Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളും കാരണവും

liver-cancer

കരളിന് വിശേഷണങ്ങൾ നിരവധിയാണ്. പ്രേമത്തിന്റെയും മൃദുല വികാരങ്ങളുടെയും ഉറവിടമായാണ് കവിഭാവന കരളി നെ കാണുന്നത്. മനസ്സിന്റെ ഉള്ളിലെ സ്നേഹചഷകം നുരഞ്ഞു കവിയുമ്പോൾ കാമുകൻ കാമുകിയെ വിളിക്കുന്നത് ‘കരളിന്റെ കരളേ’ എന്നാണ്. ഇടംവലം നോക്കാതെ ചങ്കൂറ്റ ത്തോടെ കാര്യങ്ങൾ ചെയ്യുന്നവൻ കരളുറപ്പുള്ളവനാണ്. ദാരുണ രംഗങ്ങൾ കാണുമ്പോൾ അലിയുന്ന അവയവമായും കരളിനെ വിശേഷിപ്പിക്കാറുണ്ട്. മനസ്സിൽ ആർദ്രത സൂക്ഷി ക്കുന്ന ചേകവരെ ‘കരവാളെടുത്താലും കരളലിവുള്ളവൻ’ എന്നാണ് വടക്കൻ പാട്ടിൽ വിശേഷിപ്പിക്കുന്നത്. 

എന്നാൽ കരളിന് മനസ്സിൽ ലോലഭാവങ്ങളുടെ പൂർത്തീകരണ വുമായി യാതൊരു ബന്ധവും ഇല്ലെന്നതാണ് യാഥാർത്ഥ്യം. അല്ലാതെതന്നെ പിടിപ്പത് പണിയുണ്ട് ഈ കാരണവർക്ക്. അതിനിടയിൽ എപ്പോഴാണ് പ്രേമിക്കാനും മരംചുറ്റി റൊമാൻ സ് അടിപ്പിക്കാനും സമയം.

വയറിന്റെ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന കരളിന് 1500 ഗ്രാം ഭാരമാണുള്ളത്. അതാകട്ടെ മൊത്തം ശരീരഭാരത്തിന്റെ നാൽപ്പതിൽ ഒരു ഭാഗത്തോളം മാത്രമാണ്. കരളിന്റെ ഭാരത്തിന്റെ 90 ശതമാനത്തോളം വെള്ളമാണ്. കരളിലെ കോശങ്ങളിലും കരളിലൂടെ സഞ്ചരിക്കുന്ന രക്തത്തിലുമാണ് ജലാംശം അടങ്ങിയിരിക്കുന്നത്. ഇളം പിങ്ക് നിറമുള്ള കരൾ വളരെ മൃദുവായ ഒരവയവമാണ്. നോക്കി നിന്നാല്‍ കണ്ണെടുക്കാന്‍ തോന്നുകയില്ല. കാഴ്ചയിലുള്ള സൗന്ദര്യം കൊണ്ടും ഘടനയിലുള്ള മൃദുത്വം കൊണ്ടുമാവണം ഒരു പക്ഷേ കവികളും കഥാ കാരന്മാരും മൃദുലഭാവങ്ങളുടെ പ്രേമകുടീരമായി കരളിനെ വിശേഷിപ്പിക്കാറുള്ളത്. 

രാവണന്റെ തല പോലെ

പത്തു തലയുള്ള രാക്ഷസരാജാവായ രാവണന് ഒരു വരം കിട്ടിയിട്ടുണ്ട്. ആരു തല കൊയ്താലും ഉടൻ തന്നെ മറ്റൊരു തല തൽസ്ഥാനത്ത് മുളച്ചു വരും. രാമ–രാവണ യുദ്ധത്തിൽ രാവണന്റെ ശിരച്ഛേദം നടത്താനായി ശ്രീരാമന് ചില്ലറ പാടൊന്നുമല്ല പെടേണ്ടിവന്നത്. അതു പോലെ തന്നെയാണ് കരളിന്റെയും കാര്യം.

