ജങ്ക് ഫു‍ഡ് കഴിച്ചാൽ മങ്കി ബ്രെയിൻ!

Image Courtesy : The Week Smartlife Magazine

വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് ബേക്കറിയിൽ നിന്ന് എന്തെങ്കിലും ജങ്ക് ഫുഡ് വാങ്ങിനൽകി വിശപ്പടക്കുന്നത് പല മമ്മിമാരുടെയും ഡാഡിമാരുടെയും ഒരു ശീലമാണ്. അവയുടെ നിറവും മണവും രുചിയുമെല്ലാം കുട്ടികളെ വല്ലാതെ ആകർഷിക്കുന്നതു തന്നെയാണ് ഇതിനു കാരണം. എന്നാൽ മെൽബണിൽ നടന്ന പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്, ഇത്തരം ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതു മൂലം കുട്ടികളുടെ തലച്ചോറിലെ ചില ഭാഗങ്ങൾ കാലക്രമേണ നിർജീവമാകുന്നു എന്നാണ്.

ഓർമശക്തിക്കും ബുദ്ധിശക്തിക്കും സഹായിക്കുന്ന നാഡികൾക്കാണ് ജങ്ക് ഫുഡ് മൂലം നാശം സംഭവിക്കുന്നത്. വിവിധ ഭക്ഷണരീതികൾ പിന്തുടരുന്ന വിദ്യാർഥികളെയും മുതിർന്നവരെയും നിരീക്ഷിച്ചുകൊണ്ടായിരുന്നു വൈദ്യശാസ്ത്രജ്ഞന്മാർ ഗവേഷണം നടത്തിയത്. സ്ഥിരമായി ജങ്ക് ഫുഡ് ഉപയോഗിക്കുന്ന കുട്ടികളുടെ ചിന്താശേഷിയും ഭാവനാശക്തിയും ഓർമശക്തിയും ക്രമേണ കുറഞ്ഞുവരുന്നതായി നിരീക്ഷണത്തിൽ വ്യക്തമായി. സ്വാഭാവികവും പ്രകൃതിദത്തവുമായ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിശക്തിയുണ്ടെന്ന് തെളിഞ്ഞത്.

ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലാണ് ഇതു സംബന്ധിച്ച പഠനങ്ങൾ നടന്നത്. ഭാവിയിൽ ഡിമൻഷ്യ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും തെറ്റായ ഭക്ഷണരീതി നിങ്ങളെ ക്ഷണിച്ചുകൊണ്ടുപോയേക്കാം. തലച്ചോറിലെ ബുദ്ധിശക്തിയെയും ഓർമശക്തിയെയും സ്വാധീനിക്കുന്ന ഒരു പ്രത്യേക മേഖലയിലെ നാഡികളെയാണ് കൃത്രിമ ഭക്ഷണപദാർഥങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ നശിപ്പിക്കുന്നത്. എന്തായാലും ഇനി ജങ്ക് ഫുഡിനു വേണ്ടി ഓർഡർ ചെയ്യുമ്പോൾ ഇക്കാര്യം മറക്കണ്ട, നിങ്ങളുടെ കുട്ടികൾക്ക് മങ്കി ബ്രെയിൻ വിലകൊടുത്തു വാങ്ങരുത്.