കൗമാരക്കാരിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണേ; വിഷാദരോഗം ഏറുന്നതായി പഠനം

വളരെ ഉത്സാഹത്തോടെ കളിച്ചും ചിരിച്ചും നടന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. എന്നാല്‍ കുറച്ചു നാളായി ആ പതിനാലുകാരിക്ക് ആകെയൊരു മാറ്റം. പഴയ ഉത്സാഹവും ബഹളവും ഒന്നുമില്ല. പഠനത്തിലും പിന്നോക്കമായി. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വീട്ടുകാര്‍ പലതരത്തില്‍ ചോദിച്ചു നോക്കിയിട്ടും കാര്യമായൊന്നും കിട്ടിയില്ല. അങ്ങനെയാണ് അവളെ ഒരു മനോരോഗവിദഗ്ധന്റെ അടുത്ത് എത്തിക്കുന്നത്. അദ്ദേഹത്തിന്റെ പരിശോധനയിലാണ് കുട്ടിക്ക് വിഷാദരോഗമാണെന്ന് കണ്ടെത്തിയത്. 

വീട്ടിലും ക്ലാസ്സിലും തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്ന ചിന്തയില്‍ നിന്നായിരുന്നു കുട്ടിക്ക് ഈ അവസ്ഥ ആരംഭിച്ചത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കൗമാരക്കാര്‍ക്കിടയില്‍ വിഷാദരോഗം പിടിമുറുക്കുകയാണ് എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ ഗൈഡ് ലൈന്‍ പ്രകാരം 12 വയസ്സിനു മുകളില്‍ പ്രായമായ എല്ലാ കുട്ടികളിലും വിഷാദരോഗം ഉണ്ടോയെന്നു ഡോക്ടര്‍മ്മാര്‍ ശ്രദ്ധിക്കേണ്ടതാണെന്ന് വ്യകതമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വര്‍ഷാവര്‍ഷം കുട്ടികളെ ആനുവല്‍ സ്ക്രീനിങിന് വിധേയമാക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പലപ്പോഴും കൗമാരക്കാരെ ബാധിക്കുന്ന വിഷാദം കണ്ടെത്താന്‍ വൈകാറുണ്ട്. കുട്ടി പെട്ടെന്ന് ഉള്‍വലിഞ്ഞ പ്രകൃതമായാല്‍ പോലും പലപ്പോഴും ഇത് മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ പോകുന്നുണ്ട്. എന്നാല്‍ ചിലര്‍ ഈ ലക്ഷണങ്ങള്‍ ഒന്നും പുറത്തുകാണിക്കാറില്ല. മുതിര്‍ന്നവരെ പോലെ കുട്ടികളിലെ വിഷാദം കണ്ടെത്താന്‍ പെട്ടന്ന് സാധിക്കാറുമില്ല. ഇത് ചികിത്സിക്കാതെ വിടുമ്പോഴാണ് കുട്ടികളില്‍ അക്രമവാസന, ആത്മഹത്യാപ്രവണത എന്നിവ ഉണ്ടാകുന്നത്.

കുട്ടികളില്‍ നടത്തുന്ന ഈ സ്ക്രീനിങ് ടെസ്റ്റില്‍ മാതാപിതാക്കള്‍ക്കും കുട്ടിക്കും ഡോക്ടർമാര്‍ ചില ചോദ്യങ്ങൾ നല്‍കാറുണ്ട്. വളരെ സ്വകാര്യമായാണ് ഇത് അവര്‍ പൂരിപ്പിച്ചു നല്‍കേണ്ടത്. ഇതില്‍ നിന്നും ഡോക്ടർമാര്‍ ഒരു നിഗമനത്തില്‍ എത്തുന്നു. 

കുട്ടികളിലെ മാനസിക  പ്രശ്നങ്ങള്‍ പലപ്പോഴും ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ സാധിക്കാതെ വരാറുണ്ട്. ഇതിനായി ശരിയായ സ്ക്രീനിങ് തന്നെ ആവശ്യമായി വരാറുണ്ട്. അതുകൊണ്ടാണ് ഇത്തരം ഒരു പുതിയ നടപടി അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിഷ്കര്‍ഷിക്കുന്നത്. 

അമേരിക്കയില്‍  12 - 17 വയസ്സിനുള്ളില്‍ പ്രായമുള്ള കൗമാരക്കാരില്‍ 3.1 മില്യന്‍ കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലെ മാനസികപ്രശ്നങ്ങള്‍ ഉള്ളതായാണ് കണ്ടെത്തല്‍. ഇതിന്റെ കാരണം പലപ്പോഴും വ്യത്യസ്തമായിരിക്കും. സോഷ്യല്‍ മീഡിയയ്ക്കും ഇതിലൊരു പങ്കുള്ളതായി ഡോക്ടർമാര്‍ പറയുന്നു. 

കുട്ടികളില്‍ ഏതെങ്കിലും തരത്തിലെ മൂഡ്‌ മാറ്റങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ മാതാപിതാക്കള്‍ അവരെ ഒരു വിദഗ്ധഡോക്ടറുടെ അരികില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുക കൂടിയാണ് ഈ പുതിയ നടപടി വഴി അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുന്നോട്ടു വയ്ക്കുന്നത്. 

കൗമാരകാലത്തെ ഹോര്‍മോണ്‍ വ്യതിയാനം കാരണം കുട്ടികളില്‍ ഈ സമയത്ത് മൂഡ്‌ മാറ്റങ്ങള്‍ സാധാരണമാണ്. ഇത് മാനസികനിലയെ ബാധിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. കുട്ടികളില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ചുവടെ.

∙ മുന്‍പ് വളരെയധികം സന്തോഷം നല്‍കിയിരുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വരിക 

∙ അമിതമായി ആഹാരം കഴിക്കുക 

∙ അമിതമായി വണ്ണം കുറയുക 

∙ ഉറങ്ങാനോ ഉറങ്ങി കഴിഞ്ഞാല്‍ എഴുന്നേല്‍ക്കാനോ വല്ലാതെ ബുദ്ധിമുട്ട് കാണിക്കുക 

∙ ഓര്‍മക്കുറവ്

∙ എപ്പോഴും വിഷാദം, കുറ്റബോധം, ആത്മഹത്യാപ്രവണത അല്ലെങ്കില്‍ ശ്രമം

Read More : Health Magazine