ചെറുപ്പത്തിലേ ബധിരരാകണോ?

ജീവിതശൈലീരോഗങ്ങൾ കേരളത്തിൽ വർധിക്കുന്നുവെന്നു വേവലാതിപ്പെടുന്നവർ അവയുടെ പ്രധാന കാരണങ്ങളിലൊന്ന് അമിതശബ്ദമാണെന്നു തിരിച്ചറിയുന്നില്ല. 

കാതിൽ എത്തുന്ന എല്ലാ ശബ്ദവീചികളും വൈദ്യുതതരംഗങ്ങളായി തലച്ചോറിലെ ഓഡിറ്ററി കോർട്ടക്സിലെത്തും. അവിടെയാണു ശബ്ദങ്ങളെ അർഥങ്ങളാക്കി മാറ്റുന്നത്. അതിനുശേഷം തരംഗങ്ങൾ ഓട്ടോണമസ് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു. ഹൃദയം, ശ്വാസകോശം, കരൾ തുടങ്ങിയ പ്രധാന അവയവങ്ങളെയെല്ലാം നിയന്ത്രിക്കുന്ന നാഡീവ്യൂഹമാണിത്. ഇതു കൂടാതെ, ഓഡിറ്ററി കോർട്ടക്സിൽനിന്നെത്തുന്ന തരംഗങ്ങൾ പിറ്റ്യൂട്ടറി എന്ന പ്രധാന ഗ്രന്ഥിയെയും ഉത്തേജിപ്പിക്കും. ശബ്ദം വല്ലാതെ കൂടുമ്പോൾ നാഡീവ്യൂഹവും പിറ്റ്യൂട്ടറി ഗ്രന്ഥിയും അമിതമായി ഉത്തേജിപ്പിക്കപ്പെടും. സമ്മർദ ഹോർമോണുകൾ (അഡ്രിനലിൻ, കോർട്ടിസോൺ, നോർ അഡ്രിനലിൻ), ലൈംഗിക ഹോർമോണുകൾ, തൈറോയ്ഡ് ഹോർമോണുകൾ എന്നിവയുടെയെല്ലാം ഉൽപാദനത്തെ ബാധിക്കും. ശരീരതാളം തെറ്റും. ഫ്രീ റാഡിക്കലുകൾ കൂടുകയാണ് ഒരു പാർശ്വഫലം. ഇതു രക്തക്കുഴലുകളിലെ സ്തരത്തിനു കേടുവരുത്തുകയും ബ്ലോക്കിനു കാരണമാകുകയും ചെയ്യും. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇതു വഴിവയ്ക്കും. ഫ്രീ റാഡിക്കലുകൾ കൂടുന്നതു പ്രതിരോധ ശേഷിയെ തകർക്കുമ്പോൾ അർബുദം അടക്കമുള്ള രോഗങ്ങൾ ആക്രമിക്കും. 

ഓർക്കുക, കുട്ടികളുടെ ഏകാഗ്രതയെ അമിതശബ്ദം ഏറെ ബാധിക്കും. സദാ ചെവിയിൽ ഇയർ ഫോൺ തിരുകുന്ന ശീലംകൂടിയായതോടെ പലരും ചെറുപ്പത്തിലേ ബധിരരാകുന്നു. ശബ്ദകോലാഹലം മാനസികപ്രശ്നങ്ങളുമുണ്ടാക്കും. പൂജ്യം ഡെസിബൽ (ഡിബി) എന്നാൽ ശബ്ദമലിനീകരണം ഇല്ലാത്ത മുറിയിൽ ഇരിക്കുമ്പോൾ ഒരു വ്യക്തിക്കു കേൾക്കാവുന്ന ഏറ്റവും ചെറിയ ശബ്ദത്തിന്റെ അളവാണ്. ഓരോ 10 ഡെസിബലും 10 ഇരട്ടിവീതമാണ്. 70 ഡിബിയിൽ കൂടുതൽ ശബ്ദം ആരോഗ്യത്തിനു ഹാനികരമാണ്. ഉച്ചഭാഷിണികൾ പ്രവർത്തിക്കുന്നതോ 100 – 120 ഡെസിബല്ലിലും. 120 ഡിബി നമുക്ക് കേൾക്കാവുന്ന ശബ്ദത്തിന്റെ ഒരു ലക്ഷം കോടി ഇരട്ടിയാണ്. 

രണ്ടായിരത്തിലെ പരിസ്ഥിതി നിയമം അനുസരിച്ച് ആരാധനാലയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവ സൈലന്റ് സോണിലാണു വരുന്നത്. ഇവിടെ അനുവദനീയ ശബ്ദം പകൽ 50 ഡിബി വരെയും (ഒരാൾ ഉച്ചത്തിൽ സംസാരിക്കുന്നത്ര), രാത്രി പരമാവധി 40 ഡിബിയും. റസിഡൻഷ്യൽ സോണിൽ പകൽ 55, രാത്രി 45, കൊമേഴ്സ്യൽ സോണിൽ പകൽ 65, രാത്രി 55, ഇൻഡസ്ട്രിയൽ സോണിൽ പകൽ 75, രാത്രി 64 ഡിബി. ഈ നിയമമൊക്കെ ആരു ശ്രദ്ധിക്കാൻ. നിയന്ത്രണങ്ങളെ വികാരപരമായി സമീപിച്ചു വെടിക്കെട്ടുകളും ശബ്ദകോലാഹലങ്ങളും തിരികെക്കൊണ്ടുവരുന്നവരോട് ഒരു ചോദ്യം; ചെറുപ്പത്തിലേ നമുക്കു ബധിരരാകണോ?