ചുളിവുകൾ വീണ ചർമം ; സാറ പോരാടുന്നു

പേപ്പര്‍ ചുരുട്ടി വച്ചതുപോലെ ത്വക്കുള്ള ഒരാൾക്ക് മോഡലിങ് രംഗത്ത് എന്തെങ്കിലും പ്രതീക്ഷിക്കാമോ? മേൽക്കൊടുത്തിരിക്കുന്ന ഫോട്ടോയിൽ സൂക്ഷിച്ചു നോക്കിയാലും ആർക്കും മറിച്ചൊരു അഭിപ്രായം തോന്നാനിടയില്ല. അമേരിക്കയില്‍  മിന്നിയാപോളസിൽ താമസിക്കുന്ന സാറ ഗ്രട്ട്സ് എന്ന ഇരുപ്പത്തിയേഴുകാരി തന്റെ മേനിയഴക് കൊണ്ടല്ല മറിച്ചു തന്നിലെ കുറ്റങ്ങളും കുറവുകളും അതേപടി ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയാണ് ലോക ശ്രദ്ധ നേടിയത്.

എലേഴ്സ് ഡാൻലോസ് സിൻഡ്രോം (EDS) എന്ന അപൂര്‍വ രോഗമാണ് സാറയ്ക്ക്. ഇഡിഎസ് രോഗത്തിനു പന്ത്രണ്ട് വകഭേദമുണ്ടെങ്കിലും സാറയ്ക്ക് ത്വക്കിലാണ് പ്രകടമായത്. ശരീരമാകമാനം ചര്‍മം ഇടിഞ്ഞു തൂങ്ങിയ നിലയിൽ ചുളിവുകള്‍ വീണ് ഒട്ടും മനോഹരമല്ലാത്ത ചർമം. അപകര്‍ഷതാബോധത്തിലാണ്ടു പോയൊരു ജീവിതം അവള്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ജീവിതത്തിന്റെ ഒരു ഘട്ടമെത്തിയപ്പോള്‍ സാറ മാറിചിന്തിച്ചു. തന്റെ ചര്‍മത്തെ അവള്‍ മറ്റൊരു രീതിയില്‍ കണ്ടു തുടങ്ങി. 

ഇഡിഎസ് രോഗത്തെക്കുറിച്ച് ബോധവത്കരണം നടത്താന്‍ തന്നാലാകുന്നത് ചെയ്യണമെന്ന ചിന്തയാണ് സാറയെ മോഡലിങ് രംഗത്ത് എത്തിച്ചത്. ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ഈ രോഗം ബാധിക്കാമെന്നു സാറ പറയുന്നു. രക്തകുഴലുകള്‍, മസിലുകൾ അവയവങ്ങള്‍ തുടങ്ങി എവിടെയും പിടികൂടാം.

ഈ രോഗം മൂലം അപകര്‍ഷതാബോധത്തോടെ കഴിയുന്ന ഏതൊരാള്‍ക്കും പ്രചോദനമാകുക എന്നതാണ് സാറ തന്റെ മോഡലിങ്ങിലൂടെ ഉദേശിക്കുന്നത്. തനിക്കു ചുറ്റും പോസിറ്റീവ് എനര്‍ജി നല്‍കുന്ന ആളുകളെ കൊണ്ടവള്‍ നിറച്ചു. സങ്കടപ്പെടുത്തുന്ന എല്ലാം അവള്‍ മറക്കാന്‍ ശ്രമിച്ചു തുടങ്ങി. ആത്മസുഹൃത്തായ ബ്രിയാനയാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നു സാറ പറയുന്നു.