ബലൂൺ പൊട്ടിച്ചാൽ കേൾവിശക്തി നശിക്കുമോ?

ബലൂണില്ലാതെ കുട്ടികളുടെ ജന്മദിനാഘോഷം സങ്കല്പിക്കാനേ പറ്റില്ല. ആഘോഷങ്ങൾക്കെല്ലാം ബലൂണിന്റെ സാന്നിധ്യവും ഉണ്ടാകും. ബലൂൺ പൊട്ടിക്കലും രസകരമായ വിനോദം തന്നെ. എന്നാൽ ബലൂൺ പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദം കുട്ടികളിൽ കേൾവിശക്തി നശിപ്പിക്കും എന്നാണ് ഒരു പഠനം പറയുന്നത്. ബലൂണ്‍ പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദം ഒരു തോക്കിൽ നിന്ന് വെടിപൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തെക്കാൾ അധികമാണെന്നും ഇത് സ്ഥിരമായ കേൾവിക്കുറവിത്തകരാറിനും കാരണമാകുമെന്നും ഗവേഷകർ.

ബലൂൺകൊണ്ട് കളിക്കരുത് എന്നല്ല തങ്ങൾ പറയുന്നതെന്നും അത് പൊട്ടിക്കാതിരിക്കാൻ ശ്രമിക്കണമെന്നും ഓരോ വലിയ ശബ്ദത്തിനും ജീവിതകാലം മുഴുവന്‍ നീണ്ടുനിൽക്കുന്ന ഫലങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പു നൽകുന്നത്. കാനഡയിലെ അൽബെർട്ട് സർവകലാശാല ഗവേഷകരാണ്.

ബലൂൺ പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദം ഗവേഷകർ അളന്നു. ശക്തിയുള്ള തോക്കില്‍ നിന്നുള്ള വെടിയൊച്ച ഒരാളുടെ ചെവിയുടെ അടുത്തു കൂടി കടന്നു പോകുന്നതിനു തുല്യമായിരുന്നു ആ ശബ്ദം എന്നത് ഗവേഷകരിൽ അത്ഭുതവും ഉണ്ടാക്കി.

ചെവിയെ സംരക്ഷിച്ചുകൊണ്ടും ഉയർന്ന ശക്തിയുള്ള മൈക്രോഫോണും പ്രീ ആംപ്ലിഫയറും ഉപയോഗിച്ചും ഗവേഷകർ ബലൂൺ പൊട്ടുമ്പോഴുണ്ടാകുന്ന ഫലങ്ങള്‍ മൂന്നു വ്യത്യസ്ത തരത്തിൽ അളന്നു. പിൻ ഉപയോഗിച്ച് കുത്തിപൊട്ടിക്കുക. പൊട്ടുംവരെ ഊതി വീർപ്പിച്ച് പൊട്ടിക്കുക. ഞെക്കിപൊട്ടിക്കുക ഇങ്ങനെ മൂന്നു തരത്തിലുള്ള ശബ്ദമാണ് അളന്നത്.

ബലൂൺ പൊട്ടുമ്പോഴുണ്ടാകുന്ന കൂടിയ ശബ്ദം 168 ഡെസിബൽ ആണെന്നു കണ്ടു ഇത് 12 ഗേജ് തോക്കിൽ നിന്നുണ്ടാകുന്ന വെടിയൊച്ചയെക്കാള്‍ 4 ഡെഡിബൽ അധികമായിരുന്നു എന്ന് ‘കനേഡിയൻ ഓഡിയോളജിസ്റ്റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.‌

സാധാരണ ഈ ഡെസിബെൽ വരെയുള്ള ശബ്ദം മനുഷ്യർക്ക് ദോഷമുണ്ടാക്കില്ല. ഇതിനു മുകളിലാകുമ്പോൾ ആരോഗ്യത്തിനും കേള്‍വിക്കും ഹാനികരമാകും. പടക്കം പൊട്ടുന്ന ശബ്ദം 150 ഡെസിബെല്ലിനു മുകളിലാണ്. ബലൂൺ പൊട്ടുമ്പോഴുള്ള ശബ്ദം ഇതിനും മുകളിലാണ് എന്നത് ശ്രദ്ധേയമാണ്.

കുട്ടികളെ കേൾവിക്ക് സംരക്ഷണം നൽകികൊണ്ടു മാത്രമേ ഉയർന്ന ശബ്ദമുള്ളതെന്തും പൊട്ടിക്കാൻ അനുവദിക്കാവൂ എന്ന് ഗവേഷകർ പറയുന്നു.

ആന്തര കർണത്തിലെ കോക്ലിയയിലുള്ള അതിസൂക്ഷ്മ രോമങ്ങൾക്ക് നാശം സംഭവിക്കുമ്പോഴാണ് കേള്‍വി തകരാറുണ്ടാകുന്നത്. ഉയർന്ന ശബ്ദം ഈ സൂക്ഷ്മ രോമങ്ങളെ നശിപ്പിക്കുന്നു. ഇത് ഒരിക്കലും വീണ്ടും വളരുകയില്ല.

ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലെ തന്നെ നമ്മൾ ശ്രവണാരോഗ്യത്തെക്കുറിച്ചും ചിന്തിക്കണമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.