കാലുകളിലെ ബലഹീനതയും പ്രമേഹവും

65 വയസ്സുള്ള ഒരു പുരോഹിതനാണ് ഞാൻ. ഞാനൊരു ഡയബറ്റിക് രോഗിയാണ്. 25 വർഷത്തിലേറെയായി ഈ രോഗത്തിന് ഞാൻ മരുന്നു കഴിക്കുന്നുണ്ട്. ഈ രോഗം വന്നതിനു ശേഷം എനിക്കുള്ള പ്രധാനപ്പെട്ട ബുദ്ധിമുട്ട് നിന്നുകൊണ്ട് പ്രാർഥിക്കുവാൻ ഞാൻ ഏറെ ക്ലേശിക്കുന്നു എന്നതാണ്. നിന്നുകൊണ്ടു പ്രാർഥിക്കുവാൻ തുടങ്ങുമ്പോള്‍ കാലുകളിലെ മുട്ടിന്റെ അടിഭാഗങ്ങളിൽ ബലഹീനത അനുഭവപ്പെടുകയും കാലുകൾ പറിച്ച് പറിച്ച് ചവിട്ടാനുള്ള പ്രവണത ഉണ്ടാവുകയും ചെയ്യുന്നു. നിൽക്കുമ്പോൾ വയറു മേശയോട് ചേർത്തു വച്ചാണ് (മുട്ടിച്ച്) പ്രാർഥന തുടരുക. രണ്ടു കാലുകൾക്കും ഒരു ബലഹീനത പൊതുവെ അനുഭവപ്പെടാറുണ്ട്. പടികൾ കയറുമ്പോൾ വേച്ചു പോകാറുണ്ട്. പ്രാർഥനയ്ക്കിടയിൽ കാലുകൾക്ക് ബലഹീനത ഉണ്ടാകുന്നതുകൊണ്ട് കാലുകൾ പറിച്ചു പറിച്ച് ചവിട്ടുകയും അതു മൊത്തത്തിലുള്ള ഒരു ബലഹീനതയ്ക്ക് കാരണമാകുകയും ചെയ്യുന്നു. എന്റെ പ്രമേഹം ഇപ്പോൾ Controlled ആണ്. 2010 മാര്‍ച്ചിൽ  എനിക്ക് ഒരു ബ്രെയിൻ സ്ട്രോക്ക് ഉണ്ടായിട്ടുണ്ട്. നിൽക്കുമ്പോൾ എനിക്ക് അനുഭവപ്പെടുന്ന ഈ ബലഹീനതയുടെ കാരണം എന്തുകൊണ്ടാണ് എന്നു പറയുമോ? അതിനു ഫലപ്രദമായ ചികിത്സയുണ്ടോ?

ബഹു. അച്ചാ,
അച്ചൻ 25 വർഷത്തിലധികം ദൈർഘ്യം ഉള്ള പ്രമേഹരോഗിയാണല്ലോ. പ്രമേഹത്തിനായി അച്ചൻ ഇൻസുലിൻ കുത്തിവയ്ക്കുകയും മരുന്നുകൾ കഴിക്കുകയും ക്രമമായി ചെയ്യുന്നു ണ്ടെന്നു മനസ്സിലായി. ഇപ്പോൾ രക്തത്തിലെ ഷുഗർ നിയന്ത്രണത്തിലാണെന്നും കണ്ടു. അച്ചന്റെ കാലിലെ ബലക്കുറവും അതിനോടനുബന്ധമായ മറ്റു പ്രശ്നങ്ങളും ദീർഘമായ പ്രമേഹരോഗത്തിന്റെ പരിണതഫലങ്ങളായിട്ടാണ് മനസ്സിലാകുന്നത്. 2010 ൽ ഉണ്ടായ സ്ട്രോക്കും പ്രമേഹത്തിന്റെതന്നെ പരിണതഫലമാണ്. 

കാലിൽ അനുഭവപ്പെടുന്ന അവസ്ഥ പ്രമേഹം മൂലം ഞരമ്പുകളിൽ ഉണ്ടാകുന്ന വ്യതിയാനം മൂലമാകാനാണ് സാധ്യത. Diabetic Naturopathy എന്നാണ് ഇത് അറിയപ്പെടുന്നത്. 2010 ൽ ഉണ്ടായ സ്ട്രോക്കും കാലുകളിലെ ബലക്കുറവിന് ഒരു കാരണമാണ്. ആയതിനാൽ അച്ചൻ ഒരു ന്യൂറോളജി സ്പെഷ്യലിസ്റ്റിനെയും പ്രമേഹരോഗ വിദഗ്ധനെയുമാണ് കാണേണ്ടത്. അവർ നിർദേശിക്കുന്ന പരിശോധനകളും ചികിൽസകളുമാണ് സ്വീകരിക്കേണ്ടത്. ഇങ്ങനെ ചെയ്താൽ കാലിലെ അവസ്ഥയ്ക്കു നല്ല രീതിയിൽ മാറ്റം ഉണ്ടാകും. Diabetic Naturopathy യ്ക്ക് ചികിൽസ നല്ല ഫലപ്രദമാണ്. അതുകൊണ്ട് അച്ചൻ താമസിയാതെ ഒരു പരിചയസമ്പന്നനായ ന്യൂറോളജി ഡോക്ടറെ സമീപിക്കുക.