രാത്രിയില്‍ കിടക്കയിലൊരു വില്ലന്‍; സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം

രാത്രിയിലെ സുഖനിദ്രയില്‍ ചെറിയൊരു മുത്തം, പിന്നെ രോഗങ്ങളുടെ പരമ്പര ! മനുഷ്യരുടെ വായിലോ കണ്ണുകളിലോ കടിക്കുന്നതു കൊണ്ട് ശാസ്ത്ര ലോകം കിസിങ് ബഗ് (Kissing Bug) എന്ന ഒാമനപ്പേരിൽ വിളിക്കുന്ന ട്രയോടൈമിൻ ബഗ്ഗുകൾ വീണ്ടും അമേരിക്കക്കാരുടെ ഉറക്കം കെടുത്തുന്നു. അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം അമേരിക്കയിൽ ഇതുവരെ 3,00,000 പേരെ ഈ രോഗം ബാധിച്ചു കഴിഞ്ഞു. കിസ്സിങ് ബഗ് സമ്മാനിക്കുന്നത് ഷാഗസ് (Chagas) എന്ന രോഗാവസ്ഥയാണ്. 

എങ്ങനെ ബാധിക്കുന്നു?

നൂറുകണക്കിനുള്ള ട്രയായോമൈൻ പാരസൈറ്റുകളില്‍ ഏകദേശം പന്ത്രണ്ടോളം എണ്ണത്തില്‍ മാത്രമാണ് ഷാഗസ് രോഗാണുക്കളുള്ളതെന്ന് ആശ്വസിക്കാമെങ്കിലും ലോകമെമ്പാടും അറുപതു ലക്ഷം പേരെ  ഇതു ബാധിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്കുകൾ. കൃത്യസമയത്തു കണ്ടെത്തി ചികിത്സിക്കാതിരുന്നാള്‍ ഹൃദ്രോഗം മുതല്‍ ഗുരുതരമായ ആമാശയരോഗങ്ങള്‍ വരെയുണ്ടാകാം. മരണവും സംഭവിക്കാം.  മധ്യ അമേരിക്കയിലും തെക്കേഅമേരിക്കയിലും കണ്ടു വന്നിരുന്ന ഈ രോഗബാധ അടുത്തിടെ കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യരുടെയോ മൃഗങ്ങളുടെയോ മുഖത്ത് ഈ പാരസൈറ്റുകള്‍ കടിച്ചുണ്ടാകുന്ന ചെറിയ മുറിവിൽ ഇവയുടെ വിസര്‍ജ്യമേർക്കുന്നതു വഴിയാണ് ഷാഗസ് അണുബാധയുണ്ടാകുന്നത്. ചിലരില്‍ ആദ്യം അണുബാധയുടെ ലക്ഷണങ്ങള്‍ കാണാറില്ല. എന്നാല്‍ ചിലര്‍ക്ക് കണ്‍തടം ചുവന്നു വീര്‍ക്കുകയും മറ്റും ആണ് തുടക്കം. പനി, ഛര്‍ദി, തലവേദന, തലചുറ്റല്‍ എന്നിവയാണ് ആദ്യ ലക്ഷണം. ചിലരില്‍ വയറിളക്കവും ഉണ്ടാകും. ചെറിയ കുട്ടികളില്‍ ഹൃദയത്തിനും വയറ്റിലും വീക്കം ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. രോഗം യഥാസമയത്ത് കണ്ടെത്താന്‍ രക്തപരിശോധന ആണ് ആവശ്യം. തുടര്‍ന്ന് ചികിൽസ തേടി ആരോഗ്യം വീണ്ടെടുക്കാം.

Read More : ആരോഗ്യവാർത്തകൾ