അത്ഭുതകരമായ പുനരുജ്ജീവനശേഷിയാണ് കരളിനുള്ളത്. മനുഷ്യശരീരത്തിലെ ഏറ്റവും അധികം പുനരുജ്ജീവനശേഷിയുള്ള അവയവവും കരളാണ്. കരളിന്റെ  നാലിൽ മൂന്ന് ഭാഗത്തോളം മുറിച്ചു നീക്കിയാലും ഏതാണ്ട് ആറു മുതൽ എട്ട് ആഴ്ച കൊണ്ട് കരൾ പൂർവസ്ഥിതിയിലാകും കരളിലെ കോശങ്ങൾ കൂടാതെ ബിലിയറി കോശങ്ങളും എന്‍ഡോത്തീ ലിയല്‍ കോശങ്ങളുമൊക്കെ അമിതവേഗത്തിൽ വിഭജിച്ചാണ് ഈ പുനരുജ്ജീവന പ്രക്രിയ സാധ്യമാകുന്നത്. ഹെപ്പറ്റോ സൈറ്റ് ഗ്രോത്ത് ഫാക്ടർ, ഇന്റർ ല്യൂക്കിനുകൾ, ഇന്റർഫെ റോൺ– ആൽഫാ തുടങ്ങിയ നിരവധി ഘടകങ്ങൾ കരൾ കോശങ്ങളെ ദ്രുതഗതിയിൽ വിഭജിക്കാൻ സഹായിക്കുന്നുണ്ട്. അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഈ സവിശേഷ തകൊണ്ടാണു ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്കു കരളിന്റെ ഒരു ഭാഗം ദാനം ചെയ്ത് മറ്റൊരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത്. 

അപാരമായ സഹനശേഷിയും സംയമനശേഷിയുമാണ് കരളിന്. കരളിന്റെ 80 ശതമാനത്തോളം കലകൾ നശിച്ചു പോയാലും യാതൊരു മുടക്കവും കൂടാതെ, ഒരു കുറവും വരുത്താതെ നിശ്ശബ്ദമായി സ്വധർമ്മം നിർവഹിക്കുവാൻ കരളിന് കഴിയും. ദാരിദ്ര്യം പുറത്തറിയിക്കാതെ ജീവിക്കുന്ന പഴയ പ്രതാപിയെപ്പോലെ പിടിച്ചു നിൽക്കാൻ കരൾ ശ്രമിക്കുന്നു. മദ്യപിച്ചും വാരിവലിച്ചു തിന്നും കരളിനെ ദ്രോഹിച്ച് അതീവ ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് കരൾ പിണങ്ങുന്നതും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതും.

ശരീരത്തിലെ െമഗാ കെമിക്കൽ ഫാക്ടറി

മനുഷ്യ ശരീരത്തിലെ സങ്കീർണമായ നിരവധി ചയാപചയ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം നൽകുന്ന സൂപ്പർ കംപ്യൂട്ടറാണ് കരൾ. അതുകൊണ്ടു തന്നെയാണ് ശരീരകോശങ്ങളിലെ പവര്‍ സെല്ലുകളായ മൈറ്റോകോൺട്രിയ കരളിലെ കോശങ്ങളിൽ ഏറ്റവും കൂടുതലായി നിറച്ചു വച്ചിരിക്കുന്നത്, ഫുൾ ചാർജ് ചെയ്ത് വച്ചിരിക്കുന്ന ബാറ്ററി പോലെ. 

നാം കഴിക്കുന്ന ഭക്ഷണത്തിലുള്ള കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നീ ഘടകങ്ങളുടെ ഉപാപചയപ്രവർ ത്തനങ്ങൾ നിയന്ത്രിക്കുന്ന ഹെഡ്ക്വാർട്ടേഴ്സ് കരളാണ്. കരളിന് പ്രവർത്തന തകരാർ ഉണ്ടാകുമ്പോൾ ശാരീരിക പ്രവർത്തനങ്ങളുടെ തുലനാവസ്ഥ തകിടം മറിയുന്നു. വണ്ടി ഓടാൻ പെട്രോൾ വേണ്ടതുപോലെ ശാരീരിക പ്രവർത്തന ങ്ങൾക്ക് അവശ്യംവേണ്ട ഇന്ധനമായ കാർബോഹൈഡ്രേ റ്റിനെ വേണ്ടതുപോലെ ഉപയോഗിക്കാനും സംഭരിച്ചു വയ്ക്കാ നും കരൾ വേണം. 

