Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ വൈറസിന്റെ രണ്ടാം വരവ്; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

Nipah virus

കഴിഞ്ഞ മേയിൽ കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ജാഗ്രതയോടെ ആരോഗ്യവകുപ്പ്, വൈറസിന്റെ വ്യാപനകാലം ഡിസംബർ മുതൽ ജൂൺ വരെയാണ്. അതിനാൽ ഏവരും ജാഗരൂകരായിരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ വവ്വാലുകൾ കഴിച്ച പഴങ്ങൾ ഒരു കാരണവശാലും ഭക്ഷിക്കരുത്
∙ വൃത്തിയായി കഴുകിയശേഷം മാത്രമേ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാവൂ
∙ ശ്വസനസംബന്ധമായ രോഗങ്ങളുമായി വരുന്നവരെ പരിശോധിക്കുമ്പോൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം
∙ ചുമയുമായി വരുന്നവരെ 'കഫ് കോർണറി' ലേക്കു മാറ്റണം 
∙ ഇവർക്കു ധരിക്കാൻ മാസ്ക് കൊടുക്കണം
∙ ചുമയുള്ളവർ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ തൂവാല ഉപയോഗിച്ചു വായ മൂടണം
∙ വവ്വാലുകളാണ് പ്രധാന രോഗവാഹകർ എന്നതിനാൽത്തന്നെ വവ്വാലിന്റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുക

രോഗിയെ പരിചരിക്കുമ്പോൾ
നിപ്പ വൈറസ് ബാധിച്ച രോഗിയുമായി അടുത്തിടപഴകാതിരിക്കുക. രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധപ്പെടുമ്പോഴാണ് രോഗം പകരുന്നത്. അതായത്‌, അവർ തുമ്മുകയോ ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ശ്വസനവ്യവസ്‌ഥയിലേക്കെത്തുന്ന രോഗിയുടെ തുപ്പലിൻെയോ മൂക്കിലെ സ്രവങ്ങളുടേയോ അംശത്തിലുള്ള വൈറസുകളാണ്‌ രോഗം പടർത്തുന്നത്‌. രോഗിയുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം. രോഗിയെ ശുശ്രൂഷിക്കുമ്പോൾ മാസ്കും കയ്യുറകളും ധരിച്ചിരിക്കണം. അതിനുശേഷം ചുരുങ്ങിയത് നാൽപത്‌ സെക്കന്റ്‌ എടുത്ത്‌ കൈപ്പത്തിയുടെ എല്ലാ ഭാഗത്തും സോപ്പ്‌ എത്തുന്ന വിധത്തിൽ നന്നായി കൈ കഴുകുക. ഭക്ഷണം ഉണ്ടാക്കുന്നതിന്‌ മുൻപും ശേഷവും നന്നായി കൈ സോപ്പുപയോഗിച്ച്‌ കഴുകുക. രോഗിയെ പരിചരിച്ച ശേഷം കുളിച്ച്‌ വസ്‌ത്രം മാറുക. രോഗിയുടെയും പരിചാരകന്റേയും വസ്ത്രങ്ങൾ വൃത്തിയായി ഡിറ്റർജെന്റ്‌ ഉപയോഗിച്ച്‌ കഴുകുക. മുറിയുടെ നിലം അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കുക. രോഗിയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.

രോഗലക്ഷണങ്ങൾ
മറ്റു പനികളുടേതിനു സാമനമായ രോഗലക്ഷണങ്ങൾ തന്നെയാണ് ഇതിനും പ്രകടമാകുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായ ശേഷമേ വൈറസ് മറ്റൊരാളിലേക്കു പകരൂ. 

നിപ്പ വൈറസ് ഉള്ളിൽ പ്രവേശിക്കുന്നതെങ്ങനെ?

∙ വവ്വാലിന്റെ ഉമിനീരിലും വിസർജ്യവസ്തുക്കളിലും നിപ്പ വൈറസ്  സാന്നിധ്യമുണ്ട്. വവ്വാൽ കടിച്ച പഴത്തിൽ നിപ്പ വേഗമെത്തും. ഇതിലെ പഞ്ചസാരയും പുളിയും നൽകുന്ന കുറഞ്ഞ പിഎച്ച് കാരണം 3 ദിവസംവരെ ജീവനോടെ  ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും.

∙ ഈ പഴം ഒരാൾ കഴിച്ചെന്നിരിക്കട്ടെ, അയാളുടെ ശ്വാസനാളത്തിലേക്കുള്ള വഴിയാണ് നിപ്പയ്ക്കു തുറന്നുകിട്ടുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലിൽ കാണുന്ന എഫ്രിൻ ബി–ടുവിൽ പറ്റിപ്പിടിച്ച് ഉള്ളിൽ കടക്കുകയും പെരുകുകയും ചെയ്യും.

∙ രണ്ടാഴ്ചയ്ക്കുള്ളിൽ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ നിപ്പകൾ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും. രക്തത്തിൽ വൈറസ് കലരുന്ന അവസ്ഥയാണിത്.

∙ തുടർന്നു രക്തത്തിലൂടെ യാത്രചെയ്തു നിപ്പകൾ തലച്ചോറിലെത്തും. തലച്ചോറിലെ നാഡീകോശങ്ങളിലുള്ള എഫ്രിൻ ബി–ടുവിൽ കടന്നു മസ്തിഷ്കജ്വരം വരുത്തും.

സോപ്പ് രക്ഷകൻ
സോപ്പുവെള്ളത്തിലെ ക്ഷാരത്തിന്റെ സാന്നിധ്യത്തിൽ വൈറസ് നിർജീവമാകും. 22-39 ഡിഗ്രി സെൽഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. ഈർപ്പമില്ലാത്ത അവസ്ഥയിലും വൈറസിനു ജീവിക്കാനാകില്ല. രോഗിയുടെ അടുത്തു ചെല്ലുമ്പോൾ മൂക്ക്, വായ എന്നിവ മറച്ചു മാസ്ക് ധരിക്കുക. കൈകളിൽ ഗ്ലൗസ് ധരിക്കാം. രോഗിയെ പരിചരിച്ചവർ സോപ്പുകൊണ്ടു കൈ കഴുകണം. ശേഷം സോപ്പ് ഉപയോഗിച്ചു കുളിക്കുന്നതും നിപ്പയെ ഒഴിവാക്കും.