രോഗശയ്യയിൽ നിന്ന് ഇർഫാൻ ഖാൻ പറയുന്നത്...

ഇർഫാൻ ഖാൻ

ബോളിവുഡിലെ പ്രിയനടന്‍ ഇര്‍ഫാന്‍ ഖാന് ഗുരുതരമായ ന്യൂറോ എന്‍ഡ്രോകൈന്‍ കാന്‍സറാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ബോളിവുഡില്‍ നിന്നും അവധിയെടുത്ത അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം താന്‍ ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിലാണെന്ന് സ്ഥിരീകരിച്ചത്. തന്റെ സ്വകാര്യത അതേപടി നിലനിര്‍ത്തണമെന്നും അതിനുശേഷം താന്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നതാണെന്നും അന്നു പറഞ്ഞിരുന്നു.

അടുത്തിടെ  ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രോഗാവസ്ഥയില്‍ താന്‍ കടന്നുപോയ നിമിഷങ്ങളെപ്പറ്റി അദ്ദേഹം വിവരിച്ചിരുന്നു. ജീവിതത്തില്‍ യാതൊന്നും സ്ഥിരമല്ല എന്നതാണ് ആദ്യം മനസ്സിലാക്കിയ കാര്യമെന്ന് ഇര്‍ഫാന്‍ ഖാന്‍ പറയുന്നു. 

ലണ്ടനിലെ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് മത്സരം കാണാനെത്തിയ ഇര്‍ഫാന്‍ ഖാന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 

വളരെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു ഞാന്‍ ബ്രിട്ടനിലെ ആശുപത്രിയിലെത്തിയത്. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് എന്റെ ആശുപത്രിയുടെ തൊട്ടു അരികിലാണ് ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ്‌ സ്റ്റേഡിയമെന്ന് മനസ്സിലായത്. അവിടെ വിവിയന്‍ റിച്ചാര്‍ഡിന്റെ ചിരിക്കുന്ന ഒരു ചിത്രത്തിന്‍റെ പോസ്റ്റര്‍ ഞാന്‍ കണ്ടു. വല്ലാത്തൊരുന്മേഷമാണ് അത് നല്‍കിയതെന്ന് ഇര്‍ഫാന്‍ ഖാന്‍ അഭിമുഖത്തില്‍ പറയുന്നു. 

വളരെ വേഗതയുള്ള ഒരു ട്രെയിനില്‍ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനെ പോലെയായിരുന്നു ഞാൻ. അപ്പോഴാണ് പെട്ടെന്ന് ടിക്കറ്റ് എക്സാമിനർ തോളിൽ തട്ടി നിങ്ങളുടെ സ്ഥലം എത്തിയിരിക്കുന്നു ഉടൻ ഇറങ്ങണമെന്ന് പറയുന്നത്‌. എന്നാല്‍ എന്റെ സ്റ്റോപ്പ്‌ ഇതല്ലെന്നും എനിക്ക് ഇനിയുമധികം സഞ്ചരിക്കാനുണ്ട് എന്നും ഞാന്‍ തിരിച്ചു പറയുന്ന അവസ്ഥയാണ് ഇപ്പോൾ എനിക്ക്– ഇർഫാൻ പറയുന്നു

എന്താണ് ന്യൂറോ എന്‍ഡ്രോകൈന്‍ കാന്‍സര്‍ 

വളരെ അപൂര്‍വമായ ഒരു കാന്‍സര്‍ വളര്‍ച്ചയാണ് ഇത്. ന്യൂറോഎന്‍ഡ്രോകൈന്‍ കോശങ്ങളിലെ  അസ്വഭാവികവളര്‍ച്ചയാണ് ഇതിന്റെ തുടക്കം. എങ്ങനെ രോഗം ഭേദമാക്കം എന്നതാണ് ഇത്തരം ട്യൂമറുകളുടെ ചികിത്സയുടെ ആദ്യപടി. രോഗത്തെ എങ്ങനെ നിയന്ത്രിച്ചു ട്യൂമര്‍ നീക്കം ചെയ്യാം എന്നതാണ് രണ്ടാം ഘട്ടമെന്ന് പ്രശസ്ത ഡോക്ടര്‍ കെ കെ അഗര്‍വാള്‍ പറയുന്നു. എന്നാല്‍ ന്യൂറോ എന്‍ഡ്രോകൈന്‍  ട്യൂമര്‍ ചികിത്സിച്ചു മാറ്റാം എന്നു തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിരീക്ഷണം, ശസ്ത്രക്രിയ, കീമോ, റെഡിയോപെപ്ടൈഡ് തെറപ്പി ( Radiopeptide Therapy) എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

Read More : Health News