Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ വൈറസ്; പൊതുജനങ്ങൾ ശ്രദ്ധിക്കാൻ...

nipah-virus

ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ നിപ്പ വൈറസിനെ തുരത്താവുന്നതേയുള്ളു. അനാവശ്യമായ ആശങ്കകൾ ഒഴിവാക്കാനും ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കണം. പനി വന്നാൽ ഉടൻ നിപ്പ വൈറസ് ആണെന്ന തെറ്റിദ്ധാരണ ആദ്യം ഒഴിവാക്കുക. 

മുൻ കരുതലുകൾ അത്യാവശ്യമാണ്. കരുതലുണ്ടായതുകൊണ്ടുകൂടിയാവണം നിപ്പാ വൈറസ് മറ്റിടങ്ങളിലേക്ക് പടരാതിരുന്നത്.

1. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. തുറന്ന സ്ഥലങ്ങളിൽ കലങ്ങളിൽ നിന്ന് ശേഖരിക്കുന്ന കള്ള്, മാങ്ങ,കശുമാങ്ങ,ചാമ്പങ്ങ, പേരയ്ക്ക, പോലുള്ളവ ഒഴിവാക്കുക. വവ്വാലുകളുടെ സാന്നിധ്യമുള്ളിടങ്ങളിൽ നിന്ന് അകലം പാലിക്കുക.

2. രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക..വ്യക്തിശുചിത്വം പാലിക്കുക. രോഗിയുടെ വസ്തുക്കൾ പ്രത്യേകം സൂക്ഷിക്കുക.

3. ആരോഗ്യപ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കുക.യൂണിവേഴ്സൽ പ്രിക്കോഷൻ പ്രധാനമാണ്. സാംക്രമിക രോഗങ്ങളിൽ സ്വീകരിക്കുന്ന എല്ലാ വിധ മുൻ കരുതലുകളും ഈ രോഗികളിലും നിർബന്ധമാണ്. മാസ്ക്, ഗ്ലൗ തുടങ്ങിയവ ഉപയോഗിക്കുക.

4. മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. മൃതദേഹം കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്. കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്

5. പനി,മയക്കം മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ വിദഗ്ധചികിൽസ തേടുക. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്

6. ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക

7. യാതൊരു ബോധവും ഇല്ലാത്ത വ്യാജന്മാരും ഡോക്ടർമാരെന്നവകാശപ്പെടുന്നവരും പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ സന്ദേശങ്ങളിൽ വീണ് വഞ്ചിതരാവാതിരിക്കുക.

വിവരങ്ങൾക്കു കടപ്പാട്: ഡോ നെൽസൺ ജോസഫ്

Read More : Nipah Virus