രക്തബന്ധത്തിലുള്ളവരെ വിവാഹം കഴിച്ചാൽ; മൂന്നു മക്കളെ നഷ്ടമായ ദമ്പതികൾ പറയുന്നു

റൂബ ബിബിയും സാദിക്ക് മെഹ്മൂദും അടുത്ത ബന്ധുക്കളാണ്. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ റൂബയുടെ വിവാഹം സാദിക്കുമായി ഉറപ്പിച്ചു. അന്ന് റൂബയ്ക്ക് പ്രായം 17ആയിരുന്നു. സാദിക്കിന് 27 വയസ്സും. തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന് റൂബ വീട്ടുകാരോട് പറഞ്ഞെങ്കിലും സ്കൂള്‍ പഠനം മാത്രം മതിയെന്ന് അവളുടെ പിതാവ് വിധിയെഴുതി. വൈകാതെ റൂബയുടെയും സാദിക്കിന്റെയും വിവാഹം നടന്നു. രണ്ടു മാസങ്ങള്‍ക്ക് ശേഷം റൂബ ഗര്‍ഭിണിയാകുകയും ചെയ്തു. 

2007 ല്‍ അവര്‍ക്ക് ഹാസിം എന്നൊരു മകന്‍ പിറന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ ഹാസിമിന് ഉറക്കക്കുറവും ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം നിസ്സാരമാണെന്നു റൂബ കരുതി. എന്നാല്‍ വൈകാതെ കുട്ടിക്ക് ചില ജനതികപ്രശ്നങ്ങള്‍ ഉണ്ടെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. 

കുട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന ചില ജനതികതകരാറുകളായിരുന്നു ഹാസിമിന്. ഒരേ കുടുംബത്തിലെ അടുത്ത രക്തബന്ധമുള്ള ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന കുട്ടിക്ക് ലഭിക്കുന്ന ജനിതകരോഗമായിരുന്നു ഹാസിമിന്. 

ദിവസം കഴിയുന്തോറും കുഞ്ഞിനു രോഗം കൂടിക്കൂടി വന്നു. കുട്ടിയുടെ തലയുടെ വലിപ്പം കൂടുകയും തുടര്‍ച്ചയായി ചെസ്റ്റ് ഇന്‍ഫെക്ഷന്‍ കൂടുകയും ചെയ്യുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. വൈകാതെ കുഞ്ഞ് മരണത്തിനു കീഴടങ്ങി. റൂബ യുകെയിലും ഭര്‍ത്താവ് പാക്കിസ്ഥാനിലുമായിരുന്നു അപ്പോള്‍. വൈകാതെ അദ്ദേഹം റൂബയ്ക്ക് അരികിലെത്തി. 

2010 ല്‍ ഇവര്‍ക്ക് ഒരു മകള്‍ കൂടി ജനിച്ചു. ഈ കുട്ടിക്കും മൂത്തകുട്ടിയുടെ പോലെ തന്നെ  I-cell രോഗം ഉണ്ടെന്നു സ്ഥിരീകരിച്ചു. മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം  ഈ കുട്ടിയും മരണത്തിനു കീഴടങ്ങി. എന്നാല്‍ ഇനിയൊരു കുട്ടി ഉണ്ടായാലും ആ കുഞ്ഞിനും മറ്റു കുട്ടികളുടേതു പോലെ സമാനരോഗങ്ങള്‍ ഉണ്ടായേക്കാമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. എങ്കിലും റൂബ മൂന്നാമതും ഗര്‍ഭിണിയായി. ഡോക്ടര്‍മാര്‍ പലവട്ടം പറഞ്ഞിട്ടും റൂബ കൂടുതല്‍ പരിശോധനകള്‍ക്ക് ഇക്കുറി വിധേയയായില്ല. എന്നാല്‍ അടുത്ത പെണ്‍കുഞ്ഞും രോഗിയായാണ് ജനിച്ചത്‌. 

ഒരു വര്‍ഷത്തിനു ശേഷം ഈ കുഞ്ഞും മരിച്ചു. മൂന്നുകുട്ടികളുടെ മരണവും ആറു വട്ടം ഗര്‍ഭം അലസിയതും റൂബയെ അതിനോടകം തകര്‍ത്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ എപ്പോഴോ അടുത്ത ബന്ധുവുമായുള്ള വിവാഹവും കുട്ടികളുടെ രോഗവും തമ്മില്‍ ബന്ധമുണ്ട് എന്ന് റൂബ തിരിച്ചറിഞ്ഞു. അടുത്ത ബന്ധുക്കള്‍ പലരും റൂബയും സാദിക്കും വിവാഹമോചിതരാകാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അതിനു സാധ്യമല്ല എന്ന് ഇരുവരും പറഞ്ഞു. പത്തുവര്‍ഷങ്ങള്‍ക്ക് ഇപ്പറം റൂബയും സാദിക്കും ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ തങ്ങളുടെ കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹിതരാകാന്‍ ഇവര്‍ സമ്മതിക്കാറില്ല. ഇനി IVF ചികിത്സ നടത്തിയാലോ എന്ന ആലോചനയിലാണ് ഇവര്‍. അതും എത്രത്തോളം വിജയകരമാകും എന്ന് ഇവര്‍ക്ക് അറിയില്ല.