ഫുകുഷിമ ആണവ റിയാക്ടർ തകർച്ച; കാൻസർ ബാധിച്ച് ആദ്യ മരണം

ഏഴുവർഷം മുൻപാണ് ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തെ സുനാമി തകർത്തത്. ആ അപകടത്തെ തുടർന്നുണ്ടായ അണുവിസരണത്തിൽ ശ്വാസകോശ കാൻസർ പിടിപെട്ട് അമ്പതുകാരനായ ഒരാൾ മരിച്ചതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2016–ലാണ് ഇദ്ദേഹത്തിൽ അർബുദം സ്ഥിരീകരിച്ചത്. 

സുനാമിക്കു ശേഷം തകരാറിലായ ഫുകുഷിമ ഡൈച്ചി പ്ലാന്റിലെ റേഡിയേഷൻ ലെവൽ പരിശോധിക്കുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്. പ്രത്യേക സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചായിരുന്നു ജോലിയെങ്കിലും അതിനെ മറികടക്കും വിധത്തിലുണ്ടായ റേഡിയേഷനാണ് അർബുദത്തിലേക്കു നയിച്ചതെന്നാണ് നിഗമനം. മരണവാർത്ത പുറത്തു വന്നതോടെ ഇദ്ദേഹത്തിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുമെന്ന് ജാപ്പനീസ് ആരോഗ്യ–തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നാലു ജീവനക്കാർക്ക് റേഡിയേഷനുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉണ്ടായതായി ജാപ്പനീസ് സർക്കാർ സ്ഥിരീകരിച്ചിരുന്നെങ്കിലും ആദ്യമായാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്.

Read More : Health News