തലച്ചോറിന് തകരാറുമായി നവജാത ശിശുക്കൾ

ബ്രസീലിയ∙ രണ്ടായിരത്തിലധികം നവജാത ശിശുക്കൾക്കു തലച്ചോറിന് തകരാർ കണ്ടെത്തിയതോടെ ബ്രസീലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊതുകുകളിൽ നിന്നും പകരുന്ന ഒരു വൈറസ് കണ്ടെത്തിയിരുന്നു. ഇതാണു കുഞ്ഞുങ്ങളിലെ ഗുരുതര തകരാറുകൾക്കു കാരണമെന്നാണു കരുതുന്നത്.

70ൽ അധികം വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിലെ കുരങ്ങുകളിൽ സിക്ക എന്ന രോഗാണു കണ്ടെത്തിയിരുന്നു. ചെറിയ ചെറിയ അസുഖങ്ങൾക്കാണ് ഇതു കാരണമാകുന്നതെങ്കിലും കാലാന്തരത്തിൽ നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഗുരുതര അസുഖങ്ങളായി ഇതു മാറുമെന്നും രോഗിയുടെ മരണത്തിനു വരെ കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. നവംബർ 28ന് മൈക്രോസെഫാലി (തലയോട്ടി ചുരുങ്ങിയ അവസ്ഥ) ബാധിച്ച കുട്ടിയിൽ സിക്കാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി ബ്രസീൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ അവസ്ഥയിലുള്ള രണ്ടു കുട്ടികളുടെ മാതാവിന്റെ അമ്നിയോട്ടിക് ദ്രാവകത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഇതു വളരെ അത്ഭുതപൂർവമായ അവസ്ഥയാണ്. ശാസ്ത്രലോകത്തിനു പോലും ഇതിന് ഉത്തരം കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. മൈക്രോസെഫാലി സംശയിക്കപ്പെടുന്ന 2,400 ഓളം നവജാത ശിശുക്കളെയാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 29 പേർ ഇതിനകം മരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം 147 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

സിക്ക വൈറസിന്റെ വ്യാപനം ലോകാരോഗ്യ സംഘടന വളരെ ശക്തമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇത്തരത്തിലൊരു സാഹചര്യമുണ്ടായേക്കാമെന്ന് അവർ ബ്രസീലിനു മുന്നറിയിപ്പും നൽകിയിരുന്നു. ഇവിടെ സന്ദർശനത്തിനുശേഷം മടങ്ങിവന്ന ചിലരിൽ വൈറസിന്റെ സാന്നിധ്യം യുഎസ് കണ്ടെത്തിയിരുന്നു.