Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെങ്കിപ്പനി; ശ്രദ്ധിക്കണം ഈ നാല് കാര്യങ്ങൾ

dengue-fever

മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങളും പിടിമുറുക്കിത്തുടങ്ങി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ പടിക്കു പുറത്തു നിർത്താവുന്ന ഒന്നാണ് ഡെങ്കിപ്പനിയും. അഥവാ രോഗം പിടികൂടി കഴിഞ്ഞാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ എത്രയും പെട്ടെന്ന് വിദഗ്ദ ചികിത്സ ഉറപ്പാക്കണം. ഡെങ്കിപ്പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങളാണ് താഴെപ്പറയുന്നത്.

1. എങ്ങനെയാണ് ഡെങ്കിപ്പനി പകരുന്നത്?

ഈഡിസ് വിഭാഗം കൊതുകുകള്‍ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗം കൊതുകുകളാണ് കേരളത്തിൽ വൈറസ് പരത്തുന്നത്. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ഏഴു ദിവസങ്ങൾക്കു ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നതിനുള്ള കഴിവ് നേടുന്നു. ഈഡിസ് കൊതുകുകള്‍ പകല്‍സമയത്താണ് കടിക്കുന്നത്. അതുകൊണ്ട് പകല്‍നേരത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

2. എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ?

വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം.

3. രോഗലക്ഷണങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം?

പനി വന്നാല്‍ ഒരിക്കലും സ്വയം ചികിത്സിക്കരുത് എന്നതാണ് ഏറ്റവും പ്രധാനം. ഉടൻ തന്നെ അടുത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കുകയാണ് ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്. ഡെങ്കിപ്പനി വന്നവര്‍ക്ക് പൂര്‍ണവിശ്രമം അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. പനി കുറയാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകഴിക്കാം. തുടര്‍ന്നും ലക്ഷണങ്ങള്‍ കഠിനമായി നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം.

4. ഡെങ്കിപ്പനി വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം?

വീടും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വീടിന്റെയോ ജോലിസ്ഥലങ്ങളുടെയോ പരിസര പ്രദേശങ്ങളിൽ യാതൊരുകാരണവശാലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്‌. കിണറുകൾ, ടാങ്കുകൾ, വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങൾ എന്നിവ കൊതുകു കടക്കാത്ത വിധ കൊതുകുവലയിട്ടു മൂടുകയോ തുണികൊണ്ട് മൂടുകയോ ചെയ്യുണം. നമ്മുടെ ചുറ്റുപാടിൽ കൊതുകുകൾക്ക് വളരാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

Read More : Health News