രക്തത്തിൽ അധികമുള്ള ഗ്ലൂക്കോസിനെ ആപത്തുകാലത്ത് ഉപയോഗത്തിനായി ഗ്ലൈക്കോജനായി ശേഖരിച്ചു വയ്ക്കുന്ന ത് കരളാണ്. കൂടാതെ അത്യാവശ്യ സന്ദർഭങ്ങളിൽ ഗ്ലൈക്കോ ജനെ വിഘടിപ്പിച്ച് ഗ്ലൂക്കോസായി മാറ്റാനും വിതരണം ചെയ്യാ നും കരളിന് കഴിയും. ഇതിനു പുറമേ അന്നജേതര സ്രോതസ്സു കളായ അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് ഉൽപാദി പ്പിക്കാനും കരളിന് കഴിവുണ്ട്. ഗ്ലൂക്കോസിന്റെ ചയാപചയ പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാകുന്നതു മൂലമാണ് കരൾ രോഗമുള്ളവരിൽ ഗ്ലൂക്കോസിന്റെ നില അമിതമായി താഴുന്നതു പോലെയുള്ള (ഹൈപ്പോഗ്ലൈസീമിയ) സങ്കീർണതകൾ ഉണ്ടാ കുന്നത്. മദ്യപാനികളിൽ കണ്ടു വരുന്ന ക്ഷീണത്തിന്റെ കാരണങ്ങളിലൊന്ന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി താഴുന്നതാണ്. 

ശരീരത്തിലെ പ്രോട്ടീൻ ഘടകമായ ആൽബുമിൻ ഉൽപാദിപ്പി ക്കുന്നതും കരളാണ്. കരൾസ്തംഭനം ഉള്ളവരില്‍ ആല്‍ബു മിന്റെ ഉൽപാദനം കുറയുന്നതാണ് ശരീരത്തിൽ നീരുണ്ടാകു ന്നതിന് കാരണം. മദ്യപിച്ച് കരൾ തകർന്നവരുടെ വയർ വീർത്ത് കൈയിലും കാലിലും നീരുണ്ടാകുന്നതിന്റെ കാരണ വും ഇതു തന്നെ. നാം കഴിക്കുന്ന പല മരുന്നുകളും വിഘടിപ്പി ച്ച് പിത്തനീരിലൂടെ വിസർജിക്കുന്നതും കരളിന്റെ ജോലി യാണ്. 

കൊഴുപ്പിന്റെ ദഹനത്തിന് ആവശ്യമായ പിത്തനീര് ഉൽപാദിപ്പി ക്കുന്നത് കരളാണ്. കരളിൽ നിന്ന് ഉല്‍പാദിപ്പിക്കുന്ന പിത്ത നീര് പിത്തസഞ്ചിയിൽ ശേഖരിക്കപ്പെടുന്നു. പിത്തസഞ്ചിയിൽ കല്ലുണ്ടായതിനെ തുടർന്നോ മറ്റ് അസുഖങ്ങൾ മൂലമോ പിത്ത സഞ്ചി നീക്കം ചെയ്താലും പിത്തനീരിന്റെ ഉൽപാദനത്തിന് യാതൊരു തടസവും ഉണ്ടാകുന്നില്ല. കൊഴുപ്പിന്റെ ദഹനപ്ര ക്രിയയും സാധാരണ നിലയിൽ തന്നെ നടക്കും. എന്നാല്‍ വയറിന്റെ അസ്വസ്ഥതകൾ കുറയ്ക്കുവാൻ ഗോൾബ്ലാഡർ നീക്കം ചെയ്തവർ അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണസാധ നങ്ങൾ ഒഴിവാക്കണമെന്നു മാത്രം. ശാരീരിക പ്രവർത്തന ങ്ങൾക്ക് ആവശ്യമായ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നത് കരളാണ്.  കൂടാതെ കൊളസ്ട്രോളിന്റെ വിവിധ ഉപഘടക ങ്ങളായ എച്ച്.ഡി.എൽ, എൽ.ഡി.എൽ, വി.എൽ.ഡി.എൽ എന്നിവയും കരളിൽ വച്ച് ഉൽപാദിപ്പിക്കപ്പെടുന്നു. കൊഴുപ്പി നെ ഫാറ്റി ആസിഡുകളായി വിഘടിപ്പിക്കുവാനും കരളിന് കഴിയും. 

