ഈ കുഞ്ഞിനെ മരണത്തിന്റെ വക്കോളം എത്തിച്ചത് ഒരു ചുംബനം

കൊച്ചുകുഞ്ഞുങ്ങളെ ഓമനിക്കാന്‍ എല്ലാർക്കും ഇഷ്ടമാണ്. എന്നാല്‍ പിഞ്ചുകുഞ്ഞുങ്ങളെ ലാളിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. മിക്കപ്പോഴും അതൊന്നും നമ്മള്‍ ശ്രദ്ധിക്കാറില്ല. കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ മുന്‍കരുതൽ വേണമെന്നു ഡോക്ടർമാര്‍ പറയുന്നത്, അശ്രദ്ധ മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാണ്. 

വെറും പതിനൊന്നു ദിവസം മാത്രം പ്രായമുള്ള ഒലിവര്‍ മില്ലെര്‍ എന്ന കുഞ്ഞിനെ മരണത്തിന്റെ വാതില്‍ വരെ എത്തിച്ചത് സ്നേഹത്തോടെ ആരോ നല്‍കിയൊരു ചുംബനമാണ്. 23കാരിയായ ലൂസി കെന്‍ഡലിന്റെ മകനാണ് ഒലിവര്‍. ജനിച്ചപ്പോള്‍ എല്ലാ കുഞ്ഞുങ്ങളെയും പോലെ മിടുക്കനായിരുന്നു ഒലിവറും. എന്നാല്‍ ദിവസങ്ങള്‍ക്കകം കുഞ്ഞു പാല്‍ കുടിക്കാന്‍ വിസമ്മതിക്കുകയും എപ്പോഴും കരയുകയും ചെയ്തതോടെയാണ് കുഞ്ഞിനെ ലൂസി ആശുപത്രിയിലെത്തിച്ചത്. ഉടന്‍ കുഞ്ഞിനെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി. അത്രയ്ക്കു ഗുരുതരമായിരുന്നു സ്ഥിതി. 

കൂടുതല്‍ പരിശോധനകളിൽ കുഞ്ഞിനു neonatal herpes ആണെന്നു സ്ഥിരീകരിച്ചു. വായ്‌പുണ്ണ് (cold sore) ഉള്ള ആരോ കുഞ്ഞിനെ ചുംബിച്ചതു വഴി പടര്‍ന്നതാണ് ഈ രോഗം എന്നാണു ഡോക്ടര്‍മാരുടെ നിഗമനം. പ്രതിരോധശേഷി തീരെ കുറവുള്ള കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരാന്‍ എളുപ്പമാണ്. വളരെ വേഗമാണ് ഈ വൈറസ്‌ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പടരുന്നത്‌. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

എന്തായാലും ഒലിവര്‍ ഇരുപത്തിയൊന്നാം ദിവസം ജീവിതത്തിലേക്കു തിരികെയെത്തി. മറ്റുള്ളവരില്‍നിന്നു മാത്രമല്ല, അമ്മയ്ക്കുള്ള അണുബാധകള്‍ പോലും കുഞ്ഞിനെ ബാധിക്കാം. 

ലക്ഷണങ്ങള്‍ ഇങ്ങനെ

പാല്‍ കുടിക്കാന്‍ വിസ്സമ്മതിക്കുക

കടുത്ത പനി

നിര്‍ത്താതെയുള്ള കരച്ചില്‍

തൊലിപ്പുറത്തു പാടുകള്‍

Read More : Health News