ശുശ്രൂഷയിലെ ശരിതെറ്റുകൾ

സ്ട്രോക്ക് ചികിത്സയിൽ എത്രത്തോളം സൂക്ഷ്മത ചികിത്സകൻ പുലർത്തണമോ, അത്രയുമോ അതിലധികമോ ശ്രദ്ധ രോഗിയെ ശുശ്രൂഷിക്കുന്ന ബന്ധുമിത്രാദികളും കാണിക്കേണ്ടതുണ്ട്. തെറ്റായ ഒരു ശുശ്രൂഷാസമീപനം കുടുംബാംഗങ്ങളിൽ നിന്നും വന്നാൽ അതിന്റെ ആഘാതം രോഗിയെ വളരെയധികം ബാധിക്കുന്നതാണ്. അതിനാൽ ശുശ്രൂഷയിലെ ശരി തെറ്റുകൾ അറിയാം.

സംസാരിക്കുമ്പോൾ

തളർച്ച ബാധിച്ച ഭാഗത്തുനിന്നു മറ്റുള്ളവർ സംസാരിക്കുക. കൂടാതെ, ടിവി, ഫോൺ, മേശ മുതലായവ തളർച്ച ബാധിച്ച ഭാഗത്തേക്ക് സ്ഥാപിച്ചാൽ രോഗി ആ ഭാഗത്തെ അവഗണിക്കാനുള്ള പ്രവണത കുറഞ്ഞുവരും.

കിടത്തുമ്പോൾ

തളർച്ച ബാധിച്ച കൈ—കാലുകൾ തൂക്കിയിടാതെ കഴിയുന്നത്ര സമയം തലയിണയിലോ മറ്റോ ഭാരം താങ്ങി നിലനിർത്തണം. കണങ്കാൽ താഴോട്ട് മറിയാതിരിക്കാൻ മൃദുലമായ തലയണകൾക്ക് പകരം പ്ലൈവുഡ്, സ്പ്ലിന്റ് തുടങ്ങിയ വസ്തുക്കൾ ഇരുവശങ്ങളിലും ഉപയോഗിക്കുക.

ഇരുത്തുമ്പോൾ

പക്ഷാഘാതം ബാധിച്ച കൈകൾ തൂക്കിയിടാതെ തലയണയുടെ മുകളിൽ വയ്ക്കുക. കാലുകളും തൂക്കിയിടാതെ ഫുട്ബോർഡിനു മുകളിലോ മറ്റോ വയ്ക്കാം.

കസേരയിൽ നിന്ന് എഴുന്നേൽപ്പിക്കുമ്പോൾ

പുറകിൽ നിന്ന് കൈ പിടിച്ചുവലിച്ച് എഴുന്നേൽപ്പിക്കരുത്. അരയ്ക്ക് മുകൾ ഭാഗത്ത് പിടിച്ച് എഴുന്നേൽപ്പിക്കാം.

കട്ടിലിൽ നിന്ന് എഴുന്നേൽപ്പിക്കുമ്പോൾ

തളർച്ച ബാധിച്ച കൈപിടിച്ചു വലിച്ച് എഴുന്നേൽപ്പിക്കരുത്. കൈക്കുഴ തെറ്റാം. പകരം, രോഗിയെ ചെരിച്ചു കിടത്തി കാലുകൾ രണ്ടും കട്ടിലിൽ നിന്നും പുറത്തേക്ക് തള്ളി മുതുകിൽ താങ്ങി ഇരുത്താം.

രോഗിയെ നടത്തുമ്പോൾ

തളർച്ച ബാധിച്ച ഭാഗത്തു നിന്നും താങ്ങുന്നതിനെക്കാൾ നല്ലതു മറുവശത്തുനിന്ന് അരക്കെട്ടു പിടിച്ചു സഹായിക്കുന്നതാണ്.

പടി കയറുമ്പോൾ

രോഗിയുടെ പിറകിലായി നടക്കുക. ഇടയ്ക്ക് കാലിന് താങ്ങു കൊടുക്കാം. ഇതുവഴി പടികയറുമ്പോൾ വേച്ചു പോകാതിരിക്കും.

പടി ഇറങ്ങുമ്പോൾ

രോഗി പടി ഇറങ്ങുമ്പോൾ സഹായിക്കുന്നയാൾ മുന്നിലായി നിൽക്കുക. പടി ഇറങ്ങുമ്പോൾ വീഴാതിരിക്കാനാണിത്.

ഡോ: റാഷിജ്. എം., വൈസ് പ്രിൻസിപ്പാൾ, ജെഡിറ്റി ഇസ്ലാം കോളജ് ഓഫ് ഫിസിയോതെറപ്പി, കോഴിക്കോട്.