ഒരു കപ്പ് ചായയിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു?

വൈകുന്നേരങ്ങൾ പൂർണമാവണമെങ്കിൽ ഒരു കപ്പ് ചൂട് ചായ ആവശ്യമാണ്. എന്നാൽ നമ്മളുപയോഗിക്കുന്ന ചായപ്പൊടിയിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന് അറിയാമോ? ധാരാളം ഇരുമ്പ് അവശിഷ്ടങ്ങൾ ചായപ്പൊടിയിലുണ്ടാകാം. ചായപ്പൊടിയുടെ നിർമ്മാണവേളയിലാണ് ഇവ കലരുന്നത്.

ഇരുമ്പ് യന്ത്രങ്ങളുപയോഗിച്ചാണ് തേയില ഇലകൾ കഷ്ണങ്ങളാക്കുന്നതും പൊടിക്കുന്നതുമെല്ലാം. പൊടിച്ചതിനുശേഷം വലിയ കാന്തമുപയോഗിച്ച് പൊടിയിൽനിന്ന് ഇരുമ്പ് അവശിഷ്ടങ്ങൾ വേർതിരിക്കുന്നു. എന്നാൽ ചില അവശിഷ്ടങ്ങൾ പൊടിയായി തേയിലപ്പൊടിയിലുണ്ടാകുമത്രെ.

കിലോഗ്രാമിൽ 150 മില്ലിഗ്രാമെന്നതാണ് ഇന്ത്യയിലെ‌ തേയിലപ്പൊടിയിൽ നിജപ്പെടുത്തിയിരിക്കുന്ന ഇരുമ്പ് അവശിഷ്‌ടങ്ങളുടെ അളവ്. ശ്രീലങ്കയിൽ ഇത് 200 മില്ലിഗ്രാമെന്നതുമാണ്. ഏതായാലും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഈ ഇരുമ്പിന്റെ സാന്നിധ്യം അത്ര ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതായി കരുതിയിട്ടുമില്ല.

ഏതായാലും നിലവിലെ യന്ത്രങ്ങൾകൊണ്‌് നിർമ്മിക്കുന്ന ചായപ്പൊടിയിൽനിന്നും 100 ശതമാനവും ഇരുമ്പ് ഘടകങ്ങൾ മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് തേയില വ്യാപാരികൾ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ കണക്കനുസരിച്ച് ദൈനംദിനം ശരീരത്തിലെത്താൻ അനുവദനീയമായ ഇരുമ്പിന്റെ അളവ് പുരുഷന് 17 മില്ലിഗ്രാമും സ്ത്രീക്ക് 21 മില്ലിഗ്രാമുമാണ്. അധികമായി ഇവ ശരീരത്തിലെത്തിയാൽ വയറുവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.