കുടവയര്‍ എന്ന് തെറ്റിദ്ധരിച്ചു; അറുപ്പത്തിമൂന്നുകാരനു സംഭവിച്ചത്!

Photo Courtesy : YouTube

ശരീരത്തിലെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണമെന്നു പറയുന്നത് ആരും ചെവി കൊള്ളാറില്ല. ജീവിത തിരക്കുകൾക്കിടയിൽ ശരീരപരിപാലനത്തിനു എവിടെ സമയമെന്നു ചോദിക്കുന്നവരാണു ഭൂരിപക്ഷവും. എന്നാൽ ന്യൂജഴ്സി സ്വദേശിയായ അറുപത്തിമൂന്നുകാരൻ കെവിന്‍ ഡാലിയുടെ അനുഭവം കേട്ടാൽ സ്വന്തം ശരീരത്തെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കാൻ തോന്നും.

ചെറിയൊരു കുടവയർ കണ്ടപ്പോൾ അതു ബിയര്‍ ബെല്ലിയെന്ന് കെവിൻ സ്വയം ആശ്വസിച്ചു. കാലം കഴിയും തോറും ഉദരത്തിന്റെ വലുപ്പവും ശരീരഭാരവും കൂടി വന്നതോടെയാണ് വൈദ്യസഹായം തേടാൻ തീരുമാനിച്ചത്. ആശുപത്രിയിലെ സിടി സ്കാനിന്റെ ഫലം പുറത്തു വന്നതോടെ കളി കാര്യമായി. കെവിന്റെ ഉദരത്തിൽ 13 കിലോയോളം ഭാരമുള്ള ഒരു ട്യൂമര്‍ വളരുന്നു !

ലിപ്പോസർകോമ (Liposarcoma) എന്ന കാൻസറാണ് കെവിനെ ബാധിച്ചത്. പത്തു മുതൽ പതിനഞ്ചു വർഷം വരെ നീണ്ട കാലയളവിൽ കുടവയർ എന്നു മാത്രം കരുതിയതു ട്യൂമറായത്. ആറു മണിക്കൂർ നീണ്ട നിന്ന ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ നീക്കം ചെയ്തത്. ട്യൂമര്‍ പടര്‍ന്നു പിടിച്ചതിനാൽ കെവിന്റെ ഒരു വൃക്കയും ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടി വന്നു. ഇപ്പോഴെങ്കിലും ട്യൂമർ കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ മാസങ്ങള്‍ക്കുള്ളില്‍ കെവിൻ മരണത്തിനു കീഴടങ്ങേണ്ടി വന്നേനേ.