മുഖം മുഴുവന്‍ മറച്ച ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു; ഈ 12കാരിക്ക് ഇനി ചിരിക്കാം

കുട്ടികളെ ബാധിക്കുന്ന പലവിധ മാരകരോഗങ്ങളുടെ വാര്‍ത്തകള്‍ അടുത്തിടെയായി നമ്മള്‍ മാധ്യമങ്ങളിലൂടെ വായിക്കുന്നുണ്ട്. ചിലര്‍ അതിനെ അതിജീവിക്കാന്‍ കഴിയാതെ പരാജയപ്പെടുമ്പോള്‍ മറ്റു ചിലര്‍ ധൈര്യപൂര്‍വം തങ്ങളെ തോല്‍പ്പിക്കാനെത്തിയ രോഗത്തെ കീഴ്പ്പെടുത്തുന്നു. ഇത്തരം കുട്ടികളുടെ വാര്‍ത്തകള്‍ എന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. 

കാമറൂണ്‍ സ്വദേശിനിയായ കല്‍ടോമി എന്ന 12 കാരി പെണ്‍കുട്ടി  ഇതിന് ഒരുദാഹരണമാണ്. കാരണം  മാസങ്ങള്‍ക്കു മുന്‍പുവരെ ജീവിച്ചത് അവളുടെ മുഖത്തെ മുഴുവൻ മറയ്ക്കുന്ന ഒരു വലിയ മുഴയുമായാണ് . ചെറിയൊരു വീക്കത്തില്‍ തുടങ്ങിയ മുഴ വൈകാതെ മുഖത്തെ മുഴുവന്‍ മറയ്ക്കുകയായിരുന്നു. ഒടുവില്‍ ശ്വാസം തന്നെ എടുക്കാന്‍ പ്രയാസം തോന്നുന്ന അവസ്ഥയിലെത്തി‍. എന്നാല്‍ ഇപ്പോൾ കല്‍ടോമിയുടെ ജീവിതം ആകെ മാറി. സുഗമമായി  ശ്വാസോച്ഛാസം ചെയ്യാം. തന്റെ ഡോക്ടർമാരെ നോക്കിയവള്‍ക്ക് മനോഹരമായി പുഞ്ചിരിക്കാം. 

അഞ്ചു വർഷം കൊണ്ടാണ് കല്‍ടോമിയുടെ മുഖത്ത് ഭീമാകാരമായ മുഴ രൂപപ്പെട്ടത്. മൂക്കിനു കീഴിലായി വളര്‍ന്ന ട്യൂമര്‍ പതിയെ വായ മുഴുവന്‍ മൂടി. ആഹാരം പോലും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥ. ഒരു ഫുട്ബോള്‍ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്യാന്‍ സാധിക്കാതെ ഏറെ കാലം കല്‍ടോമിയും കുടുംബവും കഴിഞ്ഞു. ദാരിദ്ര്യവും മികച്ച ചികിത്സ തേടാനുള്ള സാമ്പത്തികസ്ഥിതി ഇല്ലായ്മയും ആയിരുന്നു പ്രശ്നം. ആഫ്രിക്കയിലെ പല നാടുകളിലെയും കുട്ടികളുടെ അവസ്ഥ ഇതാണെന്ന് കല്‍ടോമിയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. കല്‍ടോമി ഒരുദാഹരണം മാത്രം. 

ശസ്ത്രക്രിയ വഴി ട്യൂമര്‍ പൂര്‍ണമായും നീക്കം ചെയ്തു. സാധാരണജീവിതത്തിലേക്ക് പതിയെ നടക്കുകയാണ് ഈ പന്ത്രണ്ടുകാരി ഇപ്പോള്‍.

Read More : ആരോഗ്യവാർത്തകൾ