മൂന്നാം വട്ടവും മരണമെത്തി മടങ്ങി; വിജയച്ചിരിയോടെ ബ്രോക്ക്

ബ്രോക്ക് മെയ്സർ എന്ന 22 കാരന്റെ ജീവിതം ശരിക്കും ഒരദ്ഭുതമാണ്. ഇന്ത്യാന സ്വദേശിയായ ഈ യുവാവിന്റെ ജീവിതത്തിലേക്കുള്ള മടങ്ങിവരവിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു വിളിക്കാം. ജനിച്ച നാള്‍ മുതല്‍ ബ്രോക്കിന്റെ ജീവിതം എന്നും ദൈവത്തിന്റെ കാരുണ്യത്തിലായിരുന്നു. ഓരോ വട്ടവും മരണം ബ്രോക്കിന്റെ തൊട്ടടുത്തു വരെയെത്തിയാണ് മടങ്ങിപ്പോയിട്ടുള്ളത്.

ജനനസമയത്ത് ബ്രോക്ക് ശരിയായി ശ്വാസോച്ഛ്വാസം നടത്തുന്നില്ലായിരുന്നു. അടിയന്തര ചികിത്സയുടെ ഫലമായി ബ്രോക്ക് ജീവിതത്തിലേക്കു മടങ്ങി വന്നു. പിന്നെ ബ്രോക്കിന്റെ ജീവിതം അപകടത്തിലായത് കൗമാരകാലത്താണ്. ബ്രെയിന്‍ ട്യൂമാറിന്റെ രൂപത്തിലാണ് അക്കുറി മരണം തേടിയെത്തിയത്. അതും ബ്രോക്ക് അതിജീവിച്ചു. പിന്നെ കാത്തിരുന്നത് ഇതിലും വലിയ ദുരന്തമായിരുന്നു.

കഴിഞ്ഞ ജനുവരി 12 നു ബ്രോക്കും കൂട്ടുകാരനും കൂടി ചില സുഹൃത്തുക്കളെ കാണാന്‍ ഒരു പിക്കപ്പ് ട്രക്കില്‍ പോകുകയായിരുന്നു. കൂട്ടുകാരനാണ് ട്രക്ക് ഓടിച്ചിരുന്നത്. എന്നാല്‍ പോകുന്ന വഴി ഉണ്ടായ ഒരപകടത്തില്‍ ബ്രോക്കിനു മാരകമായി പരിക്കേറ്റു.

വണ്ടിയുടെ ജനാലയില്‍ തല ഇടിച്ചുണ്ടായ ആഘാതത്തിൽ തലയും ശരീരത്തിന്റെ പകുതിയും ജനാലയിലൂടെ പുറത്തേക്കു വീണു. ബ്രോക്ക് തെറിച്ചു  പോകാതിരിക്കാന്‍ സുഹൃത്ത് പെട്ടെന്ന് അവന്റെ ഷര്‍ട്ടില്‍ പിടുത്തമിട്ടിരുന്നു.

അപ്പോഴേക്കും ബ്രോക്കിന്റെ മുഖവും ശരീരവും രക്തത്തില്‍ കുളിച്ചിരുന്നു. മെഡിക്കല്‍ സംഘം എത്തുന്നതു വരെ ബ്രോക്കിനെ സുഹൃത്ത് അനങ്ങാന്‍ സമ്മതിച്ചില്ല. ഈ നടപടിയാണ് ബ്രോക്കിന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അവന്റെ തലയോട്ടിയും നട്ടെല്ലുമായുള്ള ബന്ധം എതാണ്ട് അറ്റനിലയിലായിരുന്നു. 

Atlanto-occipital dislocation എന്നാണ് ഇതിനു പറയുന്നത്. ഇത്തരമൊരു അപകടം സംഭവിച്ച രോഗിയെ ആദ്യമായാണ് ആ ആശുപത്രിയിലെ ഡോക്ടർമാർ ചികിൽസിച്ചത്. അപകടം സംഭവിച്ച ശേഷം ബ്രോക്കിന്റെ ശരീരത്തിനു ചലനമുണ്ടാകാതെ സുഹൃത്ത് ശ്രദ്ധിച്ചതു കൊണ്ടാണ് ജീവന്‍ തിരികെകിട്ടിയത്. 

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചപ്പോൾ ചികിത്സിച്ച ഡോക്ടറുടെ നേതൃത്വത്തില്‍ ഒരു വലിയ സംഘമാണ് ബ്രോക്കിന്റെ കഴുത്തും തലയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് എത്തിയത്. സ്ക്രൂ, റോഡുകള്‍ എന്നിവ കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ കഴുത്തിന്റെ ചലനശേഷി 50 ശതമാനം തിരികെ ലഭിച്ചു. എങ്കിലും ദീര്‍ഘകാലം കഴുത്തില്‍ നെക്ക് ബ്രേസ് ഇടുകയും ഫിസിയോതെറാപ്പി ചെയ്യുകയും വേണം. ജീവിതത്തിലെ ഒരു പരീക്ഷണഘട്ടം എന്നാണു ബ്രോക്ക് ഇതിനെ വിശേഷിപ്പിക്കുന്നത്.

Read More : Health News