കൊച്ചിയിൽ പത്തിൽ നാലു പേർക്ക് അമിത കൊളസ്ട്രോൾ

കൊച്ചി നഗരവാസികളിൽ 40% പേർക്ക് അമിത കൊളസ്ട്രോൾ എന്നു പഠന റിപ്പോർട്ട്. മെട്രോപോളിസ് ഹെൽത്ത് കെയർ നടത്തിയ ആരോഗ്യ പഠനത്തിലാണു പത്തിൽ നാലു പേർക്ക് അപകടകരമായ ആരോഗ്യനിലയാണെന്ന് വ്യക്തമായത്. 20നും 80നും ഇടയിൽ പ്രായമുള്ള 1,23,867 പേരുടെ രക്തസാംപിളുകൾ പരിശോധിച്ച റിപ്പോർട്ട് അവലോകനം ചെയ്താണ് മെട്രോപോളിസ് ഹെൽത്ത് കെയർ ഈ നിഗമനത്തിൽ എത്തിയത്. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഇന്ന് റിപ്പോർട്ട് പുറത്തു വിടുമെന്ന് മെട്രോപോളിസ് ഹെൽത്ത് കെയർ പ്രസിഡന്റ് ഡോ. നിലേഷ് ഷാ പറഞ്ഞു. 

രക്തത്തിൽ നല്ല കൊളസ്ട്രോളും (എച്ച്ഡിഎൽ) ചീത്ത കൊളസ്ട്രോളും (എൽഡിഎൽ) ഉണ്ട്. കൊച്ചിയിലെ സാംപിളുകൾ പരിശോധിച്ചതിൽ 10% പേരിൽ മാത്രമേ നല്ല കൊളസ്ട്രോൾ വേണ്ടത്ര അളവിലുള്ളൂ എന്നതാണ് ഏറ്റവും ആശങ്കാജനകമെന്നു വിദഗ്ധർ വിലയിരുത്തുന്നു. കൊളസ്ട്രോൾ സാധാരണ നിലയിലാണെങ്കിൽ പോലും എച്ച്ഡിഎൽ അളവ് കുറഞ്ഞിരിക്കുന്നതു ദോഷം ചെയ്യും. 

ജീവിതശൈലിയിൽ മാറ്റങ്ങൾ വേണ്ടതിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ജീവിതശൈലിയിലെ മാറ്റങ്ങൾ, വ്യായാമക്കുറവ്, പോഷകഗുണങ്ങളില്ലാത്ത ആഹാരം കഴിക്കുന്നത്, മാനസിക സമ്മർദം, പുകവലി, അമിത മദ്യപാനം എന്നിവയാണ് ഹൃദയത്തിന്റെ പ്രവ‍ർത്തനത്തെ താളം തെറ്റിക്കുന്ന കൊളസ്ട്രോളിന്റെ അളവു വർധിപ്പിക്കുന്നത്. 

∙ 10% സാംപിളുകളിൽ മാത്രമേ എച്ച്ഡിഎൽ അളവു വേണ്ടത്രയുള്ളൂ. 
∙ പത്തിൽ നാലു പേർക്ക് അമിത കൊളസ്ട്രോൾ
∙ പത്തിൽ അഞ്ചു പേർക്ക് അമിത എൽഡിഎൽ