ഒരു മിനിറ്റിൽ അരിച്ചു മാറ്റുന്നത് ഒരു ലീറ്റർ രക്തം!

മനുഷ്യശരീരത്തിലെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ശുദ്ധീകരണശാല കൂടിയാണ് കരൾ. ഓരോ മിനിറ്റിലും ഏക ദേശം ഒരു ലീറ്റർ രക്തമാണ് കരൾവഴി ശുദ്ധീകരിക്കപ്പെടു ന്നത്. വായുവിലൂടെയും കുടിവെള്ളത്തിലൂടെയും ഭക്ഷണത്തി ലൂടെയുമൊക്കെ രക്തത്തില്‍ കലരുന്ന വിഷവസ്തുക്കളെ കരൾ അരിച്ചു മാറ്റുന്നു. 

നാം കഴിക്കുന്ന പല മരുന്നുകളെയും നിർവീര്യമാക്കി വിസർ ജിക്കുന്നതും കരളിന്റെ ധർമമാണ്. അതുകൊണ്ടാണ് കരള്‍ രോഗമുള്ളവരിൽ പല മരുന്നിന്റെയും ഡോസിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത്. 

ഇനിയുമുണ്ട് അവിരാമം പ്രവർത്തിക്കുന്ന മെഗാഫാക്ടറിയി ലെ പ്രവർത്തനങ്ങള്‍. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കു ന്ന നിരവധി ഘടകങ്ങൾ കരളിൽവച്ചാണ് ഉൽപാദിപ്പിക്കപ്പെ ടുന്നത്. കരൾ രോഗമുള്ളവരിലെ രക്തസ്രാവത്തിന്റെ ഒരു കാരണം രക്തം കട്ടപിടിക്കുന്ന പ്രക്രിയയിലെ തകരാറുക ളാണ്. 

ഉള്ളിൽ ചെല്ലുന്ന മദ്യത്തെ വിഘടിപ്പിച്ച് ആൽഡിഹൈഡ് ആയി മാറ്റുന്നതും കരളാണ്. തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനം നിയന്ത്രിക്കുക, ശരീര താപനില നിയന്ത്രിക്കുക, രക്തം ശേഖരിച്ചുവയ്ക്കുക തുടങ്ങിയവയും ഈ അത്ഭുത യന്ത്രത്തിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. ഇനി പറയൂ, കുടിച്ചും മദിച്ചും കരിച്ചതും, പൊരിച്ചതും മൂക്കുമുട്ടെ തിന്നും നമുക്കുവേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന പാവം കരളി നെ ദ്രോഹിക്കണോ?

മഞ്ഞനിറമുള്ളതെല്ലാം മഞ്ഞപ്പിത്തമല്ല

കരൾ രോഗങ്ങളുടെ മുഖ്യ ലക്ഷണമാണ് മഞ്ഞപ്പിത്തം. കരളിനെ ബാധിക്കുന്ന രോഗാണുബാധ മുതൽ മദ്യപാനത്തെ തുടർ ന്നുണ്ടാകുന്ന കരൾ രോഗങ്ങളും കരൾ അർബുദവുമൊക്കെ മഞ്ഞപ്പിത്തത്തിന് കാരണമാകാം. 

കരള്‍ ഉൽപാദിപ്പിക്കുന്ന വർണവസ്തുവായ ബിലിറൂബിന്റെ അളവ് കൂടുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. പ്രായ മേറിയ ചുവന്ന രക്താണുക്കൾ വിഘടിച്ചുണ്ടാകുന്ന ഹീം എന്ന ഘടകത്തിൽ നിന്നാണ് ബിലിറൂബിന്‍ ഉൽപാദിപ്പിക്ക പ്പെടുന്നത്. രക്തത്തിലെ ബിലിറൂബിന്റെ അളവ് 3 മില്ലിഗ്രാമിൽ കൂടുമ്പോഴാണ് കണ്ണിന് മഞ്ഞനിറമുണ്ടാകുന്നത്. കണ്ണിന്റെ വെളുത്ത ഭാഗമായ സ്ക്ലീറയിലടങ്ങിയിരിക്കുന്ന ഇലാസ്റ്റിൻ എന്ന പ്രോട്ടീൻ ഘടകത്തോട് ബിലിറൂബിനുള്ള ആഭിമുഖ്യം കൊണ്ടാണ് ബിലിറൂബിൻ കണ്ണിൽ പറ്റിപ്പിടിച്ച് മഞ്ഞനിറം നല്‍കുന്നത്. 

