കാൻസർ ചികിത്സയുടെ ഭാഗമായി മുടി മുറിച്ച് സൊണാലി

താൻ അർബുദബാധിതയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച നടി സൊണാലി ബേന്ദ്ര ചികിത്സയ്ക്കായി മുടി മുറിക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ കഴിഞ്‍ ദിവസം പോസ്റ്റു ചെയ്തിരുന്നു. രോഗത്തോട് ധീരമായി പൊരുതാൻ ഉറച്ചത് വളരെ പോസിറ്റീവായ കാര്യമാണ്. ന്യൂയോർക്കിലെ ആശുപത്രിയിൽ നിന്നാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്.

സൊണാലി പറയുന്നു: "എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബെൽ അലെൻഡെ പറയുന്നതുപോലെ നമ്മുടെ ഉള്ളിലുള്ള ശക്തി പുറത്തുവരുന്നതുവരെ നമ്മൾ എത്രമാത്രം ശക്തരാണെന്ന് നാം അറിയുന്നില്ല. യുദ്ധത്തിന്റെയും ദുരന്തത്തിന്റെയും ആവശ്യകതയുടെയും സമയത്ത് ആളുകൾ അതിശയങ്ങൾ പ്രവർത്തിക്കും. അതിജീവിക്കാനും സ്വയം നവീകരിക്കാനുമുള്ള മനുഷ്യന്റെ കഴിവ് അപാരമാണ്". അവർ ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിക്കുന്നു ' കാൻസറിനോടു പടവെട്ടിയ നിങ്ങളിൽ ഓരോരുത്തരുടെയും അനുഭവങ്ങൾ എനിക്ക് ഊർജ്ജം നൽകുന്നു. ഞാൻ ഒറ്റയ്ക്കല്ല എന്ന അറിവും വളരെ പ്രധാനമാണ്. എന്നും പോസിറ്റീവ് ചിന്തകൾ നിലനിർത്താൻ ശ്രമിക്കുകയാണെന്നും സൊണാലി പറയുന്നു. 

കീമോതെറാപ്പി ചെയ്യുമ്പോൾ മുടി കൊഴിയുക സാധാരണമാണ്. അർബുദചികിത്സയുടെ പാർശ്വഫലങ്ങളിൽ ഒന്നാണത്. ചികിത്സയ്ക്ക് ആഴ്ചകൾക്കു ശേഷം മുടി  വളരും. ചിലപ്പോൾ മുടിയുടെ നിറവും ഘടനയും വ്യത്യാസമായിരിക്കാം. ഉയർന്ന ഡോസുള്ള മരുന്നുകൾ കഴിക്കുന്നതാണ് മുടി കൊഴിയാൻ കാരണം. 

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടി പോകുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും ഉത്കണ്ഠയും എല്ലാം അകറ്റാൻ സാധിക്കും. 

ഒന്നാമത് കീമോ തെറപ്പിക്കു മുൻപ് സൊണാലി ചെയ്തതു പോലെ മുടി മുറിക്കുക എന്നതാണ്. നീളം കുറഞ്ഞ മുടി ആണെങ്കിൽ മുടി നഷ്ടപ്പെടുന്നത് അത്ര അറിയില്ല. കീമോ ചികിത്സയ്ക്ക് മുൻപ് ഒരു ‘വിഗ്’ വയ്ക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു സ്കാർഫ് കെട്ടാം. തല മറയ്ക്കണോ എന്നത് നിങ്ങളുടെ മാത്രം ഇഷ്ടമാണ്. 

ചികിത്സാ സമയത്തും ശേഷവും മുടി ചീകുന്നതും കഴുകുന്നതും എല്ലാം സാവധാനം മതി. അകന്ന പല്ലുകൾ ഉള്ള ചീപ്പ് ഉപയോഗിച്ച് മുടി ചീകാം. കുട്ടികൾക്കുള്ള ഷാംപൂ ഉപയോഗിക്കുന്നതാകും നല്ലത്. മുടിക്ക് നിറം നൽകാനോ ബ്ലീച്ച് ചെയ്യാനോ പാടില്ല. മൃദുവായ സാറ്റിൻ തലയിണ ഉപയോഗിക്കുന്നതാകും നല്ലത്. 

വെളിയിൽ സൂര്യപ്രകാശത്തിൽ ഇറങ്ങുമ്പോൾ തലയോട്ടിയെ സംരക്ഷിക്കാൻ തല മൂടാൻ ശ്രദ്ധിക്കണം. 

കൺപീലിയെയും പുരികങ്ങളെയും ബാധിക്കാം എന്നതിനാൽ അവയും ശ്രദ്ധിക്കുക.

ചികിത്സയ്ക്കു ശേഷം മുടി വളരും. എന്നാൽ സമയമെടുക്കും എന്നു മാത്രം. ശാന്തമായി ധീരമായി രോഗത്തോടു പൊരുതുക.സൊണാലി നമുക്കു മാതൃകയാകുന്നത് ഇങ്ങനെയാണ്. 

Read More : Health News