ശിശുക്ഷേമം: നമ്മുടെ ലക്ഷ്യങ്ങൾ ഇനിയും അകലെ

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ശിശുക്ഷേമ ലക്ഷ്യങ്ങളിൽ കേരളത്തിനു ശ്രദ്ധയൂന്നാനുള്ളത് പ്രധാനമായും മൂന്നു വിഷയങ്ങളിലെന്ന് സ്ഥിതിവിവരക്കണക്കുകൾ. കുട്ടികളിലെ പോഷകാഹാരക്കുറവ്, ബാലവിവാഹം, സുരക്ഷിതമായ ശുദ്ധജലം എന്നീ കാര്യങ്ങളിലാണ് സംസ്ഥാനം യുഎൻ ലക്ഷ്യം കാണാനുള്ളത്. അടുത്ത വർഷം ജനുവരി ഒന്നു മുതൽ നടപ്പാക്കാനുള്ളതും 2030– ഓടെ ലക്ഷ്യം കാണാനുള്ളതുമായ ഇതര സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പലതും സംസ്ഥാനം ഇതിനോടകം തന്നെ നേടിയെടുത്തതായും കണക്കുകൾ വ്യക്തമാക്കുന്നു.

വേണം, തീവ്രയത്നം

അഞ്ചു വയസിനുതാഴെ പ്രായമുള്ള കുട്ടികളിൽ പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ളവരുടെ എണ്ണം പൂജ്യമാക്കി കുറയ്ക്കുകയാണ് ശിശുക്ഷേമ ലക്ഷ്യങ്ങളിലൊന്ന്. കേരളത്തിലെ 18.5 ശതമാനം കുട്ടികൾ ഈ വിഭാഗത്തിൽപ്പെടുന്നതായി 2013–2014 റാപ്പിഡ് സർവേ ഓൺ ചിൽഡ്രൻ (ആർഎസ്ഒസി) കണക്കുകൾ വ്യക്തമാക്കുന്നു. പതിനെട്ടു വയസിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചയയ്ക്കുന്ന സമ്പ്രദായം തുടച്ചുനീക്കുകയെന്ന ലക്ഷ്യവും സംസ്ഥാനത്തിനു നേടിയെടുക്കാനുണ്ട്. (ആർഎസ്ഒസി കണക്കിൽ കേരളത്തിലിത് നിലവിൽ 7.1 ശതമാനം) എല്ലാ വീടുകളിലും സുരക്ഷിതമായ ശുദ്ധജലം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലും കേരളം പിന്നിലാണ് (43.2 ശതമാനം; 2011 സെൻസസ്).

കേരള മോഡൽ

യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030നു മുൻപു കൈവരിച്ച് കേരളത്തിന് ഇന്ത്യയ്ക്കും ലോകത്തിനു തന്നെയും മാതൃകയാകാമെന്ന് യുനിസെഫ് കേരള, തമിഴ്നാട് മേധാവി ജോബ് സഖറിയ ചൂണ്ടിക്കാട്ടുന്നു. പ്രസവവുമായി ബന്ധപ്പെട്ട് അമ്മമാരുടെ മരണനിരക്ക്, നവജാതശിശു മരണനിരക്ക്, അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിലെ മരണനിരക്ക് തുടങ്ങിയവ കുറയ്ക്കുന്നതിൽ കേരളം മികച്ച നേട്ടം കൈവരിച്ചു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനമുൾപ്പെടെ പരിസ്ഥിതി ക്ഷേമ ലക്ഷ്യങ്ങളും ആത്യന്തികമായി കുട്ടികളെ സംബന്ധിച്ചതു തന്നെയായതിനാൽ സംസ്ഥാനം ഈ മേഖലകളിലും ഏറെ ശ്രദ്ധ പതിപ്പിക്കണമെന്നും നി‍ർദേശിക്കുന്നു.

സുസ്ഥിര വികസന ലക്ഷ്യ അജൻഡ (എസ്ഡിജെ)

ലോകരാഷ്ട്രങ്ങൾ അംഗീകരിച്ച യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയേടുക്കേണ്ടത് 2016 ജനുവരി ഒന്നു മുതൽ 2030–നകം.