കണ്ണു കൂടാതെ നാക്കിനടിയിലുള്ള ശ്ലേഷ്മ ചർമത്തിലും ബിലിറൂബിന്റെ അളവ് വളരെയേറെ കൂടുമ്പോൾ ചർമത്തിന് ഒട്ടാകെയും മഞ്ഞനിറമുണ്ടായെന്നു വരാം. മഞ്ഞപ്പിത്തം ഉണ്ടാ കുമ്പോൾ കണ്ണിന്റെ മഞ്ഞനിറം വൈദ്യുതപ്രകാശത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരികയില്ല. അതുകൊണ്ടാണ് ഡോക്ടര്‍മാർ രോഗിയെ ജനലിന് സമീപത്തേക്ക് വിളിച്ചു നിർത്തിയിട്ട് സൂര്യപ്രകാശത്തിൽ കണ്ണിന് മഞ്ഞനിറമുണ്ടോ എന്നു പരിശോധിക്കുന്നത്. 

ചർമത്തിനുണ്ടാകുന്ന മഞ്ഞനിറം എപ്പോഴും മഞ്ഞപ്പിത്തം മൂലമാകണമെന്നില്ല. കരോട്ടിൻ എന്ന മഞ്ഞനിറമുള്ള ഭക്ഷണ ഘടകവും ചർമത്തിന് മഞ്ഞനിറം നൽകാം. കരോട്ടിൻ അമിത മായി അടങ്ങിയിട്ടുള്ള കാരറ്റ്, ഓറഞ്ച്, പീച്ചസ്, ഇലക്കറികൾ എന്നിവ അധികമായി അകത്താക്കിയാലും കൈകാലുകളിലും മുഖത്തുമൊക്കെ മഞ്ഞനിറമുണ്ടായെന്നു വരാം. എന്നാൽ കരോട്ടിൻ കൂടുമ്പോൾ കണ്ണിന്റെ വെളുത്ത ഭാഗമായ സ്ക്ലീറ യിൽ മഞ്ഞനിറം പടരുകയില്ല. അങ്ങനെയാണ് യഥാർത്ഥ മഞ്ഞപ്പിത്തത്തിൽ നിന്നും ഈ അവസ്ഥയെ വേർതിരിച്ചറി യുന്നത്. 

കരൾ നോർമൽ, ബിലിറൂബിൻ കൂടുതൽ

ചില ചെറുപ്പക്കാരുണ്ട് രക്തത്തിലെ ബിലിറൂബിന്റെ അളവ് എപ്പോൾ നോക്കിയാലും അവർക്ക് 2–3 മില്ലിഗ്രാം എങ്കിലും കാണും. വിവിധ ലാബുകളിൽ പരിശോധിച്ച ഒരു കെട്ട് റിസൽ ട്ടുകളുമായി പരിഭ്രമത്തോടെ ആശുപത്രികൾ കയറിയിറങ്ങു കയാണ് ഇവർ. മഞ്ഞപ്പിത്തം കുറയാനായി പച്ച മരുന്നുകള്‍ കഴിച്ച് മടുത്തവരാണ് ഇവരിലേറെയും. ലിവർ ഫങ്ഷൻ ടെസ്റ്റുകളെല്ലാം നോർമൽ ആയിരിക്കും. ജന്മനാ തന്നെയുള്ള ബിലിറൂബിന്റെ ചയാപചയപ്രവർത്തനങ്ങളിലുള്ള തകരാറുക ളാണ് ബിലിറൂബിന്റെ അളവ് ഉയര്‍ന്നിരിക്കാൻ കാരണം. ഇവ രുടെ കരളിന്റെ പ്രവർത്തനം പൂർണമായും സാധാരണനിലയി ലായിരിക്കും. ഗിൽബർട്ട്സ് സിൻഡ്രോം ആണ് ജന്മനാതന്നെ ബിലിറൂബിൻ കൂടിയിരിക്കുന്ന ഏറ്റവും സാധാരണയായി കണ്ടു വരുന്ന അവസ്ഥ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ബിലിറൂബിന്റെ അളവ് സാധാരണ ഗതിയിൽ 5 മില്ലിഗ്രാമില്‍ കൂടാറില്ല. ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നും ആവശ്യവു മില്ല.

