പെൺകുഞ്ഞ് ജനിച്ചത് ഈ അമ്മയുടെ തെറ്റുകൊണ്ടാണോ?

പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭർതൃവീട്ടുകാർ ഉപേക്ഷിച്ചതിനാൽ 12 ദിവസം പ്രായമായ കുഞ്ഞിനെ ജീവനോടെ ചുട്ടുകൊന്ന സംഭവം നടന്നത് കഴി‍ഞ്ഞ ദിവസം കർണാടകയിലാണ്. കുഞ്ഞുണ്ടായിക്കഴിഞ്ഞ് ഭർത്താവോ അമ്മയോ കുഞ്ഞിനെ കാണാൻ എത്താത്തയിനെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് ഇവിടെ യശോധ എന്ന അമ്മയെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോട്തിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവിടെ യഥാർഥത്തിൽ പ്രതി ഈ അമ്മ മാത്രമാണോ? ഈ അവസ്ഥയിലേക്ക് അവരെ എത്തിച്ചതിനു പിന്നിലെ കാരണങ്ങൾ കൂടി വിശകലനം ചെയ്യേണ്ടതല്ല. പെൺകുഞ്ഞ് ജനിച്ചത് ഈ അമ്മയുടെ തെറ്റുകൊണ്ടാണോ? അല്ലെങ്കിൽ പെൺകുഞ്ഞ് ജനിച്ചാൽ എന്താ കുഴപ്പം? ഇതിനെക്കുറിച്ച് ഡോ. നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് വായിക്കാം.

വായിച്ചിട്ട് സഹിക്കുന്നില്ല...

അറസ്റ്റ് ചെയ്യേണ്ടത് ആ സ്ത്രീയെ അല്ല. അവരുടെ ഭർത്താവിനെയും അമ്മായിയമ്മയെയുമാണ്.. 

1. പെൺകുഞ്ഞ് പിറക്കുന്നത് ഒരു കുറ്റമല്ല. പെൺകുഞ്ഞുണ്ടാകുന്നതു കുറ്റമാണെന്ന് കരുതുകയും പഠിപ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് ഒന്നാമത്തെ പ്രതി. അക്കൂട്ടത്തിൽ ആൺകുഞ്ഞുണ്ടാകാൻ ആലിന്റെ തെക്കോട്ടുള്ള വേരും ആടലോടകവും കടുകും കൂട്ടി ഒരു പിടി പിടിച്ചാൽ മതിയെന്ന് പറയുന്ന മരങ്ങോടന്മാരെയും കൂടെ ഉൾപ്പെടുത്തണം.

2. ഗർഭകാലവും പ്രസവവും മാനസികവും ശാരീരികവുമായ അധ്വാനം ആവശ്യപ്പെടുന്ന പ്രക്രിയയാണ്. അവിടെ മാനസികമായ പിന്തുണ നൽകാതെ ആ സ്ത്രീയെ ടോർച്ചർ ചെയ്ത ഭർത്താവും അമ്മായിയമ്മയും പ്രതികൾ തന്നെയാണ്. ഒരുവേള പോസ്റ്റ് പാർട്ടം ഡിപ്രഷനോ സൈക്കോസിസോ പോലുമാവാം അമ്മയെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്.

3. അമ്മയല്ല കുഞ്ഞിന്റെ ലിംഗം ഏതാണെന്ന് തീരുമാനിക്കുന്നത്. മുൻപ് എഴുതുമായിരുന്നത് അച്ഛനാണ് തെറ്റുകാരൻ എന്നായിരുന്നു. പെൺകുഞ്ഞ് ജനിക്കുന്നത്, അതൊരു തെറ്റല്ലെന്ന് ബോധ്യമായതിനാൽ ഇപ്പൊ അങ്ങനെ ഉപയോഗിക്കാറില്ല. 

അച്ഛന്റെ ബീജത്തിൽ പാതി എണ്ണത്തിൽ എക്സ് ക്രോമസോമും പാതിയിൽ വൈ ക്രോമസോമുമാണുള്ളത്. അമ്മയുടെ അണ്ഡത്തിൽ എക്സ് ക്രോമസോം മാത്രവും. അണ്ഡത്തോട് എക്സ് ക്രോമസോമുള്ള ബീജമാണു ചേരുന്നതെങ്കിൽ എക്സ്-എക്സ് അഥവാ പെൺകുഞ്ഞും, വൈ ക്രോമസോമുള്ള സ്പേമാണു ചേരുന്നതെങ്കിൽ എക്സ്-വൈ അഥവാ ആൺകുഞ്ഞുമുണ്ടാവും. അതായത് ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കപ്പെടുന്നത് അമ്മയുടെ അധികാരപരിധിയിൽപ്പെടുന്നതല്ല.

