വര്‍ഷങ്ങള്‍ കാത്തിരുന്നു കിട്ടിയ മകന് ബ്രെയിന്‍ ട്യൂമര്‍; എന്തു ചെയ്യണമെന്നറിയാതെ ഒരു കുടുംബം

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ അമേരിക്കയിലെ ഇല്ലിനോയ്സ് സ്വദേശികളായ ചാഡിനും അലെക്സാന്ദ്രയ്ക്കും ഹോള്‍ഡന്‍ പിറന്നത്‌. അതും ഐവിഎഫ് ചികിത്സ വഴി. 16 ഉം 11 ഉം വയസ്സുള്ള രണ്ടു മക്കള്‍ ഈ ദമ്പതികള്‍ക്കുണ്ടെങ്കിലും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഈ ദമ്പതികള്‍  ഹോള്‍ഡനു ജന്മം നല്‍കിയത്. 

എന്നാല്‍ കാത്തിരുന്നു നേടിയ ആ സന്തോഷങ്ങള്‍ക്കൊന്നും അധികകാലം ആയുസ്സിലായിരുന്നു. ഹോള്‍ഡന്റെ ഒന്നാം പിറന്നാളിനു മുന്‍പ് തന്നെ സങ്കടകരമായ ആ വാര്‍ത്ത കുടുംബത്തെ തേടിയെത്തി. വളരെ വിരളമായി മാത്രം കുട്ടികളില്‍ കണ്ടു വരുന്ന അപൂര്‍വതരം ബ്രെയിന്‍ ട്യൂമറായിരുന്നു അവന്. അമേരിക്കയില്‍ തന്നെ വര്‍ഷത്തില്‍ 30 കേസുകള്‍ മാത്രമാണ് ഈ രോഗത്തെ കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നത്. വെറും 10  ശതമാനം മാത്രമായിരുന്നു ഡോക്ടർമാര്‍ അവന് അതിജീവനത്തിനു നല്‍കിയ പ്രതീക്ഷ. ഒരു വര്‍ഷത്തോളം കീമോതെറാപ്പി ചെയ്യേണ്ടതുണ്ടായിരുന്നു. എങ്കിലും അവന്റെ ജീവന്റെ കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പും നല്‍കാൻ സാധിച്ചില്ല. 

എല്ലാ കുഞ്ഞുങ്ങളെപ്പോലെയും പൂര്‍ണആരോഗ്യവാനായാണ് ഹോള്‍ഡനും വളര്‍ന്നത്‌. ഒരിക്കല്‍ കടുത്ത ഛര്‍ദ്ദി വന്നതായിരുന്നു രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നെ ബാലന്‍സ് നഷ്ടമാകാനും കണ്ണുകള്‍ നേരെ നിര്‍ത്താനും പ്രയാസം ഉള്ളതു പോലെ തോന്നി. പെട്ടന്ന് തലയ്ക്കു വലിപ്പം കൂടുന്നതും ശ്രദ്ധയില്‍ പെട്ടതോടെ ഹോള്‍ഡനെ മാതാപിതാക്കള്‍ ആശുപത്രിയില്‍ കാണിച്ചു. 

പരിശോധനയില്‍ കുഞ്ഞിന്റെ തലയോട്ടിയുടെ താഴെയായി ഒരു ഗോള്‍ഫ് ബോള്‍ വലിപ്പത്തിലൊരു ട്യൂമര്‍ കണ്ടെത്തുകയും അത് കാന്‍സര്‍ ട്യൂമര്‍ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Atypical teratoid rhabdoid tumor (AT/RT) എന്നാണു ഈ അപൂര്‍വരോഗത്തിന് വൈദ്യശാസ്ത്രം നല്‍കിയിരിക്കുന്ന പേര്. മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് 70 - 80 ശതമാനം വരെ അതിജീവനസാധ്യതയുള്ളപ്പോള്‍ മൂന്നു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ വെറും പത്തുശതമാനം മാത്രമാണ് അതിനുള്ള സാധ്യതയെന്നു ഡോക്ടർമാർ പറയുന്നു. 

ചിക്കാഗോയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഹോള്‍ഡനു ശസ്ത്രക്രിയ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. അതില്‍ അവന്റെ തലയിലെ ട്യൂമര്‍ നീക്കം ചെയ്യുകയും അധികമാകുന്ന സെറിബ്രോസ്പൈനല്‍ ഫ്ലൂയിഡ് വലിച്ചെടുക്കാന്‍ ഒരു വാല്‍വും ഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇനിയും ഹോള്‍ഡനു മുന്നില്‍ കടമ്പകള്‍ ഏറെയാണ്‌. പന്ത്രണ്ടു മാസത്തോളം നീളുന്ന കഠിനമായ കീമോ ദിനങ്ങളാണ് ഇനി അവനെ കാത്തിരിക്കുന്നത്. വെറും പതിനാലു മാസം മാത്രം പ്രായമായ ഒരു കുഞ്ഞു അതെങ്ങനെ അതിജീവിക്കും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കൂടാതെ പ്രോട്ടോണ്‍ റേഡിയേഷന്‍, സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് എന്നിവയെല്ലാം പിന്നാലെയുണ്ട്.

Read More : Health News | Fitness Tips