120 ദിവസം മാത്രം ആയുസ്സുള്ള ചുവന്ന രക്താണുക്കൾ ആയുസ്സ് എത്താതെ നശിക്കുമ്പോഴും ബിലിറൂബിന്റെ അളവ് വർധിച്ചെന്നു വരാം. ചുവന്ന രക്താണുക്കളുടെ ഘടനയിലു ള്ള വ്യതിയാനങ്ങളാണ് ചുവന്ന കോശങ്ങൾ നശിക്കുന്നതി നുള്ള പ്രധാന കാരണം. കൂടാതെ ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിന്റെ ഘടനയിലുള്ള മാറ്റങ്ങ ളും രക്താണുക്കൾ െപട്ടെന്നു തന്നെ നശിച്ചു പോകാൻ കാര ണമാകും. വയനാട്ടിലെ ആദിവാസി ഊരുകളിൽ കൂടുതലായി കാണപ്പെടുന്ന അരിവാൾ രോഗം ചുവന്ന കോശങ്ങളുടെ ഹീമോഗ്ലോബിനിലുള്ള ഘടനാവ്യതിയാനത്തിനുള്ള ഉദാഹര ണമാണ്. 

പ്രായപൂർത്തിയായവരിൽ സാധാരണയായി കണ്ടുവരുന്ന ഹീമോഗ്ലോബിന്‍– എയ്ക്കു പകരം അരിവാൾ രോഗമുള്ള വരിൽ ഹീമോഗ്ലോബിൻ–എസ് ആയിരിക്കും കൂടുതലായി കാണപ്പെടുന്നത്. ചുവന്ന രക്താണുക്കളിലുള്ള ചില എൻസൈമുകളുടെ അഭാവത്തെ തുടർന്നും കോശങ്ങൾ പെട്ടെന്ന് നശിച്ചെന്നു വരാം. വിഘടിക്കപ്പെടുന്ന അരുണ രക്താണുക്കളിൽ നിന്നും പുറംതള്ളപ്പെടുന്ന ഹീം എന്ന ഘടകത്തിൽ നിന്നുമാണ് ബിലിറൂബിൻ കൂടുതലായി ഉൽപാദി പ്പിക്കപ്പെടുന്നത്. ഇവിടെയും കരളല്ല കുറ്റക്കാരന്‍ മറിച്ച് രക്താ ണുക്കൾ പെട്ടെന്ന് നശിക്കുന്നതിനുള്ള കാരണമാണ് പരിഹരി ക്കപ്പെടേണ്ടത്. 

കരൾ കല്ലായാൽ

ഈശ്വരൻ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ അവയ വങ്ങളിൽ ഒന്നാണ് കരൾ. വളരെ മൃദുവായ ഉപരിതലം, മിനു സമേറിയ പൂ പോലെയുള്ള ഒരവയവം. എന്നാൽ കരൾ രോഗ ങ്ങളുടെ ഏറ്റവും അന്തിമഘട്ടമായ സിറോസിസ് ഉണ്ടാകു മ്പോൾ കരൾ കല്ലായി മാറുന്നു. കട്ടിയേറിയ കരളിന്റെ ഉപരി തലം ചെറുകുമിളകൾപോലെയുള്ള തടിപ്പുകൾ കൊണ്ട് നിറയുന്നു. കരൾ പൂർണമായും പ്രവർത്തനരഹിതമാകുന്നു. 

മദ്യപാനമാണ് സിറോസിസിനുള്ള ഏറ്റവും പ്രധാന കാരണ മെങ്കിലും ഹെപ്പറ്റൈറ്റിസ്–ബി, ഹെപ്പറ്റൈറ്റിസ്–സി തുടങ്ങിയ വൈറൽ രോഗാണുബാധയും സിറോസിസ് ഉണ്ടാക്കും. സിറോസിസ് ഉണ്ടാകുമ്പോൾ കരളിലെ കോശങ്ങൾ നശിക്കു കയും കരൾ നാരുകൾ കൊണ്ട് നിറയുകയും ചെയ്യുന്നു. കരളിന്റെ ഘടനയും ധര്‍മവും പൂർണമായും തകരാറിലാകുന്നു. ഔഷധങ്ങൾ ഒരു പരിധിവരെ ഫലപ്രദമാകുമെങ്കിലും ചികിത്സ യുടെ അവസാനവാക്കെന്ന നിലയിൽ സിറോസിസ് രോഗികൾ ക്ക് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. 

