തലയിലെ പേന്‍; തട്ടിയെടുത്തത് അഞ്ചു വയസ്സുകാരിയുടെ സംസാരശേഷി

അമേരിക്കയിലെ മിസ്സിസ്സിപ്പി സ്വദേശിനിയായ കെയ്‌ലിന്‍ കിര്‍ക്ക് എന്ന അഞ്ചു വയസ്സുകാരി അന്ന് രാത്രിയും ഉറങ്ങാന്‍ പോയത്  അമ്മയ്ക്ക് കെട്ടിപിടിച്ചു മുത്തം നല്‍കിയിട്ടായിരുന്നു. പക്ഷേ അടുത്ത ദിവസം രാവിലെ ഉറക്കത്തില്‍ നിന്നുണര്‍ന്ന അവള്‍ തളര്‍ന്നു വീണു. ഉറക്കച്ചടവ് ആയിരിക്കുമെന്നാണ് അപ്പോള്‍ കെയ്‌ലിന്റെ മാതാവ് ജെസ്സിക്ക ഗ്രിഫിന്‍ കരുതിയത്‌. എന്നാല്‍ വീണിടത്ത് നിന്ന് എഴുനേല്‍ക്കാന്‍ സാധിക്കാതെ അവള്‍ കിടക്കുന്നത് കണ്ടപ്പോള്‍ ജെസ്സിക്കയ്ക്ക് ഭയമായി. 

കാര്യം തിരക്കിയപ്പോള്‍ കുട്ടിക്ക് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്ന് മനസ്സിലാക്കി. കൂടുതല്‍ പരിശോധനയിലാണ് കുട്ടിയുടെ തലയില്‍ ഒരു മുറിവ് കണ്ടത്. ഉടന്‍ തന്നെ അവളെ അവര്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയിൽ കുട്ടിക്ക് പേന്‍ ചെള്ളിന്റെ കടിയേറ്റു ഉണ്ടാകുന്ന Tick paralysis ആണെന്ന് കണ്ടെത്തി. ഇതിന്റെ വിഷമായ ന്യൂറോ ടോക്‌സിന്‍ (neurotoxin) കൊണ്ടുണ്ടാകുന്ന വിഷബാധയാണ് കുട്ടിക്കു സംഭവിച്ചത്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. 

ടിക്ക് പാരലിസിസ് ഉണ്ടാകുന്നത് പേന്‍ ചെള്ളിന്റെ ഉമിനീര്‍ഗ്രന്ഥികളില്‍ നിന്നു പുറപ്പെടുവിക്കുന്ന ന്യൂറോ ടോക്‌സിന്‍ കാരണമാണെന്ന് അമേരിക്കന്‍ ലിം ഡിസീസ് ഫൗണ്ടേഷന്‍ പറയുന്നു. നാഡികളുടെ പ്രവര്‍ത്തനത്തെയാണ് ഇത് ബാധിക്കുന്നത്. ആദ്യം ഇത് കാലിനെയും മസിലുകളെയും ആണ് ബാധിക്കുക. വേഗത്തിലാണ് ഈ പാരാലിസിസ് വ്യാപിക്കുക. യഥാസമയം പേനിനെ ശരീരത്തില്‍ നിന്നു നീക്കം ചെയ്യാതെ വരുമ്പോള്‍ പൂര്‍ണമായും തളര്‍ച്ച ഉണ്ടാകുന്നു. നീക്കം ചെയ്ത ശേഷം 12-24 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ക്ക് കുറവുണ്ടാകും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ‌

പുറത്തു പോയി വന്ന ശേഷം തലമുടി കഴുകി വൃത്തിയാക്കുന്നതിന്റെ ആവശ്യകത ഇവിടെയാണ്‌ ഡോക്ടർമാര്‍ എടുത്തു പറയുന്നത്. കെയ്‌ലിന്റെ അമ്മ ജെസ്സിക്ക ഗ്രിഫിന്‍ പറയുന്നത് മകളുടെ തലമുടി സംഭവത്തിനു മുന്‍പത്തെ രാത്രിയും വൃത്തിയാക്കിയിരുന്നു എന്നാണ്. ഈ പേന്‍ എങ്ങനെയാണ് അവളുടെ തലയില്‍ എത്തിയതെന്ന് അറിയില്ല എന്നും അവര്‍ പറയുന്നു. മറ്റു കുട്ടികളുടെ അമ്മമാര്‍ക്കും ഇതൊരു മുന്നറിയിപ്പായിരിക്കാന്‍ ആണ് ജെസ്സിക്ക ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

പെണ്‍ പേനുകള്‍ പുറത്തു വിടുന്ന ന്യൂറോ ടോക്‌സിനുകളാണ് ഇത്തരം പക്ഷാഘാതത്തിന് കാരണം. മുടി കൂടുതലുള്ള പെണ്‍കുട്ടികളില്‍ ഇത്തരം പേനുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അപൂര്‍വമായാണ് പക്ഷാഘാതമുണ്ടാകുന്നതെന്നു വിദഗ്ധര്‍ പറയുന്നു. എന്തായാലും കെയ്‌ലിന്റെ ചികിത്സ തുടരുകയാണ്. അവള്‍ സാധാരണനിലയിലേക്ക് തിരികെ വരുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്ന് ജെസ്സിക്ക പറയുന്നു.

Read More : Health News