മദ്യം കരളിനെ കൊല്ലുന്നത് ഇങ്ങനെ; ഞെട്ടിക്കും ഈ വിഡിയോ

മദ്യം കരളിന്റെ ആരോഗ്യത്തിന് എത്രത്തോളം ദോഷകരമാണെന്ന് നമുക്കറിയാം. എങ്കിലും മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ പലർക്കും സാധിക്കാറില്ല. മദ്യം കരളിനെ എത്രത്തോളം നശിപ്പിക്കുമെന്ന് നേരിട്ട് കണ്ടു മനസ്സിലാക്കിയാല്‍ ഒരുപക്ഷേ പലരും ആ ശീലം തന്നെ ഉപേക്ഷിച്ചേക്കാം. കാരണം അത്രത്തോളം മാരകമായ ദൂഷ്യഫലമാണ് മദ്യം നമ്മുടെ കരളിനു നല്‍കുന്നത്.

ഡേ ടൈം ടിവി സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയിലാണ് ഇത്തരത്തില്‍ ഒരു ഞെട്ടിക്കുന്ന വിഡിയോ ലോകം കണ്ടത്. ഡോക്ടര്‍ ഡ്രൂ പിങ്കിയാണ് ഈ പരിപാടിയില്‍ അഥിതിയായെത്തിയത്. ഒപ്പം മദ്യപാനികളായ രണ്ടു ഇരട്ടസഹോദരിമാരും പങ്കെടുത്തു. ലിവര്‍ സിറോസിസ് പിടിപെട്ടു മരിച്ച ഒരു രോഗിയുടെ കരളും പൂര്‍ണആരോഗ്യത്തോടെയുള്ള ഒരു കരളുമാണ് പരിപാടിയില്‍ കാണിച്ചത്.

ആരോഗ്യത്തോടെയുള്ള കരളിനു നല്ല ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറമായിരുന്നു. എന്നാല്‍ രോഗം ബാധിച്ച കരളിന്റെ നിറം തന്നെ പേടിപ്പിക്കുന്നതായിരുന്നു. അടിമുടി കറുത്തു പാടുകള്‍ വീണ ആ കരളിന്റെ ചിത്രം തന്നെ കാണികളെ ഭയപ്പെടുത്തി. മദ്യത്തിന് അടിമകളായ ഇരട്ട സഹോദരിമ്മാരെ ഇതിന്റെ ഭീകരവശം കാണിച്ചു കൊടുക്കുകയും ഒപ്പം ഇവരെപ്പെലെ നിരവധി യുവതീയുവാക്കളെ ഇതിന്റെ രൂക്ഷത മനസ്സിലാക്കി കൊടുക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിഡിയോ കണ്ട ഇരട്ടകളില്‍ ഒരാള്‍ രോഗം വന്ന കരളിന്റെ ചിത്രം കണ്ടു കരയുന്നതും കാണാം.

 പരിപാടിയുടെ അവസാനം ഇരട്ടകള്‍ മദ്യപാനശീലം കുറച്ചു കൊണ്ടു വരുമെന്ന് ഡോക്ടര്‍ പിങ്കിക്ക് ഉറപ്പ് നല്‍കുന്നുണ്ട്.  ചികിത്സ നല്‍കിയ എല്ലാ മദ്യപാനികള്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ കരളിനു എന്തെങ്കിലും രോഗങ്ങള്‍ ഉള്ളതായി ഡോക്ടര്‍ പിങ്കി പറയുന്നു. എല്ലാവർക്കും മദ്യപാനം മൂലം സിറോസിസ് വരില്ല, പക്ഷേ ഓരോ മദ്യപാനിയും ലിവര്‍ സിറോസിസിന്റെ പിടിയിലാണ് എന്ന് ഡോ. പിങ്കി ഓര്‍മിപ്പിക്കുന്നു. 

സിറോസിസ് പിടിപെട്ടാല്‍ അത് ഒരിക്കലും സുഖപ്പെടുത്താന്‍ സാധിക്കില്ല. സിറോസിസ് ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും തകര്‍ക്കും. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്ക് സിറോസിസ് പിടിപെടാനുള്ള സാധ്യത അഞ്ചിരട്ടിയാണ്. കരളിന്റെ പ്രവര്‍ത്തനം തകിടം മറിഞ്ഞാല്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കാതെ വരും. ഇത് തലച്ചോറിന്റെ വരെ പ്രവര്‍ത്തനത്തെ ബാധിക്കും. ഒപ്പം പ്രതിരോധശേഷിയെയും. കരളില്‍ രക്തം കട്ടപിടിക്കുകയും രക്തം ഛര്‍ദ്ദിച്ചു മരിക്കുകയും ചെയ്യുന്നു രോഗി. 

വര്‍ഷങ്ങള്‍ കൊണ്ടാകും ഒരാള്‍ പൂര്‍ണസിറോസിസ് രോഗിയാകുന്നത്. ആദ്യഘട്ടം ചിലപ്പോള്‍ രോഗം കണ്ടെത്താന്‍ വൈകുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. ചിലപ്പോള്‍ ഹെപ്പറ്റിറ്റിസ് ബിയും ബാധിക്കും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. 14 യൂണിറ്റ് മാത്രമാണ് ആരോഗ്യമുള്ള ഒരാള്‍ക്ക് ഒരാഴ്ച കഴിക്കാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഡയറ്റ്, ഒലിവ് എണ്ണ , മത്സ്യം, ധാന്യങ്ങള്‍ എന്നിവ ധാരാളം കഴിക്കുക എന്നതും പ്രധാനം. അതുപോലെ റെഡ് മീറ്റ്‌ കഴിക്കുന്നതിന്റെ അളവും കുറയ്ക്കണമെന്ന് ഡോ. പിങ്കി പറയുന്നു.

Read More : ആരോഗ്യവാർത്തകൾ