കരൾ രോഗങ്ങൾ

ഹെപ്പറ്റൈറ്റിസ്

കരളിന് നീർവീക്കമുണ്ടാകുന്ന അവസ്ഥ. വൈറസ് രോഗാണു ബാധയാണ് ഹെപ്പറ്റൈറ്റിസിനുള്ള പ്രധാന കാരണം. കൂടാതെ മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം, ബാക്ടീരിയൽ രോഗബാധ, അമീബിയാസിസ് തുടങ്ങിയവയും ഹെപ്പറ്റൈറ്റി സിന് കാരണമാകാം. മഞ്ഞപ്പിത്തമാണ് പ്രധാന രോഗലക്ഷ ണം. കൂടാതെ വിശപ്പില്ലായ്മ, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. 

ഫാറ്റി ലിവർ

കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥ. മദ്യപാനം പ്രധാന കാരണമാണ്. കൂടാതെ പ്രമേഹം, അമിത കൊളസ്ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡ് നില, പൊണ്ണത്തടി, പെട്ടെന്നുണ്ടാ കുന്ന തൂക്കക്കുറവ് തുടങ്ങിയവ മറ്റു കാരണങ്ങളാണ്. സാധാ രണയായി ലക്ഷണമൊന്നും ഉണ്ടാകാറില്ല. വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടായേക്കാം. 

സിറോസിസ്

കരളിലെ കോശങ്ങൾ നശിച്ച് കരൾ പ്രവർത്തനരഹിതമാ കുന്ന ഗുരുതരാവസ്ഥ. മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി, ഫാറ്റിലിവർ, അണുബാധ, വിഷബാധ, ചിലയിനം മരുന്നുക ളുടെ ഉപയോഗം, പാരമ്പര്യം തുടങ്ങിയവയും സിറോസിസിന് കാരണമാകാം.  ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങളെ തുടർന്ന് രക്തം ഛർദ്ദിക്കുക, വയറ്റിൽ വെള്ളം കെട്ടി നിറയുക, കാലിൽ നീര് തുടങ്ങിയ ലക്ഷണങ്ങളുമു ണ്ടാകാം. പോർട്ടൽ ഹൈപ്പർടെൻഷൻ, രക്തസ്രാവം, നീരു ണ്ടാകുക, മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് തലച്ചോറിനെ ബാധിക്കുക തുടങ്ങിയവയാണ് പ്രധാന സങ്കീർണതകൾ.

ഗിൽബർട്ട്സ് സിൻഡ്രോം

ജന്മനായുള്ള സവിശേഷതകൾ മൂലം രക്തത്തിൽ ബിലിറൂ ബിന്‍ കൂടി നിൽക്കുന്ന ശാരീരികാവസ്ഥ. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുമെങ്കിലും ഇതൊരു രോഗമല്ല. ചികിത്സ ആവശ്യമില്ല. പുരുഷന്മാരിലാണ് കൂടുതലായി കണ്ടു വരുന്നത്. 

കരളിനെ ബാധിക്കുന്ന അര്‍ബുദം

ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറസ് രോഗങ്ങളും ഗർഭനിരോധന ഗുളികകൾ പോലെയുള്ള മരുന്നുകളും കാര ലണമാകാം. സിറോസിസ് ലിവർ കാൻസറിനുള്ള മറ്റൊരു കാര ണമാണ്. പാരമ്പര്യ ഘടകവും ഇതിൽ പങ്കു വഹിക്കുന്നുണ്ട്. വയറുവേദന, വിശപ്പില്ലായ്മ, തൂക്കം കുറയുക, വിട്ടുമാറാത്ത പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ട്യൂമർ മാർക്ക റായ ആൽഫാ ഫീറ്റോ പ്രോട്ടീനിന്റെ അളവ്, സ്കാനിംഗ്, ബയോപ്സി പരിശോധനകളിലൂടെ രോഗനിർണയം നടത്താം. 

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി പത്മകുമാറിന്റെ 'മനുഷ്യശരീരം ഒരു മഹാത്ഭുതം' ബുക്ക്

Read More : Health Magazine