അന്തരീക്ഷമലിനീകരണം ബുദ്ധിവളർച്ചയ്ക്കു വില്ലനാകും

നഗരങ്ങളിലേക്കു ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. നാട്ടുമ്പുറത്തെ ശുദ്ധവായുവും വെള്ളവും ഉപേക്ഷിച്ച് നഗരങ്ങളിലേക്കു താമസം മാറ്റുന്നവർ പറയുന്ന ന്യായം പലപ്പോഴും, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസസൗകര്യം നഗരങ്ങളിൽ ഉറപ്പാക്കാനാകും എന്നാണ്. എന്നാൽ അത്തരം മാതാപിതാക്കൾ ഒന്നു മനസ്സിലാക്കിക്കോളൂ, നഗരങ്ങളിലെ വായുമലിനീകരണവും ജലമലിനീകരണവും നിങ്ങളുടെ കു‍ഞ്ഞുങ്ങളുടെ ബുദ്ധിശക്തിയെ പ്രതികൂലമായി ബാധിച്ചേക്കാം.

മലിനമായ അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളുടെ ബുദ്ധിവളർച്ച മറ്റു കുട്ടികളുടേതിനേക്കാൾ കുറവായിരിക്കുമെന്നാണ് ലോസ് ആഞ്ചൽസിൽ നടന്ന പഠനങ്ങൾ അവകാശപ്പെടുന്നത്. ബുദ്ധിവികാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നു മാത്രമല്ല, നാഡീസംബന്ധമായ രോഗങ്ങൾ പിടിപെടുന്നതിനും ഇത്തരം കുട്ടികൾക്കു സാധ്യത കൂടുതലാണ്.

പഠനവൈകല്യങ്ങളും ഓട്ടിസം പോലെയുള്ള ഗുരുതര രോഗങ്ങളും ഇവർക്കു പിടിപെട്ടേക്കാം. ശ്വസിക്കുന്ന വായുവിൽ അടങ്ങിയ വിഷവാതകങ്ങളാണ് ഇതിനു കാരണം. വ്യവസായ മേഖലകളിൽ താമസിക്കുന്ന കുട്ടികളിലാണ് ഇത്തരം വൈകല്യങ്ങൾ കൂടുതലായും കണ്ടുവരുന്നത്. ഇവിടെയുള്ള അന്തരീക്ഷത്തിൽ അടങ്ങിയ ലെഡ്, മെർക്കുറി തുടങ്ങിയ ഘടകങ്ങളാണ് കുട്ടികളുടെ ബുദ്ധിവികാസത്തെ തടസ്സപ്പെടുത്തുന്നത്. ഇവ അടങ്ങിയ അന്തരീക്ഷത്തിൽ ജീവിക്കുന്ന കുട്ടികൾക്ക് കണക്കും ശാസ്ത്രവിഷയങ്ങളും ക്രമേണ പഠിക്കാൻ പ്രയാസമാകുന്നതായി കണ്ടുവരുന്നുണ്ടത്രേ.