിങ്ങോ ഓർഗാനിക് ആയതോ ആയ എല്ലുകളുടെ ആവരണം വയ്ക്കണം, ഡോക്ടർമാർ പറയുന്നു. അണുബാധയേൽക്കാതെ വാനലോപ്പിനെ ഇനിയും ഏറെനാൾ സംരക്ഷിക്കേണ്ടതുണ്ട്.

എങ്കിലും പോരാളിയായ വാനലോപ്പ് ഹോപ്പ് വിൽകിൻസ് എന്ന കുഞ്ഞു രാജകുമാരിയെ ലഭിച്ച സന്തോഷത്തിലാണ് നവോമിയും ഡീനും.

Read More : Health News