4. സമൂഹത്തെ മാത്രം അങ്ങ് കുറ്റം പറയുന്നകൂടെ മതത്തെയും സർക്കാരിനെയും കൂടി നാല് വാക്ക് പറയണം.

പെൺകുഞ്ഞുങ്ങൾ മാത്രം പിറക്കുന്നത് കുടുംബത്തിന്റെ പേര് അന്യം നിന്ന് പോകുന്ന ശാപം കിട്ടിയതുകൊണ്ടാണെന്ന് പറഞ്ഞയാളോട് താൻ എന്ത് കോപ്പിലെ വർത്താനാടോ പറയുന്നതെന്ന് ചോദിക്കാനുള്ള ധൈര്യം അന്ന് ഇല്ലായിരുന്നു. " കെട്ടിച്ച് " വിടാനുള്ളതാണെന്നും " ഇൻവെസ്റ്റ്മെൻ്റ് " ചെയ്യുന്നത് - പഠിപ്പിക്കുന്നത് തൊട്ട് ഭക്ഷണം കൊടുക്കുന്നത് വരെ - " നഷ്ടമാണെന്നും " ഉള്ള തോന്നലുണ്ടാക്കിയെടുക്കുന്നതിൽ ഇമ്മാതിരി പോങ്ങന്മാർ ചെയ്ത സേവനം ചെറുതല്ല.

അതോടൊപ്പം പെണ്ണിനെ അടിച്ചമർത്തി - അടിമപ്പണിക്കും സെക്സിനും വേണ്ടി മാത്രമുള്ളതാണെന്ന് പഠിപ്പിക്കുന്നവരോടും പെണ്ണിന് അശുദ്ധി കല്പിക്കുന്നവരോടും...പെണ്ണെന്നത് രണ്ടാം തരമാണെന്നും ഇൻഫീരിയറാണെന്നും പറഞ്ഞ് പഠിപ്പിക്കുന്നതും പെൺകുഞ്ഞ് വേണ്ടെന്ന് വയ്ക്കാനുള്ള കാരണമാകും...

സർക്കാരും വേറൊന്നല്ല. കാരണം, ദാരിദ്ര്യത്തിൽ ആൺകുഞ്ഞുങ്ങൾക്കേ ജോലിചെയ്ത് കുടുംബം പോറ്റാൻ കഴിയൂ എന്ന തോന്നലിൽ നിന്ന് ആൺകുഞ്ഞുങ്ങളുണ്ടാവാൻ ആഗ്രഹിക്കുകയും വീണ്ടും വീണ്ടും അതിനായി ശ്രമിക്കുകയും " വേണ്ടാത്ത പെൺകുഞ്ഞുങ്ങളെ " അവഗണിക്കുകയും ചെയ്യുന്നത് ഇന്ത്യയിലെ തന്നെ സംഭവമാണ്...അത്തരം വേണ്ടാത്ത പെൺകുഞ്ഞുങ്ങളുടെ എണ്ണം പല ലക്ഷം കവിയും...

ഇത് കർണാടകയിലല്ലേ, ഇവിടിങ്ങനൊക്കെ നടക്കുമോ എന്നൊന്നും ചോദിക്കണ്ടാ.. പെണ്ണുണ്ടായെന്നറിഞ്ഞപ്പൊ മുഖം കറുത്തവരിൽ അഭ്യസ്തവിദ്യർ തൊട്ട് സാധാരണക്കാരെ വരെ നേരിട്ട് കണ്ടിട്ടുണ്ട്, ഉപദേശിച്ച് വിട്ടിട്ടുമുണ്ട്...

എല്ലാവരും കൂടി കൊന്നുകളഞ്ഞത് ഒരു കല്പനാ ചൗളയെയോ സാനിയ മിർസയെയോ സൈന നെഹ്‌വാളിനെയോ ഐശ്വര്യ റായെയോ ഇന്ദിരാഗാന്ധിയെയോ ആയിരുന്നിരിക്കാം....